രക്താതിസമ്മര്‍ദം, ശ്രദ്ധിക്കാം ഈ പിഴവുകള്‍

പാരമ്പര്യവും ജീവിതശൈലിയുമെല്ലാം രക്താതിസമ്മര്‍ദം കൂട്ടാന്‍ കാരണമാകുന്നുണ്ട്. നമ്മളാല്‍ കഴിയുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍തന്നെ ഈ അവസ്ഥ നിയന്ത്രിക്കാനാകും. 

1. തെറ്റായ വ്യായാമരീതികള്‍

ജിം എന്നു പറഞ്ഞാല്‍ പലര്‍ക്കും പെട്ടന്ന് മസില്‍ കൂട്ടാനുള്ള സ്ഥലമാണ്. കുറഞ്ഞ സമയം കൊണ്ട് ശാസ്ത്രീയമല്ലാത്ത രീതിയില്‍ അമിത വ്യായാമം ചെയ്യുന്നത് രക്താതിസമ്മര്‍ദത്തിന് ഇടയാക്കും. ഒപ്പം, മസില്‍ വയ്ക്കാനായി  അകത്താക്കുന്ന പ്രോട്ടീന്‍ പൗഡര്‍ ശരീരത്തിന് ആയാസമുണ്ടാക്കുകയും അഡ്രിനാലിന്റെ അളവ് കൂട്ടുകയും ചെയ്യും, ഇതും രക്താതിസമ്മര്‍ദം കൂട്ടും. നല്ലൊരു ജിം പരിശീലകന്‍റെ കീഴില്‍ മാത്രം വ്യായാമം ചെയ്യുക. 

2. പകലുറക്കം

പകലുറക്കം രക്തസമ്മര്‍ദം കൂട്ടന്‍ ഇടയാക്കുമെന്നാണ് ഒരു പഠനത്തിന്‍റെ കണ്ടെത്തല്‍. ഉച്ചയ്ക്ക് നാല്‍പതു മിനിറ്റില്‍ ഏറെ ഉറങ്ങുന്നത് രക്താതിസമ്മര്‍ദസാധ്യത 19  ശതമാനത്തോളം കൂട്ടുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 

3 .ചൈനീസ്‌ ഭക്ഷണവും സോസുകളും ഒഴിവാക്കുക

ഉപ്പ് അധികമായാൽ അതിലെ സോഡിയം രക്തസമ്മര്‍ദത്തിനു നല്ലതല്ല എന്നു നമുക്കറിയാം. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ പലരും അത് ശ്രദ്ധിക്കുന്നുമുണ്ടാവും. എന്നാല്‍ പുറത്തു പോയാല്‍ ചൈനീസ് ഭക്ഷണമാണ് പലരും ഓര്‍ഡര്‍ ചെയ്യുന്നത്. ചില്ലി ചിക്കനും ഗോബി മന്‍ചൂരിയനും ഒക്കെ അത്രമേല്‍ പ്രിയപ്പെട്ടതാണ് നമുക്ക്. ഇവയില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിരിക്കുന്നതാണ് രക്തസമ്മര്‍ദത്തിനു വിനയാകുന്നത്. ഉപ്പില്‍നിന്നു മാത്രമല്ല സോയ സോസ് ഉള്‍പ്പെടെയുള്ള സോസുകളിലും കൂടിയ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. അതുപോലെ പഫ്സും കട്‌ലെറ്റും ഒക്കെ കഴിക്കാന്‍ കൂടെ തക്കാളിസോസ് ഉപയോഗിക്കുന്ന ശീലവും ഒഴിവാക്കുക

4. പഞ്ചസാരയും വില്ലന്‍ തന്നെ

ഉപ്പിന്‍റെ കാര്യം സമ്മതിക്കാം, എന്നാല്‍ പഞ്ചസാരയും രക്തസമ്മര്‍ദവും തമ്മില്‍ എന്തു ബന്ധം എന്ന് അമ്പരക്കാന്‍ വരട്ടെ. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രക്താതിസമ്മര്‍ദത്തിനു കാരണമാകുമെന്നു പല പഠനവും പറയുന്നു. ഒന്നര ലീറ്റര്‍ സോഫ്റ്റ്‌ ഡ്രിങ്കില്‍ അടങ്ങിയിരിക്കുന്നത് എഴുപത്തിനാല് ഗ്രാം ഫ്രക്റ്റോസ് ആണ് . ഇത്  ഉള്ളില്‍ ചെല്ലുന്നത് രക്തസമ്മര്‍ദം കൂട്ടാനുള്ള സാധ്യത  87 ശതമാനമാക്കുന്നുവെന്ന് അമേരിക്കന്‍ ഗവേഷകസംഘം ഈയിടെ കണ്ടെത്തുകയുണ്ടായി. അതുകൊണ്ട് പഞ്ചസാരയുടെ ഉപയോഗത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും.