വൃക്കയുടെ തകരാറു പരിഹരിക്കാൻ ഗ്രീൻടീ

ശരീരഭാരം കുറയ്ക്കുന്നതിനു ഗ്രീൻടീ ഉത്തമമാണെന്ന കാര്യം പരക്കെ അംഗീകാരം നേടിയതാണ്. കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ മൂലം വൃക്കയ്ക്കുണ്ടാകുന്ന തകരാറു പരിഹരിക്കാനും ഗ്രീൻടീ ഉത്തമമാണെന്നു കണ്ടെത്തിയിരുക്കുകയാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഒരുസംഘം ഗവേഷകർ.

കീമോതെറാപ്പിയിലുപയോഗിക്കുന്ന സിസ്പ്ലാറ്റിനാണ് വൃക്കയ്ക്കു തകരാർ ഉണ്ടാക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഗ്രീൻടീയിലടങ്ങിയിയിരിക്കുന്ന പോളിഫിനോളിക് കോംപൗണ്ട് ആയ ഇസിജിക്കു സാധിക്കും. സിസ്പ്ലാറ്റിന്റെ പാർശ്വഫലമായാണ് വൃക്കയിൽ വിഷബാധയും മറ്റ് അനുബന്ധരോഗങ്ങളും ഉണ്ടാകുന്നത്.

എയിംസിലെ ഫ്രൊഫസർ ജാഗൃതി ഭാട്യയുടെ നേതൃത്വത്തിൽ നടന്ന ഈ ഗവേഷണത്തിന്റെ വിവരങ്ങൾ ലബോറട്ടറി ഇൻവസ്റ്റിഗേഷൻസ് എന്ന ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിസ്പ്ലാറ്റിന്റെ ആദ്യ ഉപയോഗത്തിൽ 30 ശതമാനം കാൻസർ രോഗികൾക്കും വൃക്കയിൽ വിഷബാധ കണ്ടെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഇതുവരെ മരുന്നുകൾ കണ്ടെത്തിയിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഈ കണ്ടെത്തൽ കാൻസർ ചികിത്സാരംഗത്ത് പുതിയ സാധ്യത തുറക്കുന്നതായും ഡോ. ഭാട്യ പറഞ്ഞു.