Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യം നഷ്‌ടപ്പെടുത്തുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികൾ

Health-Insurance

മെഡിക്കൽ പോളിസി എടുത്തിട്ടുള്ളതു കാരണം, അസുഖം വന്നാൽ ചികിത്സയ്‌ക്ക് പണം നൽകേണ്ടല്ലോ എന്ന വിശ്വാസത്തിലാണ് പോളിസി ഉടമകൾ. പോളിസി പൊതുമേഖലാ കമ്പനിയിൽനിന്നാണെങ്കിൽ ഒരുപടി ഉയർന്ന വിശ്വാസം തോന്നുന്നതും സ്വാഭാവികം. പൊതുമേഖലാ കമ്പനിയിൽനിന്ന് മെഡിക്കൽ പോളിസി എടുക്കുകയും അസുഖം വന്നപ്പോൾ ക്ലെയിം നൽകി ചുറ്റിപ്പോകുകയും ചെയ്‌തവരുടെ നീളുന്ന പട്ടികയിൽ ചിലരാണ് മാട്ടുപ്പെട്ടിയിലെ സാധാരണ തൊഴിലാളി മഹേന്ദ്രനും വയലിക്കടയിലെ ഡോക്‌ടറുടെ ഭാര്യ ആനിയമ്മയും കുരിശുംമൂട്ടിലെ വിധവയായ വയോധിക മോളിയുമൊക്കെ. ജനകീയ ഡോക്‌ടറെന്ന് പേരെടുത്ത ഡോക്‌ടറുടെ കാര്യത്തിൽ, ഇൻഷുറൻസ് കമ്പനി കൊടുത്ത കേസ് നടത്താൻ വക്കീലിനെ കണ്ടെത്താനും മറ്റും സമയം നഷ്‌ടപ്പെടുന്നതിനാൽ ചികിത്സ തേടി വരുന്ന മറ്റു രോഗികളുടെ ആരോഗ്യം കൂടി അവതാളത്തിൽ ആയിരിക്കുന്നു.

മെഡിക്കൽ പോളിസികൾ എടുക്കാനും പുതുക്കാനും ഉദ്ദേശിക്കുന്നവർ നേരത്തെ ക്‌ളെയിം സമർപ്പിച്ചിട്ടുള്ളവരുടെ അനുഭവങ്ങൾ കൂടി മനസ്സിലാക്കിയശേഷം പണം മുടക്കുന്നത് നന്നായിരിക്കും.

അനുഭവ പാഠങ്ങൾ

പത്തു വർഷമായി മുടങ്ങാതെ ഏകദേശം 72,000 രൂപ ഇൻഷുറൻസ് കമ്പനിക്ക് പ്രിമീയമായി നൽകിയ വയോധിക ഇതുവരെ ക്ലെയിം ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ ക്യുമിലേറ്റിവ് ബോണസും ഉൾപ്പെടെ 3.25 ലക്ഷത്തോളം ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന അവസരത്തിലാണ് അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ കിടക്കേണ്ടി വന്നതും ക്ലെയിം സമർപ്പിച്ചതും. 46,000 രൂപയുടെ ചികിത്സച്ചെലവുകളുടെ സ്ഥാനത്ത്, മുറി വാടക അനുവദനീയമായ പരിധിയിൽ കൂടിപ്പോയി എന്ന മുട്ടുന്യായം പറഞ്ഞ് അർഹമായവയും പരിധിക്കുള്ളിൽ വരുന്നവയുമായ മറ്റ് ചെലവുകൾ കൂടി വെട്ടിനിരത്തി 17,000 രൂപയാണ് അനുവദിച്ചത്. ക്‌ളെയിം അനുവദിക്കുന്നതിനും മറ്റുമായി മധ്യവർത്തികളായി പ്രവർത്തിച്ച ടിപിഎയോട് അന്വേഷിച്ചപ്പോൾ കമ്പനി നിയമം അതാണെന്നും അവർ നിസ്സഹായരാണെന്നും കൈ മലർത്തി. പരാതി നൽകി അതിനു പുറകെ പോകാൻ ആളും ആരോഗ്യവും ഇല്ലാത്തതിനാൽ വയോധിക എന്തെങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിച്ചു.

ഡോക്‌ടറുടെ ഭാര്യ വീട്ടിൽ തെന്നിവീണ് കാൽ ഒടിഞ്ഞപ്പോൾ മുന്തിയ സൂപ്പർ സ്‌പെഷൽറ്റി ഹോസ്‌പിറ്റലുകളിൽ പോകാതെ സാധാരണ സ്വകാര്യ ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. 2002 മുതൽ ഡോക്‌ടറുടെ പേരിൽ എടുത്തിട്ടുള്ളതും കൃത്യമായി പുതുക്കി ക്കൊണ്ടിരിക്കുന്നതുമായ മെഡിക്കൽ പോളിസിയിൽ പേരു ചേർത്തിട്ടുള്ള ഭാര്യയുടെ ചികിത്‌സച്ചെലവിനായി ക്ലെയിം നൽകിയപ്പോൾ അനുവദനീയമായ ചെലവിനങ്ങളിൽക്കൂടി വെട്ടിനിരത്തൽ നിയമം പ്രയോഗിച്ച് കുറവു വരുത്തി. ക്ലെയിം തുക അനുവദിക്കാത്തതിനാൽ കമ്പനിക്കു പരാതി നൽകിയപ്പോൾ അതുവരെ നൽകിയിട്ടില്ലാത്തതും കുഞ്ഞക്ഷരങ്ങളിൽ 23 പേജിൽ സാങ്കേതിക പദങ്ങൾ കുത്തിനിറച്ച് തയാറാക്കിയതുമായ പോളിസി നിബന്ധനകൾ തപാലിൽ അയച്ചു കൊടുത്തു. പോളിസിയുടമ ഓംബുഡ്‌സ്‌മാനെ സമീപിച്ചു. ഓംബുഡ്‌സ്‌മാൻ നൽകിയ പ്രശ്‌ന പരിഹാരത്തിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ.

മലമ്പ്രദേശത്ത് തൊഴിലാളിയായ മഹേന്ദ്രനാകട്ടെ ആശുപത്രിക്കാർ നൽകിയ ചികിത്സ ചുരുക്കം ടിപിഎയ്‌ക്ക് ലഭിച്ചിട്ടില്ല എന്ന കാരണത്താൽ ഇനിയും ആനുകൂല്യം അനുവദിച്ച് കിട്ടാത്തതിന്റെ അങ്കലാപ്പിലാണ്. ആശുപത്രിയിൽനിന്ന് വീണ്ടും വാങ്ങി നൽകിയ ചികിത്സാരേഖ ഡ്യൂപ്ലിക്കറ്റ് കോപ്പി ആയിപ്പോയി എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനിയുടെ ഡിവിഷണൽ മാനേജർ ക്ലെയിം പിടിച്ച് വച്ചിരിക്കുന്ന അവസ്ഥയാണിപ്പോൾ. ആദ്യത്തെ രണ്ടു പോളിസികളും നൽകിയിരിക്കുന്നത് ഒരേ പൊതുമേഖലാ കമ്പനി തന്നെയാണ്.

കപട വിപണനം


പ്രിമീയം വാങ്ങുന്ന അവസരത്തിൽ പോളിസികളിൽ കരിനിയമങ്ങൾ ഒളിപ്പിച്ചുവയ്‌ക്കുകയും അവ മനസ്സിലാക്കാൻ അവസരം കൊടുക്കാതെ പുതിയ പോളിസികൾ നൽകിയും നിലവിലുള്ളവ പുതുക്കിനൽകിയും ഇൻഷുറൻസ് കമ്പനികൾ കപട വിപണനം നടത്തുന്നതിന്റെ ഇരകൾ വർധിച്ചു വരുന്നു. പോളിസി ഉടമയെ ബാധിക്കുന്ന പ്രധാനപ്പെട്ട വകുപ്പുകളും നിബന്ധനകളും സാധാരണക്കാർക്കുകൂടി മനസ്സിലാകുന്ന രീതിയിൽ ലഘുലേഖകളായി തയാറാക്കി പോളിസികളോടൊപ്പം നിർബന്ധമായും നൽകിയിരിക്കണമെന്ന ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെലവപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സുപ്രധാന നിർദ്ദേശം പാലിക്കാൻ ഇൻഷുറൻസ് കമ്പനി വരുത്തിവച്ച വീഴ്‌ചയാണ് പോളിസി ഉടമകൾക്ക് ധനനഷ്‌ടവും മാനഹാനിയും വരുത്തിവയ്‌ക്കുന്നത്. ഇംഗ്‌ളീഷ് അറിയാവുന്നവർക്കുപോലും വായിച്ചെടുക്കാനും മനസ്സിലാക്കാനും കടുകട്ടിയാണ് കമ്പനി നൽകുന്ന നിബന്ധനകൾ.

ഇൻഷുറൻസ് കമ്പനിയുടെ മുറുമുറുപ്പ്

ഇവിടെ പരാമർശിക്കപ്പെട്ട ഡോക്‌ടർ ഓംബുഡ്‌സ്‌മാന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പോളിസി നൽകുന്നതിനുമുൻപ് പോളിസി നിബന്ധനകൾ ഉടമയെ അറിയിക്കുന്നതിൽ കമ്പനിക്കുണ്ടായ വീഴ്‌ച ബോധ്യപ്പെടുകയും വെട്ടിനിരത്തിയ മറ്റ് അർഹമായ തുകകൾ നൽകുന്നതിനും വിധി പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് ഇൻഷുറൻസ് സംബന്ധമായി ഉണ്ടാകുന്ന പരാതികൾക്കു നടപടിക്രമങ്ങളുടെ നൂലാമാലകളും പണച്ചെലവും ഇല്ലാതെ വേഗത്തിൽ പരിഹാരം നൽകാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഓംബുഡ്‌സ്‌മാന്റെ പ്രവർത്തനം ഇൻഷുറൻസ് കമ്പനികൾക്ക് കരിനിയമങ്ങളും കപട വിപണനവും നടത്തുന്നതിന് തടസ്സമാകുന്നതു സ്വാഭാവികം.

ഡോക്‌ടറെയും ഓംബുഡ്‌സ്‌മാനെയും പ്രതിചേർത്ത് ഹൈക്കോടതിയിൽ റിട്ട് നൽകിയിരിക്കുന്നത് കേന്ദ്ര പൊതുമേഖലാ കമ്പനിയാണെന്നതു ശ്രദ്ധേയം. മറ്റൊരു കേസിൽ ഇതേ കമ്പനി ഓംബുഡ്‌സ്‌മാന്റെ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയി തോറ്റുപോയിട്ടും വിടാതെ വീണ്ടും നിയമ നടപടികളുമായി മുന്നോട്ട് പോകുകയുമാണ്. ഡോക്‌ടറുടെ കേസിൽ, ഓംബുഡ്‌സ്‌മാൻ അനുവദിച്ച തുക മുൻകൂറായി കോടതിയിൽ കെട്ടിവയ്‌ക്കാൻ ആവശ്യപ്പെട്ടശേഷം മാത്രമേ അന്യായം അനുവദിച്ചുള്ളൂ എന്നത് ആശ്വാസകരം തന്നെ.

ക്ലെയിം സമർപ്പിക്കുമ്പോൾ


പൊതുജനങ്ങളെ മാനസികമായി തളർത്തുകയും മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്യുന്ന കമ്പനികളെ തിരിച്ചറിഞ്ഞാൽ പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ജനസൗഹാർദ്ദ സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കാനായി കേസ് നടത്തുന്നതിനും അനാവശ്യ നിയമച്ചെലവുകൾ വരുത്തുന്നതിനും ജനങ്ങൾ നൽകുന്ന പ്രിമീയം തുകയാണ് അവർ ദുരുപയോഗം ചെയ്യുന്നതെന്ന് സർക്കാർ മനസ്സിലാക്കേണ്ടതുമാണ്.

Your Rating: