ഇനി സൈനസൈറ്റിസിനെ ഭയക്കേണ്ട

ഒാഫിസിൽ ഉച്ചവരെയുള്ള കാര്യങ്ങൾ അവതാളത്തിലാകുന്നുവെന്ന പരാതിയായിര‍ുന്നു ബാബുവിന്. പതിവായി രാവിലെ തുടങ്ങി ഉച്ചവരെ നീണ്ടു നിൽക്കുന്ന തലവേദനയാണ് പ്രശ്നം. കവിളത്തും കണ്ണിനു പിന്നിലുമായി വേദനയുമുണ്ട്– ഇതായിരുന്നു ബാബുവിന്റെ പ്രശ്നം. സൈനസെറ്റിസിന്റെ കൃത്യമായ ലക്ഷണമായിരുന്നു അത്.

ഈ രൂപത്തിൽ മാത്രമല്ലാതെയും സൈനസൈറ്റിസ് വരാം. മൂക്കിലൂടെയും വായിലൂടെയും മഞ്ഞനിറത്തിൽ വരുന്ന കഫം, ഗന്ധം അറിയാനുള്ള പ്രയാസം, മൂക്കടപ്പ്, പനി എന്നിവയും രോഗലക്ഷണമായി വരാം. അപൂർവമായി ചുമ മുതൽ പല്ലുവേദന വരെയുള്ള ലക്ഷണങ്ങളായും സൈനസൈറ്റിസ് പ്രത്യക്ഷപ്പെടാം. പൊതുവേ സൈനസെറ്റിസിന്റെ ലക്ഷണമായി തലവേദന പറയാറുണ്ടെങ്കിലും എല്ലാ രോഗികളിലും തലവേദന കാണണമെന്നില്ല.

രോഗം വരുന്ന വഴി
മൂക്കിന് ഏതാണ്ട് ഏഴര സെ.മീ.നീളുമുണ്ട്. സാധാരണ രോമനിബിഡമായ നേസൽ വെസ്റ്റിബൂൾ എന്ന ഭാഗം മാത്രമേ നമുക്ക് കാണാൻ സാധിക്കയുള്ളൂ. മൂക്കിന്റെ 10 ശതമാനത്തിൽ താഴെമാത്രമേ ഇതു വരൂ. മൂക്കിനു ചുറ്റുമായി കാണപ്പെടുന്ന വായു നിറഞ്ഞുനിൽക്കുന്ന പൊള്ളയായ അറകളാണ് സൈനസുകൾ. സൈനസുകളിലെ ഉള്ളിലെ ആവരണത്തിനുണ്ടാകുന്ന നീർവീക്കമാണ് സൈനസ‌ൈറ്റിസ്.

ഒരോ സൈനസുകളുടെയും ഉൾവശത്ത് ശ്ലേഷ്മസ്തരം (മ്യൂക്കസ് മെബ്രൈൻ) എന്നറിയപ്പെടുന്ന ചർമാവരണമുണ്ട്. ഈ സ്തരത്തിലെ ഗ്രന്ഥികൾക്കുള്ളിൽ നിന്ന് എപ്പോഴും ശ്ലേഷ്മം സ്രവിച്ചുകൊണ്ടിരിക്കും. സൈനസുകളെ എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിറുത്തുകയാണ് ഈ ശ്ലേഷ്മസ്രവം കൊണ്ടു സാധിക്കുന്നത്. അലർജി, ജലദോഷം തുടങ്ങിയവമൂലം സൈനസിനകത്തെ ശ്ലേഷ്മചർമം വീർത്തു വരുമ്പോൾ ഒാസ്ടിയ ദ്വാരം അടഞ്ഞ് അറകളിലേക്ക‍ുള്ള വായുസഞ്ചാരം നിലയ്ക്കുന്നു. ഇതോടെയാണ് അണുബാധയ്ക്ക് കളമൊരുങ്ങുന്നത് സൈനസുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മം അവിടെത്തന്നെ കെട്ടിക്കിടക്കപ്പെട്ട് അണുസംക്രമണം തുടങ്ങുന്നു.

മൂക്ക‍‍ിന്റെ ഉൾഭാഗത്തും സൈനസുകളുടെയും പ്രതലത്തിൽ ഈർപ്പാവസ്ഥയിൽ ചലനസ്വഭാവമുള്ള (Cilla) സിലിയ എന്ന അതിസൂക്ഷ്മരോമങ്ങളാൽ നിബിഡമാണ്. ആരോഗ്യമുള്ള അവസ്ഥയിൽ ഇവയുടെ ചലനം കൊണ്ടു സൈനസുകളിലും മൂക്കിനുൾഭാഗത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മത്തെ ഒഴുക്കി തൊണ്ടയിൽ എത്തിക്കുന്നു. ഇവയുടെ പ്രവർത്തനം നിലയ്ക്കപ്പെ‌ടുമ്പോഴും സൈനസൈറ്റിസ് ഉണ്ടാവുന്നു.

സൈനസുകളിൽ നീർവീക്കം വരുന്നതിനു പല കാരണങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ പൊടി, മാലിന്യങ്ങൾ, വീട്ടിനുള്ളിലെ പൊടി, ചെള്ളിന്റെ വിസർജ്യത്തിലെ അതിസൂക്ഷ്മമായ മാംസ്യം, ബാക്ട‍ീരിയ, വൈറസുകൾ, ഫംഗസുകൾ, അതിസൂക്ഷ്മമായ പൂമ്പൊടിയിലെ പോളൻ തുടങ്ങിയവയാണ്.

രോഗം രണ്ടുവിധം
അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ സൈനസൈറ്റിസുകളെ രണ്ടായി തിരിക്കാം. അക്യൂട്ട് സൈനസൈറ്റിസ് ഒരു ജലദോഷത്തിന്റെ പരിണതഫലമായി മൂക്കുചീറ്റുന്ന ശീലമുള്ളവരിൽ സൈസൈറ്റിസ് ബാധിക്കാനുള്ള സാധ്യത വളരെയധികമാണ്. ശക്തിയായി മൂക്കു ചീറ്റലിലൂടെ രോഗാണുക്കൾക്കു സൈനസുകൾക്കുള്ളിൽ പെട്ടെന്ന് എത്തിപ്പെടും.

സൈനസുകൾക്ക് അകത്തു കഫവും പഴുപ്പും ഒന്നും ഇല്ലാതെ അവയുടെ സുഷിരം അടഞ്ഞുപോയാലും തലവേദനയുണ്ടാക‍ാം. സൈനസുകൾക്ക് അകത്തെ വായു വലിഞ്ഞു വരണ്ടു തലയ്ക്കു ഭാരവും വേദനയും ഇത്തരം സാഹചര്യങ്ങളിൽ അനുഭവപ്പെടും. തുടർന്നു മൂക്കു ചീറ്റിയാലോ ചുമച്ചാലോ ഒന്നും കഫം പോകാനുണ്ടാവില്ല. ഇതു ക്രമേണ ക്രോണിക്കായി സംഭവിക്കാം.

കുനിയുമ്പോൾ വേദന
തുടർച്ചയായ തലവേദന സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണമാണ്. തലയിൽ എന്തോ കെട്ടിക്കിടക്കുന്നതുപോലെ, ഒന്നു കുനിഞ്ഞാൽ പോലും തല വിങ്ങിപ്പൊട്ടുന്ന അവസ്ഥ. മൂക്കൊലിപ്പ്, മൂക്കടപ്പ് ഇവ ഒപ്പം സംഭവിക്കാം തല കുനിക്കുമ്പോൾ തലയിൽ ഭാരം അനുഭവപ്പെടുക, രാവിലെ വർധിക്കുക, മൂക്കൊലിപ്പ് തുടക്കത്തിൽ വെള്ളം പോലെയും തുടർന്നു പഴുപ്പുപോലെ മഞ്ഞ നിറത്തിലും, മൂക്കിനു പിന്നിൽ തൊണ്ടയിലേക്കും കഫം വരിക തുടർന്നു രാത്രിയിൽ വർധിക്കുന്ന ചുമ, സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് അസഹ്യമായ ദുർഗന്ധം, വായ്നാറ്റം അനുഭവപ്പെടുക, മണം അറിയാനുള്ള കഴിവു കുറയുക, ഇടയ്ക്കി‌ടെ തൊ‍ണ്ട ക്ലിയർ ചെയ്യേണ്ടതായി വരിക, ക്ഷീണം, ആലസ്യം, ഇടവിട്ടുണ്ടാകുന്ന പനി എന്നിവയൊക്കെ സൈനസൈറ്റിസിന്റെ ലക്ഷണങ്ങളാണ്. പഴകിയ രോഗങ്ങളിൽ ആന്റിബയോട്ടിക് ഒൗഷധങ്ങൾ കൊണ്ടു ഗുണം ലഭിക്കാതെ വരികയും ചെയ്യാം.

എല്ലാ സൈനസൈറ്റിസ് രോഗികളും ഒരേ ലക്ഷണങ്ങളല്ല കാണുക. ഫ്രേ‍ാണ്ടൽ സൈനസിലാണ് പ്രശ്നമെങ്കിൽ നെറ്റിയുടെ മുന്നിലും മാക്സിലറിസൈനസിൽ വരുമ്പോൾ മുഖം, പല്ല് എന്നീ ഭാഗങ്ങളിലും വേദന കേന്ദ്രീകരിക്കുന്നതായി കാണാം. എത്മോയ്ഡ്, സ്ഫിനോയ്ഡ് സൈനസുകളിലാണ് സൈനസൈറ്റിസ് വന്നിട്ടുള്ളതെങ്കിൽ കണ്ണിന്റെ പിറകിലും കണ്ണു ചലിപ്പിക്കുമ്പോഴും വേദന വരാം, ഒപ്പം സ്ഫീനോയ്ഡൽ സൈനസൈറ്റിസിൽ തലയുടെ ഉച്ചിയിലും വേദന വരാം.

രോഗനിർണയം, ചികിത്സ
ലക്ഷണങ്ങൾ കൊണ്ടുതന്നെ സാധാരണനിലയിൽ സൈനസൈറ്റിസ് മനസ്സിലാക്കാനാവും. എന്നാൽ പഴകിയ സൈനസൈറ്റിസും അതിന്റെ ഗൗരവാവസ്ഥയും കൃത്യമായി മനസ്സിലാക്കാൻ മറ്റ് പരിശോധനകളും വേണ്ടിവരാം. സാധാരണ എക്സ്‍റേയിലൂടെ കൃത്യമായി കണ്ടെത്താനാവില്ല. റൈനോസ്കോപ്പി എന്ന നാസൽ എൻഡോസ്കോപ്പി ഉപയോഗിച്ചാണ‍ു സൈനസൈറ്റിസ് രോഗനിർണയം സാധ്യമാക്കപ്പെട‍ുന്നത്.

വിവിധ ചികിത്സാ ശാഖകളിൽ നിരവധി ചികിത്സാ രീതികൾ സൈനസൈറ്റിന് ഉണ്ടെങ്കിലും ലക്ഷണങ്ങൾ പരിഹരിക്കാനോ ആശ്വാസം നൽകാനോ നിയന്ത്രിച്ചു നിർത്താനോ മാത്രമേ സാധിക്കുകയുള്ളൂ. ചികിത്സയുടെ പ്രാഥമിക ലക്ഷ്യം രോഗപ്രതിരോധശേഷി വർധിപ്പിക്കുക, വീക്കം കുറയ്ക്കുക, അണുബാധ കുറയ്ക്കുക, അറകളിലെ വായുസഞ്ചാരം, സ്രവങ്ങളുടെ ഒഴുക്ക് ഇവ ക്രമീകരിക്കുന്നതിന് അറകളിൽ നിന്നുള്ള സൂക്ഷ്മദ്വാരങ്ങൾ തുറന്നിരിക്കാൻ ഇടവരുത്തുക തുടങ്ങിയവയാണ്. ഈ ഘട്ടത്തിൽ രോഗത്തിന്റെ പ്രതിരോധമാണ് എറ്റവും പ്രധാന രക്ഷാമാർഗം.

ജീവിതശൈലീമാറ്റം
ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ സൈനസൈറ്റിസ് ആവർത്തിച്ചു വരുന്നത് ഒഴിവാക്കാൻ സഹായിക്കും. സൈനസൈറ്റിസ് രോഗികൾ പുകവലി പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. തണുപ്പു കൂടുതലുള്ള സാഹചര്യങ്ങളിൽ യാത്ര ഒഴിവാക്കുകയോ യാത്ര ചെയ്യേണ്ടിവന്നാൽ തണുപ്പേൽക്കാതിര‍ിക്കാൻ പ്രത്യേക കരുതൽ സ്വീകരിക്കുകയോ ചെയ്യണം. അതു പോലെ വെയിലിൽ ദീർഘനേരം ജോലി ചെയ്യുന്നതും ഒഴിവാക്കണം.

തണുത്ത ആഹാരം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ചൂടു സാഹചര്യത്തിൽ. ഏറെ തണുത്തതു കഴിക്കുന്നത് സൈനസൈറ്റിസ് സാധ്യതയുള്ളവർക്ക് നന്നല്ല. ചൂടാറാത്ത ഭക്ഷണമാണ് ഏറ്റവും നന്ന്. അന്തരീക്ഷത്തിലെ തണുപ്പു മാറിയ ശേഷം ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതും സൈനസൈറ്റിസ് പ്രതിരോധിക്കാൻ സഹായിക്കും.

രോഗമുള്ള സാഹചര്യത്തിൽ തുടക്കം മുതൽ ദിവസേന 3–4 തവണ നീരാവി ശ്വസിക്കുന്നത് നല്ല ആശ്വാസം നൽകും. മൂക്കു തിങ്ങിവിങ്ങുന്നതായി തോന്നുമ്പോൾ ഉപ്പുവെള്ളം ഇറ്റിച്ചാൽ (Saline Spary) ആശ്വാസം കിട്ടും.

തേനും ചെറുനാരങ്ങാനീരും ഗ്രീൻ ടീയിൽ ചേർത്തു കഴിക്കാം. മ‍ുരിങ്ങയില സൂപ്പ് കഴിക്കുന്നതോടൊപ്പം നീരാവി മൂക്കിലേക്ക് വലിച്ചെടുക്കാം. മൂക്കടപ്പ് മാറാനുള്ള മരുന്നുകൾ (Nasal Dicongestant Spray) ഉപയോഗിച്ചാൽ മൂക്കടപ്പ്, പെട്ടെന്നു പരിഹരിക്കപ്പെടും. നാല്–അഞ്ച് ദിവസത്തിലധികം ഇവ സ്ഥിരമായി ഉപയോഗിച്ചാൽ ഗന്ധം അറിയാനുള്ള ശേഷി കുറഞ്ഞു പോകാം.

സൈനസൈറ്റിസ് പ്രശ്നമുള്ളവർ നിർജലീകരണം വരുത്തുന്ന മദ്യം, കാപ്പി തുടങ്ങിയവ ഒഴിവാക്കണം കോശങ്ങളിലെ ജല നഷ്ടം സൈനസുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത‍ിനാലാണ് അവ ഒഴിവാക്കണമെന്നു നിർദേശിക്കുന്നത്.

സൈനസുകളും സൈനസൈറ്റിസും
നാലു ജോഡി സൈനസ് അറകളാണ് നമുക്കുള്ളത്. ഇവ മൂക്കിനു ചുറ്റുമായി കാണപ്പെടുന്നതു കൊണ്ടു പാരാനേസൽ സൈനസുകൾ എന്നറിയപ്പെടുന്നു. പുരികത്തിനു തൊട്ടു മുകളിലായി രണ്ട് അറകൾ ഇവ ഫ്രോണ്ടൽ സൈനസുകൾ. മൂക്കിന്റെ പാലത്തിനു തൊട്ടുമുകളിലായി കാണപ്പെടുന്നതാണ് എത്മോയിഡ് സൈന‍സുകൾ. മൂന്നാമത്തെ ജോഡ‍ി കണ്ണിനു പുറകുവശത്തു തൊണ്ടയ്ക്ക‍ു മുകളിലായി സ്ഫിനോയ്ഡൽ സൈനസുകൾ. മൂക്കിനു വശത്തു കണ്ണുകൾക്ക് താഴെയായി കവിളെല്ലിനോടു ചേർന്ന മാക്സിലറി സൈനസുകൾ. ഈ അറകൾ എല്ലാം മൂക്കിനുള്ളിലേക്കു തുറക്കപ്പെടുന്നത് ഒാസ്ട്രിയ എന്നറിയപ്പെടുന്ന സൂക്ഷ്മമായ ദ്വാരം മുഖേനയാണ്. ഒാരോ മൂക്കിനുള്ളിലും കക്കയുടെ ആകൃതിയിലുള്ള അവയവങ്ങൾ ഉണ്ട്. മിഡിൽ മിയാറ്റസ് എന്ന അടരുകൾക്കുള്ളിലാണ് പ്രധാന സൈനസുകൾ തുറക്കപ്പെടുന്നത്. ഈ ഭാഗങ്ങളും മറ്റും കാണുന്നതിന് എൻഡോസ്കോപ്പിയും സിടി സ്കാനും വേണ്ടിവരുന്നു. മൂക്കിനുള്ളിലേക്ക് ഉപകരണം കടത്തി, വായു അറകൾ തുറക്കുന്ന ഭാഗം പരിശോധിച്ച് രോഗാവസ്ഥ നേരിട്ടു മനസ്സിലാക്കുന്നതാണ് എൻഡോസ്കോപ്പി.

നേസൽ ഫ്ലഷിങ്– ആശ്വാസകരം
സൈനസുകളിലെ അലർജിക്കും അണുസംക്രമണത്തിനും ആശ്വാസം തരുന്ന ഒന്നാണ് നേസൽ ഫ്ലഷിങ്. മൂക്കിന്റെ ഉൾഭാഗവും സൈനസുകളും നനവുള്ളതാക്കാനും ശുചിയാക്കാനും സഹായിക്കുന്നതാണ് ഈ രീതി. പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക്, പൊടി, വൈറസുകൾ, ബാക്ടീരിയ, മറ്റ് അലർജി ഉളവാക്കുന്ന ഘടകങ്ങളെയെല്ലാം പുറന്തള്ളാൻ ഫ്ലഷിങ് സഹായിക്കുന്നു. സൈനസുകളിൽ നിന്നും മൂക്കിലേക്കുള്ളസൂക്ഷ്മദ്വാരമായ ഒാസ്ടിയ തുറക്കാനും ഇതു സഹായിക്കും. അമ്ല സ്വഭാവം നീക്കം ചെയ്ത (ബഫറിങ്) ഉപ്പുലായനിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഉപ്പുപൊടി ചൂടുവെള്ളത്തിൽ ലയിപ്പിച്ച ശേഷം ഫ്ലഷിങ്ങിനായുള്ള ബോട്ടിലിൽ നിറയ്ക്കുന്നു. ബോട്ടിലിന്റെ നോസിൽ ഒരു മൂക്കിലേക്കു കടത്തിവെച്ചുകൊണ്ട് ശ്വസനം വായിലൂടെ നടത്തുക. തുടർന്ന് ബോട്ടിലിൽ അമർത്തി ലായനി മൂക്കിനുള്ളിലേക്ക് മിതമായ ശക്തിയിൽ പ്രവഹിപ്പിക്കുന്നു. ഒരു മൂക്കിലൂടെ കടന്നു പോകുന്ന ഇളം ചൂടുള്ള ലായനി സൈനസുകളിൽ നിറഞ്ഞ് മറു മൂക്ക‍ിലൂടെ പുറത്തു വരാൻ അനുവദിക്കുക. ഇതാണ് നേസൽ ഫ്ലഷിങ്. ഈ നേസൽ ഫ്ലഷിങ് കിറ്റ് കേരളത്തിലും ലഭ്യമാണ്.

ഡോ. റ്റി.കെ. അലക്സാണ്ടർ
എച്ച്.ആർ.സി സ്പെഷ്യൽറ്റി ക്ലിനിക്
കുറുപ്പന്തറ