ഒ രക്തഗ്രൂപ്പുകാർ സൂക്ഷിക്കുക!

ഒ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവരുടെ ശ്രദ്ധയ്ക്ക്, കോളറ നിങ്ങളെ പിടികൂടുവാനുള്ള സാധ്യത കൂടുതലാണെന്നു ഗവേഷകർ പറയുന്നു. കോളറയ്ക്കു കാരണമാകുന്ന വിഷവസ്തുവിലെ ഒരു പ്രധാന തന്മാത്ര ഒ ഗ്രൂപ്പ് രക്തക്കാരിൽ കൂടുതലായി കാണപ്പെടുന്നത്രേ. ഇതാകട്ടെ, മറ്റു രക്തഗ്രൂപ്പുകാരിൽ രോഗം ഉണ്ടാക്കുന്നതിനെക്കാൾ വേഗം ഒ ഗ്രൂപ്പ് രക്തക്കാരിൽ രോഗമുണ്ടാക്കുന്നു.

ഈ തന്മാത്ര ഹൈപ്പർ ആക്ടീവായി ഒ രക്തഗ്രൂപ്പുകാരിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായി അതിസാരം പിടിപെടാനുള്ള സാധ്യതയുമുണ്ട്. കോളറയോടൊപ്പം അതിസാരവും കൂടിയാകുമ്പോൾ നിർജലീകരണം ഉണ്ടാകാനും മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

ഓരോ രക്തഗ്രൂപ്പുകാരെയും കോളറ ഏതുതരത്തിൽ ബാധിക്കുമെന്നും ഇത് എങ്ങനെ അതിസാരത്തിലേക്കു നയിക്കുമെന്നുമായിരുന്നു പഠനം നടത്തിയതെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ സെന്റ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രഫസർ ജെയിംസ് ഫ്ലെക്കൻസ്റ്റീൻ പറഞ്ഞു.

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറ പരത്തുന്നത്. ചെറുകുടലിലെ കോശങ്ങളെയാണ് ഇതു ബാധിക്കുക. മറ്റു രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തമുള്ളവർക്ക് കോളറ കൂടുതലായി ബാധിക്കുന്നതായി ഗവേഷകർ നാലു ദശാബ്ദം മുമ്പു തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ കാരണം കണ്ടെത്തിയിരുന്നില്ല.

ദ് അമേരിക്കൻ ജേണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീൻ ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.