‘സെന്റി’പാട്ടുകൾ കേട്ടാൽ വിഷാ‍ദരോഗികളാകുമോ?

Image Courtesy : The Man Magazine

പാട്ടുകൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടം തന്നെ. എന്നാൽ ചിലർക്കെങ്കിലും ശോകഭാവമുള്ള മെലഡികളോടാണ് താൽപര്യം. മറ്റു ചിലർക്കാകട്ടെ തട്ടുപൊളിപ്പൻ പാട്ടുകളും. എന്നാൽ തുടർച്ചയായി ശോകസംഗീതം കേൾക്കുന്നത് അമിതമായ ഉൽക്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങളിലേക്കു നിങ്ങളെ കൊണ്ടെത്തിച്ചേക്കാം എന്നാണ് ലണ്ടനിലെ ഗവേഷകരുടെ അഭിപ്രായം. മനുഷ്യന്റെ വികാരങ്ങളെ പ്രത്യേക തരത്തിൽ ട്യൂൺ ചെയ്യാൻ സംഗീതത്തിനു കഴിയുമത്രേ.

പാട്ടുകേൾക്കാം, വേദന മറക്കാം

നിരവധി പേരുടെ മാനസികാവസ്ഥയും അവർ കേൾക്കുന്ന സംഗീതവുമായി ബന്ധപ്പെടുത്തി നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. പഠനത്തിനു വിധേയമായവരിൽ വിഷാദരോഗികളായ ഭൂരിപക്ഷവും ശോകസംഗീതം തുടർച്ചയായി കേൾക്കുന്നവരാണെന്ന് സർവേയിൽ തെളിഞ്ഞു. ഇത്തരം സംഗീതം മാത്രം കേൾക്കുന്നവരിൽ നിഷേധചിന്തകൾ വർധിക്കുന്നു.

ജീവിതത്തോടുള്ള മനോഭാവം തന്നെ ചിലപ്പോൾ വളരെ വിപരീതാത്മകമായേക്കാം. ശോകസംഗീതം ആസ്വദിക്കുന്നവരിൽ മിക്കവരും ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരുമായി മനസു തുറക്കാതെ അടച്ചുപൂട്ടിയ ലോകത്ത് ജീവിക്കുന്ന ഇത്തരക്കാർ മാനസികലംഘർഷങ്ങൾക്ക് അടിമപ്പെടാനും സാധ്യത കൂടുതലാണ്. വ്യത്യസ്ത സംഗീതം കേൾക്കുമ്പോൾ ഓരോരുത്തരിലും ഉണ്ടാകുന്ന മാനസിക വ്യതിയാനങ്ങൾ നിരീക്ഷിച്ചുകൊണ്ടും എംആർഐ സ്കാനിങ് നടത്തിക്കൊണ്ടുമായിരുന്നു പഠനം.