Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദം തടയാൻ തിപ്പലി

long-pepper

ആയുർവേദത്തിൽ ഔഷധമായും ഭക്ഷണത്തിന് രുചിയും എരിവും കൂട്ടാനും ഉപയോഗിക്കുന്ന സസ്യമായ തിപ്പലി അർബുദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയാകാൻ പോകുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവന്നിരുന്ന ഒരു ചെടിയായിരുന്നു തിപ്പലി.

അർബുദമുഴകളിൽ കാണുന്ന ഒരു എൻസൈമിന്റെ ഉൽപ്പാദനത്തെ തടയാൻ തിപ്പലിക്കു കഴിയുമെന്ന് ബയോളജിക്കൽ കെമിസ്ട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

അർബുദത്തെ പ്രതിരോധിക്കാൻ തിപ്പലിക്കുള്ള കഴിവ് ഒരു രാസപ്രക്രിയയിലൂടെയാണ് ഗവേഷകർ കണ്ടെത്തിയത്. തിപ്പലിയിൽ അടങ്ങിയ പിപ്പർലോംഗ്യുമിൻ (PL) എന്ന രാസവസ്തുവിലാണ് രഹസ്യം ഒളിഞ്ഞിരിക്കുന്നത്. നിരവധി അർബുദങ്ങളെ അതായത് പ്രോസ്റ്റേറ്റ്, ശ്വാസകോശം, കുടൽ എന്നിവിടങ്ങളിലെ അർബുദം, ലിംഫേമ, ലുക്കീമിയ, ഗാസ്ട്രിക് കാൻസർ, തലച്ചോറിലെ ട്യൂമർ ഇതിനെയെല്ലാം തടയാൻ തിപ്പലിയിലടങ്ങിയ ഈ രാസവസ്തുവിനു കഴിയും.

പിപ്പർലോംഗ്യുമിൻ ശരീരത്തിലെത്തുമ്പോൾ എന്തു മാറ്റമാണ് വരുന്നതെന്നറിയാൻ എക്സ്റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ച് തൻമാത്രാഘടന ഉണ്ടാക്കാൻ ഗവേഷകർക്കു കഴിഞ്ഞു. GSTP എന്ന ജീനിനെ നിശബ്ദമാക്കുന്ന HPL ആയി പിപ്പർലോംഗ്യുമിൻ പരിവർത്തനം ചെയ്യപ്പെടുന്നു.

ട്യൂമറുകളിൽ സാധാരണയായി ധാരാളം കാണപ്പെടുന്ന ഡീടോക്സിഫിക്കേഷൻ എൻസൈമിനെ ഉൽപ്പാദിപ്പിക്കുന്നത് GSTP എന്ന ജീൻ ആണെന്നു പഠനം പറയുന്നു.

ഈ മരുന്നിന്റെ ഘടന അർബുദചികിത്സയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും എക്സ്റേ ക്രിസ്റ്റലോഗ്രഫിയുടെ ശക്തി പ്രകടമാക്കുന്ന ഒരു പഠനമാണിതെന്നും ഗവേഷകനായ ഡോ. കെന്നത്ത് വെസ്റ്റോവർ പറയുന്നു.

തെക്കേഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഒരു സസ്യമാണ് തിപ്പലി. ഇന്ത്യയിൽ ആയിരക്കണക്കിനു വർഷമായി ആയുർവേദചികിത്സയിൽ തിപ്പലി ഉപയോഗിക്കുന്നുണ്ട്.

ആധുനികശാസ്ത്രം ഉപയോഗിച്ച് മൂവായിരത്തോളം വർഷം പഴക്കമുള്ള വൈദ്യശാസ്ത്രശാഖയെലകൂടുതൽ അറിയാൻ സാധിച്ചുവെന്നതും പ്രധാനമാണെന്ന് സൗത്ത്‌വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ ഗവേഷകർ പറയുന്നു.