പാട്ടായി ഒാസോൺ; പറഞ്ഞുതരുന്നു ആരോഗ്യം

ഓസോൺ ദിനത്തിൽ പാട്ടിലൂടെ ആരോഗ്യബോധവൽക്കരണം ലക്ഷ്യമിടുകയാണ് യുഎൻഇപി (യുണേറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം). രാജ്യാന്തര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോ യു വി കിരണങ്ങൾക്കൊണ്ട് സർവ്വ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ സംഗീതാവിഷ്കരണമാണ്. ഡേവിഡ് ഹെയ്ൻസണ്‍ ഈണം പകർന്നിരിക്കുന്ന ഗാനം യു എൻ ഇ പിയുടെ യുട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഓസോൺ ‌ശോഷണം സംഭവിച്ച് അൾട്രാവയലറ്റ് കിരണങ്ങൾ നേരിട്ട് ശരീരത്തിൽ പതിച്ചാലുണ്ടാവുന്ന ത്വക്ക് അർബുദം, നേത്രരോഗ‌ങ്ങൾ, രോഗപ്രതിരോധശേഷി കുറയ്ക്കൽ എന്നീ ആരോഗ്യപ്രശ്നങ്ങളും പാട്ടിലൂടെ പ്രേക്ഷകനിലെത്തുന്നു. ഓസോൺ പാളിവഴി ഫിൽറ്റർ ചെയ്ത് വരുന്ന കിരണങ്ങൾ നമുക്ക് വിറ്റാമിൻ ഡി നൽകുന്നു എന്നതും ശ്രദ്ധേയമാണ്. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍ മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടായെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ആകാശവും അന്തരീക്ഷവും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിന സന്ദേശം.