ചായയോടോ കാപ്പിയോടോ ഒപ്പം മരുന്നു കഴിച്ചാൽ?

ദിവസവും മൂന്നോ നാലോ മരുന്നു കഴിക്കേണ്ടിവരുന്നവരാണ് നമ്മിൽ പലരും. കൃത്യമായ ഫലം ലഭിക്കണമെങ്കിൽ മരുന്നു കഴിക്കുന്നതിലും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്.

ചായയോടോ കാപ്പിയോടോ ഒപ്പം മരുന്നു കഴിച്ചാൽ?

കാപ്പി, ചായ, കൂൾഡ്രിങ്സ്, സോഡ തുടങ്ങിയവ മരുന്നു കഴിക്കാൻ പറ്റിയവ അല്ല. കാപ്പിയിലും ചായയിലും കഫീൻ, ടാനിക് ആസിഡ് തുടങ്ങിയ രാസഘടകങ്ങൾ ഉണ്ട്. ടാനിക് ആസിഡ് പല മരുന്നിന്റെയും ആഗിരണം വേഗത്തിലാക്കും. ഇതുമൂലം മരുന്നിന്റെ ദൂഷ്യഫലങ്ങൾ കൂട്ടും. കഫീൻ ഉത്തേജകവസ്തുവാണ്. ഉറങ്ങാനും മയങ്ങാനും വേദന ശമിക്കാനുമൊക്കെ കഴിക്കുന്ന മരുന്നുകളുടെ ശക്തി ക്ഷയിപ്പിക്കുവാൻ ചായയ്ക്കും കാപ്പിക്കും കഴിയും. ചൂടുള്ള ഒരു പാനീയവും മരുന്നു കഴിക്കാൻ വേണ്ട.

ഏതൊക്കെ മരുന്നുകളാണ് ഒരേ സമയത്തു കഴിക്കേണ്ടത്?

ഒന്നിൽ കൂടുതൽ ദിവസം തുടർച്ചയായി കഴിക്കാനുള്ള എല്ലാ മരുന്നുകളും ദിവസവും ഒരേ സമയത്തു കഴിക്കണം. ദിവസം ഒരു നേരം കഴിക്കേണ്ട മരുന്ന് 24 മണിക്കൂർ ഇടവിട്ടാണ‍ു കഴിക്കേണ്ടത്. രണ്ടു നേരം കഴിക്കേണ്ടത് 12 മണിക്കൂറും. മൂന്നു നേരം കഴിക്കേണ്ടത് 8 മണിക്കൂറും ഇടവിട്ടു വേണം കഴിക്കുവാൻ. മരുന്നിന്റെ രാസപ്രവർത്തനം, പ്രവർത്തനശേഷി, ബയോഅവൈലബിലിറ്റി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഒരു മരുന്ന് എത്രനേരം കഴിക്കണമെന്നു തീരുമാനിക്കുന്നത്. ആവശ്യമുള്ളപ്പോൾ മാത്രം കഴിക്കുവാൻ നിർദേശിക്കുന്ന വേദനാസംഹാരികൾ, ചിലതരം ആസ്മ മരുന്നുകൾ തുടങ്ങിയവ ഒഴിച്ച് എല്ലാ മരുന്നുകളും ഒരേ സമയത്തു തന്നെ കഴിക്കുവാൻ ശ്രദ്ധിക്കണം.