ബിഷപ്പ് ജേക്കബും സൂരജും സുഖം പ്രാപിക്കുന്നു

ബിഷപ്പ് ജേക്കബ് മുരിക്കനെ വിപിഎസ് ലേക്ക്ഷോർ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ സന്ദർശിച്ച് അഭിനന്ദനം അറിയിക്കുന്നു

അവയവ ദാനത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബും വൃക്ക സ്വീകരിച്ച സൂരജും വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ബുധനാഴ്ചയായിരുന്നു അവയവമാറ്റ ശസ്ത്രക്രിയ. ബിഷപ്പ് ഉച്ചയ്ക്ക് കഞ്ഞി കുടിച്ചു. ബൈബിൾ വായിക്കുകയും കൊന്തചൊല്ലുകയും ചെയ്തു.
ഇന്നലെ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ, വിപിഎസ് ലേക്ക്ഷോർ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ എന്നിവർ ആശുപത്രിയിലെത്തി ബിഷപ്പ് ജേക്കബ് മുരിക്കനെ അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ ഫോണിലൂടെ ബിഷപ്പ് മുരിക്കനെ അഭിനന്ദനവും പ്രാർത്ഥനയും അറിയിച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ജീവനക്കാരനായ സൂരജ് എന്ന 31 വയസുകാരൻ കഴിഞ്ഞ ഒരു വർഷമായി വൃക്ക ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു. ജന്മനാ ഒരു വൃക്ക മാത്രമുള്ള സൂരജ് കഴിഞ്ഞ വർഷം മൂത്രത്തിൽ അണുബാധ വന്നതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു വൃക്കമാത്രമേ ഉള്ളൂവെന്നറിഞ്ഞതും വൃക്കയുടെ തകരാർ കണ്ടെത്തിയതും. തുടർന്ന് കിഡ്നി ഫെഡറേഷനുമായി ബന്ധപ്പെട്ട് കാത്തിരിക്കുകയായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സൂരജിനു തന്റെ വൃക്ക അനുയോജ്യമാകുമെന്ന് പരിശോധനകളിൽ തെളിഞ്ഞതോടെ ഒട്ടും വൈകാതെ തന്നെ അവയവമാറ്റം നടത്താൻ തീരുമാനിക്കുകയായിരുന്നു ഈ വൈദികൻ.

വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് ഐസിയുവിൽ കഴിയുന്ന ബിഷപ്പ് ജേക്കബിന്റെയും സൂരജിന്റെയും ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോ. എബി ഏബ്രഹാം അറിയിച്ചു.