മുട്ട് തേയ്മാനം

പൊതുവെ പ്രായം കൂടുന്നതിന് അനുസരിച്ചു തന്നെയാണു തേയ്മാനം സംഭവിക്കുന്നത്. അതു പലതരത്തിലുള്ള വിഷമതകൾക്കും കാരണമാകും. രണ്ട് എല്ലുകൾക്കിടയിൽ റബർ പോലുള്ള കാർ‌ട്‌ലേജ് (Cartilage) കുഷ്യനുണ്ട്. യഥാർഥത്തിൽ ഇതിനാണു തേയ്മാനം സംഭവിക്കുന്നതും ദ്രവിച്ചു പോകുന്നതും. അങ്ങനെയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നത്. ഇത് ഏത് സന്ധിയിലും വരാം. കാർ‌ട്‌ലേജ് കുഷ്യനു തേയ്മാനം ഉണ്ടാകുമ്പോൾ എല്ലുകൾ തമ്മിൽ ഉരയാൻ തുടങ്ങും. അപ്പോഴാണു മുട്ട് തേയ്മാനം എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നത്. മുട്ട് തേയ്മാനം ഉണ്ടാകുന്നതോടെ വേദന, നീരിറക്കം, കാലിനു വീക്കം എന്നിവയും വരും. ഇതിനു പുറമെ എല്ലു വളരാനും തുടങ്ങും. ഇതെല്ലാം കാരണമാണു മുട്ടിനു കഠിനമായ വേദന അനുഭവപ്പെടുന്നത്.

തേയ്മാനത്തിനുള്ള പ്രധാന കാരണങ്ങൾ

പ്രായാധിക്യം.

മുൻപ് ഏതെങ്കിലും തരത്തിലുള്ള ഒടിവോ ചതവോ സംഭവിച്ചത്.

മറ്റു വാതസംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ.

അമിതവണ്ണമുള്ളവർക്കും ജോലി സംബന്ധമായി സ്ഥിരം മുട്ടുമടങ്ങി ഇരിക്കുന്നവർക്കും മുട്ട് തേയ്മാനം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനു പുറമെ കായികതാരങ്ങൾക്ക്, പ്രത്യേകിച്ചും ഫുട്ബോൾ താരങ്ങൾക്കു മുട്ട് തേയ്മാനം സംഭവിക്കാം. നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കടുത്ത വേദന ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. മുട്ട് തേയ്മാനം ശ്രദ്ധിച്ചില്ലെങ്കിൽ സന്ധി വളഞ്ഞുപോകുന്ന (Deformity) അവസ്ഥയിലേക്ക് എത്തും.

രോഗം കണ്ടെത്തൽ

ലക്ഷണങ്ങൾ വച്ചും രോഗിയുടെ ജീവിത സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞുമാണ് ഡോക്ടർ രോഗനിർണയത്തിലേക്കു കടക്കുന്നത്. മുട്ടിൽക്കാണുന്ന മാറ്റങ്ങളും പഠനവിധേയമാകും. രോഗിയെ നിർത്തി കാൽമുട്ടിന്റെ എക്സ് റേ എടുത്ത് പരിശോധിക്കും. അതിനു ശേഷം രക്തപരിശോധനയും നടത്തും. ഇതു മറ്റു വാതസംബന്ധമായ അസുഖങ്ങൾ ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്. ഇതിനു ശേഷമാണ് ചികിൽസയിലേക്കു കടക്കുന്നത്.

വിശ്രമം വേണം, വ്യായാമവും

മുട്ട് വേദന വന്നാൽ വിശ്രമം നിർബന്ധമാണ്. വേദന കൂടുതലുള്ള സമയത്ത് ഒന്നോ രണ്ടോ ദിവസം വിശ്രമിക്കണം. അതിൽക്കൂടുതൽ വിശ്രമിക്കുന്നതു മസിലിനു ദോഷം ചെയ്യും. മുട്ട് തേയ്മാനം വന്നാൽ ഹീറ്റ് / ഐസ് പാക്ക് തെറപ്പി ചെയ്യുന്നതു നല്ലതാണ്. വേദനയും നീരും കുറയാൻ തുണി മുക്കി ചൂടുപിടിക്കുന്നതു നന്നാവും. ഇതു 20 മിനിറ്റു വരെ ചെയ്യാം. ദിവസം ഒന്നോ രണ്ടോ തവണ ചെയ്താൽ നല്ലത്.

അമിതഭാരം കുറയ്ക്കലാണു ചികിൽസയുമായി ബന്ധപ്പെട്ടുള്ള പ്രധാന കാര്യം. ഭാരം എത്രത്തോളം കുറയ്ക്കുന്നുവോ അത്രയും വേദനയും നീരും കുറയും. ഇതിനു പുറമെ മുട്ടിന്റെ ചുറ്റുമുള്ള മസിലിന്റെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങളും പ്രധാനമാണ്. വ്യായാമം തുടങ്ങുന്ന ഘട്ടത്തിൽ അൽപം പ്രയാസം തോന്നുമെങ്കിലും പിന്നീട് അതു ശരിയാകുകയും മെച്ചപ്പെട്ട ഫലം ലഭിക്കുകയും ചെയ്യും. രോഗാവസ്ഥയുടെ തുടക്കമാണെങ്കിൽ വ്യായാമം മാത്രം മതിയാകും. മരുന്നുകളുടെ ആവശ്യമില്ല. മുട്ടിൽ വരുന്ന ഭാരം കുറയ്ക്കാൻ ഊന്നുവടി (Walking stick), പ്രത്യേകം രൂപകൽപന ചെയ്ത ഷൂ എന്നിവ ഉപയോഗിക്കാവുന്നതാണ്.

മരുന്ന്, കുത്തിവയ്പ്

വേദന കുറയ്ക്കാനുള്ള മരുന്നുകളാണ് ആദ്യഘട്ടത്തിൽ നൽകുക. അത് ഏറ്റവും ചുരുങ്ങിയ അളവിൽ ചെറിയ കാലത്തേക്കു മാത്രമാണ് നിർദേശിക്കുക. അവയുടെ ഫലം നോക്കിയശേഷം ആവശ്യാനുസരണം മാത്രമേ മരുന്ന് കൂട്ടുകയോ മറ്റു ചികിൽസകളിലേക്കു കടക്കുകയോ ചെയ്യൂ. നീരു കുറയാനുള്ള മരുന്നും ചിലർക്കു നൽ‌കാറുണ്ട്. മറ്റു ചിലരിൽ വേദനസംഹാരികൾ കഴിച്ചു വ്യായാമം ചെയ്തു മാറ്റം ഉണ്ടാക്കുന്നു. ഇത് ഓരോ രോഗിയുടെയും അവസ്ഥയ്ക്ക് അനുസരിച്ചു വ്യത്യസ്തമായിരിക്കും. കാർട്‌ലേജിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഗ്ലൂക്കോസമേൻ പോലുള്ള ന്യൂട്രീഷൻ സപ്ലിമെന്റുകൾ ഉപയോഗിക്കാറുണ്ടു ചിലരിൽ. മരുന്ന്, വ്യായാമം എന്നിവ കൊണ്ടു ഗുണം ലഭിക്കാത്ത രോഗികൾക്ക് അടുത്ത ഘട്ടമായി ജോയിന്റിൽ സ്റ്റിറോയ്ഡ് കുത്തിവയ്പ് നൽകും. അതോടെ രണ്ടോ മൂന്നോ മാസത്തേക്കു വേദനയുണ്ടാകില്ല. ആ സമയം വ്യായാമം ചെയ്തു മെച്ചപ്പെട്ട ഗുണം ഉണ്ടാക്കാം.

പ്രോലോതെറപ്പി

മുട്ടിന്റെ തേയ്മാനം വന്ന കാർട്‌ലേജിന്റെയും ദ്രവിച്ചുപോയ ലിഗ്‌മെന്റുകളുടെയും ശക്തി തിരിച്ചുകൊണ്ടുവരാനുള്ള നൂതന തെറപ്പിയാണിത്. ഇതിനു വേണ്ടി പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മയാണ് ഉപയോഗിക്കുന്നത്. മുട്ടിലേക്കു വരുന്ന, വേദന ഉണ്ടാക്കുന്ന ഞരമ്പുകൾ കരിച്ചുകളയുന്ന റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ പോലുള്ള നൂതന മാർഗങ്ങളും നിലവിലുണ്ട്.

ശസ്ത്രക്രിയ

മേൽപ്പറഞ്ഞ ചികിൽസ കൊണ്ടൊന്നും ഫലമില്ലെങ്കിൽ മാത്രമാണു ശസ്ത്രക്രിയയിലേക്കു കടക്കുന്നത്. താക്കോൽദ്വാര ശസ്ത്രക്രിയയാണു ചെയ്യുന്നത്. ഇതിലൂടെ മുട്ടിന്റെ ഉള്ളിൽ തേയ്മാനം സംഭവിച്ച ഭാഗം ക്ലിയർ ചെയ്യും. ഇതിനു പുറമെ മുട്ടിന്റെ അലൈൻമെന്റ് ശരിയാക്കുന്ന ശസ്ത്രക്രിയയും ഉണ്ട്. ഇതൊന്നും ഫലിച്ചില്ലെങ്കിൽ അവസാനഘട്ടമായി മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയേ മാർഗമുള്ളൂ.