അജയ് കൃഷ്ണന്റെ മജ്ജയിലൂടെ 12കാരൻ ജീവിതത്തിലേക്ക്

അജയ് കൃഷ്ണൻ

സംസ്ഥാനത്തെ ആദ്യ ബന്ധുത്വത്തിനു പുറത്തുള്ള മജ്ജ ദാതാവായി (അൺ റിലേറ്റഡ് ബോൺ മാരോ ‌ഡൊണേഷൻ) എൻജിനീയറിങ് വിദ്യാർഥി അജയ് കൃഷ്ണൻ. തിരുവനന്തപുരം ശ്രീകാര്യം കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സിഇടി) യിൽ നാലാം വർഷ ഇൻഡസ്ട്രിയൽ എൻജിനീയറിങ് വിദ്യാർഥിയായ അജയ് കൃഷ്ണൻ (20) കഴിഞ്ഞ മൂന്നിനാണു ചെന്നൈ അപ്പോളോ ആശുപത്രിയിൽ മജ്ജ ദാനം ചെയ്തത്. എപ്ലാസ്റ്റിക് അനീമിയ എന്ന രക്തജന്യരോഗം ബാധിച്ച 12കാരനു വേണ്ടിയായിരുന്നു അജയ്‌യുടെ ദാനം.

തിരുവനന്തപുരം പാറശാല പരശുവയ്ക്കൽ തെക്കേപ്ലാന്തോട്ടത്തു വീട്ടിൽ സി.ഉണ്ണിക്കൃഷ്ണൻ നായരുടെ മകനാണ് അജയ്. കേരളത്തിലെ ആദ്യ അൺ റിലേറ്റഡ് ബോൺ മാരോ ദാതാവും ഇന്ത്യയിലെ മൂന്നാമത്തെയാളുമാണു അജയ് എന്നു മജ്ജ ദാനത്തിനു നേതൃത്വം നൽകിയ ദാത്രി ബ്ലഡ് സ്റ്റെംസെൽ ഡോണേഴ്സ് റജിസ്ട്രി ഭാരവാഹികൾ പറഞ്ഞു.

2015 ൽ തിരുവനന്തപുരത്തു കോളജ് ഫെസ്റ്റിനിടെയാണ് അജയ്‌യും കൂട്ടുകാരും ഹോപ്പ് എന്ന സംഘടന ദാത്രിക്ക് ഒപ്പം ചേർന്നു നടത്തിയ റജിസ്ട്രേഷനിൽ പേരു നൽകുന്നത്. ജനിതക സാമ്യമുള്ള ഒരു രോഗിയുടെ ആവശ്യമറിയിച്ചു അജയ്‌യെ ദാത്രി പ്രവർത്തകർ വിളിക്കുമ്പോൾ മൂലകോശ ദാനത്തിനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ സ്വീകർത്താവായ കുട്ടി ഗുരുതരാവസ്ഥയിൽ ആയതോടെ മ‍ജ്ജ മാറ്റിവയ്ക്കൽ കൂടുതൽ ഫലപ്രദമാകുമെന്നു മെഡിക്കൽ സംഘം വിലയിരുത്തുകയായിരുന്നു.

ഈ വിവരം അറിയിച്ചപ്പോൾ വീട്ടുകാരുമായി കൂടിയാലോചിച്ചു അജയ് വേഗം തന്നെ സമ്മതം അറിയിക്കുകയായിരുന്നു. ഒരു കുട്ടിക്കു വേണ്ടിയാണ് എന്നറിഞ്ഞതോടെ ‍മ‍ജ്ജദാനത്തിനു പൂർണസമ്മതം അറിയിക്കുകയായിരുന്നെന്നു അജയ് പറയുന്നു. തുടർന്നു അജയ്‌യെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

തയാറെടുപ്പുകൾക്കു ശേഷം മൂന്നിനു അപ്പോളോ ആശുപത്രിയിൽ മജ്ജദാനം നടത്തി. അനസ്തീസിയ നൽകിയ ശേഷം ഇടുപ്പെല്ലിൽ നിന്നാണു മജ്ജ സ്വീകരിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന പ്രക്രീയ ദാതാവിന്റെ പൂർ‍ണ സുരക്ഷിതത്വം ഉറപ്പാക്കിയാണു നടത്തുന്നത്.

മൂന്നു ദിവസം ആശുപത്രിയിൽ വിശ്രമിച്ച ശേഷം തിരുവനന്തപുരത്തു തിരിച്ചെത്തിയ അജയ് ഒരാഴ്ച കൂടി വിശ്രമത്തിലായിരുന്നു. ഒരാഴ്ച കൊണ്ടു ക്ഷീണമെല്ലാം മാറി സാധാരണ നിലയിലേക്ക് എത്തിയെന്നും അജയ് പറയുന്നു. അറിയപ്പെടാത്തതാണെങ്കിലും ഒരു കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് അജയ് ഇപ്പോൾ. ഒരാഴ്ചത്തെ നമ്മുടെ ബുദ്ധിമുട്ട് ഒരു ജീവിതമാണു തിരികെ നൽകുന്നതെന്ന അറിവ് ഏറെ സന്തോഷം നൽ‍കുന്നെന്നും അജയ് പറയുന്നു.

മൂലകോശ ദാനം രണ്ടു തരം
രണ്ട് രീതിയിൽ രക്തമൂലകോശങ്ങൾ ദാനം ചെയ്യാം; പെരിഫെറൽ ബ്ലഡ് സ്റ്റെം സെൽ ഡൊണേഷനിൽ മൂലകോശങ്ങൾ രക്തത്തിൽ നിന്നുമാണ് എടുക്കുന്നത്. ഇതിനു ആശുപത്രിവാസം ആവശ്യമില്ല. 4-5 മണിക്കൂറുകൾ ആവശ്യമുള്ള ഇത് പ്ലേറ്റ്ലറ്റ്‌സ് ഡൊണേഷൻ പ്രക്രിയയ്ക്ക് സമാനമായ ഒന്നാണ്. അടുത്ത രീതി മജ്ജ ദാനം ചെയ്യുന്നതാണ്. അനസ്തീസിയ നൽകി ഇടുപ്പെല്ലിൽ നിന്നും ദ്രവ രൂപത്തിലുള്ള മജ്ജ എടുക്കുന്നതിനു 1 -2 മണിക്കൂറുകൾ മതിയാവും. ഇതിനു ശേഷം മൂന്നോ നാലോ ദിവസത്തെ വിശ്രമം വേണ്ടി വരും. രണ്ടു രീതിയിലും ദാനപ്രക്രിയ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരിക്കും എന്നത് ദാതാവിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നെന്നു ദാത്രിയുടെ സ്ഥാപകൻ കൂടിയായ രഘു രാജഗോപാൽ പറയുന്നു.

മാരക രക്തജന്യ രോഗമുള്ളവർക്ക് ഒരു ജനിതക സാമ്യമുള്ള മൂലകോശ ദാതാവിനെ കണ്ടെത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2009 ൽ രഘു രാജഗോപാലും ഡോ. നെസീഹ് സെറബും ഡോ. സൂ യൂങ്ങ് യാങ്ങും ചേർന്നു സ്ഥാപിച്ചതാണു ദാത്രി സ്റ്റം സെൽ ഡോണേർസ് റജിസ്ട്രി. ഇന്ത്യയിലെ ഏറ്റവും വലിയ അഡൽട് അൺ റിലേറ്റഡ് ബ്ലഡ് സ്റ്റം സെൽ ഡോണേർസ് റജിസ്ട്രിയാണിത്. ഇതുവരെ 204 രക്തമൂലകോശദാനങ്ങൾ നടത്തിയ ദാത്രിയിൽ 1,60,000 സന്നദ്ധ ദാതാക്കൾ ഉണ്ട്.