ആരോഗ്യത്തെ സ്വാധീനിക്കുന്നത് ആഹാരം മാത്രമോ?

നാം വായിലൂടെ കഴിക്കുന്ന ആഹാരം മാത്രമല്ല നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. കണ്ണിലൂടെ കാണുന്നത്, വായിക്കുന്നത്, ചെവിയിലൂടെ കേൾക്കുന്നത്, മൂക്കിലൂടെ ശ്വസിക്കുന്നത്, ത്വക്കിലൂടെ സ്പർശിക്കുന്നത് എല്ലാം ഒരർഥത്തിൽ ആഹാരം തന്നെയാണ്. ഇവയെല്ലാം നമ്മുടെ ആരോഗ്യാവസ്ഥയെ സ്വാധീനിക്കുന്നു. ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ വായുവും വെള്ളവുമാണ്. അതു കഴിഞ്ഞേ ഭക്ഷണത്തിനു പോലും സ്ഥാനമുള്ളൂ. പ്രാണവായുവില്ലാതെ 5–10 മിനിറ്റിലധികം ജീവൻ നിലനിൽക്കില്ല. (ആഴക്കിണറുകൾ വൃത്തിയാക്കാനിറങ്ങുന്നവർക്കും അടച്ചുമൂടിയ ഓടകൾ വൃത്തിയാക്കാനിറങ്ങുന്നവർക്കും അപകടം സംഭവിക്കുന്നത് അങ്ങനെയാണ്).

വെള്ളം കിട്ടാതെ അധിക ദിവസം ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കില്ല. വായുവും വെള്ളവും ആവശ്യത്തിനു ലഭ്യമാണെങ്കിൽ ഭക്ഷണമില്ലെങ്കിലും ആഴ്ചകളോളം വലിയ കുഴപ്പമില്ലാതെ പിടിച്ചുനിൽക്കാം. നിരാഹാരം കിടക്കുന്നവരും റമസാൻ വ്രതമെടുക്കുന്നവർ പോലും ആവശ്യത്തിനു വെള്ളവും ശുദ്ധവായുവും കിട്ടി എന്നുറപ്പു വരുത്തണം. ആരോഗ്യത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ പ്രാണവായു സുലഭമായി കിട്ടാൻ എന്തൊക്കെ വേണം? നമുക്കു ചുറ്റും ധാരാളം ചെടികളും വൃക്ഷങ്ങളും വേണം (അവയാണല്ലോ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തേക്കു വിടുന്നത്).

അന്തരീക്ഷത്തിൽ പ്രാണവായു വേണ്ടുവോളം ഉണ്ടെങ്കിലും അതു നമുക്ക് എപ്പോഴും കിട്ടണമെങ്കിൽ നാം ഇരിക്കുന്നിടത്തും ജോലി ചെയ്യുന്നിടത്തും ഉറങ്ങുന്നിടത്തും ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടെന്നു ഉറപ്പു വരുത്തണം. (കൊതുകിനെ പേടിച്ചു ജനലെല്ലാം കൊട്ടിയടച്ചു കൊതുകു തിരിയും കത്തിച്ച് ഉറങ്ങുന്നവർ ശ്രദ്ധിക്കുമല്ലോ!) മേൽ പറഞ്ഞ എല്ലാം ഉണ്ടെങ്കിലും നമ്മുടെ ശ്വാസകോശങ്ങളും ഹൃദയവും രക്തധമനികളും ശരിയായി പ്രവർത്തിച്ചാൽ മാത്രമേ ആവശ്യത്തിനു പ്രാണവായു അന്തരീക്ഷത്തിൽനിന്ന് വലിച്ചെടുത്തു ശരീരത്തിലെ എല്ലാ കോശങ്ങൾക്കും എത്തിച്ചു കൊടുക്കാൻ സാധിക്കൂ.

പൊണ്ണത്തടിയുണ്ടായാൽ ശ്വാസകോശങ്ങൾക്കു ശരിയായ രീതിയിൽ വികസിക്കാനും ചുരുങ്ങാനും പറ്റാതെ വരും; ആവശ്യത്തിനു പ്രാണവായു കിട്ടാതെ പോകുന്നതാവും ഫലം. തടി കൂടുതലുള്ളവർക്ക് ഉറക്കത്തിൽ ശ്വാസനാളത്തിൽ തടസ്സം വരാനും സാധ്യത കൂടുതലാണ്. (ഉറക്കത്തിൽ കൂർക്കം വലിക്കുന്നവർക്കു പ്രാണവായു വേണ്ടത്ര കിട്ടുന്നില്ല എന്നു മനസ്സിലാക്കണം.) പൊണ്ണത്തടിയുള്ളവരെ കാത്തു രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെയാണു നിൽക്കുന്നത്. പുകവലിക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. അവർക്കു ശ്വാസകോശങ്ങൾക്കും ഹൃദയത്തിനും രക്തധമനികൾക്കും ആരോഗ്യക്കുറവുണ്ടാകും. പൊണ്ണത്തടിയുള്ളവർ പുകവലിക്കുകയും കൂടിയായാൽ രോഗസാധ്യത വർധിക്കുന്നു. ഇതിനെല്ലാം പുറമെ പ്രാണവായു ശരീരത്തിലെ എല്ലാ കോശങ്ങൾക്കും സുലഭമായി കിട്ടാൻ തുറസ്സായ സ്ഥലത്തു നാം വ്യായാമം ചെയ്തു കിതയ്ക്കുകയും വിയർക്കുകയും ചെയ്യണം.

വെള്ളം എത്ര?

വെള്ളം ഒരു ദിവസം രണ്ടു ലീറ്ററോളം കുടിക്കണം. ഏകദേശം 10 ഗ്ലാസ്. ഒന്നര ലീറ്ററെങ്കിലും മൂത്രവിസർജനം സാധ്യമാക്കുന്ന അളവിൽ വെള്ളം കുടിക്കണം. (ചായയും കാപ്പിയും ഒക്കെ അടക്കമാണ് രണ്ടു ലീറ്റർ. എങ്കിലും വെള്ളത്തിനു വേണ്ടി ചായയും കാപ്പിയും കൂടുതൽ കഴിക്കുന്നതു നന്നല്ല). ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന്, രക്തചംക്രമണത്തിന്, ശരീരത്തിലെല്ലാം പ്രാണവായു എത്തിക്കാൻ, വൃക്കകൾ ശരിയായി പ്രവർത്തിക്കാൻ, സന്ധികളുടെയും പേശികളുടെയും പ്രവർത്തനത്തിന് എല്ലാം ആവശ്യത്തിനു വെള്ളം കുടിച്ചിരിക്കണം.

മൂത്രാശയത്തിലും വൃക്കകളിലും കല്ലുണ്ടാവാതിരിക്കാൻ, പഴുപ്പു വരാതിരിക്കാൻ, തൊലിയുടെ, ശ്വാസനാളത്തിന്റെ എന്നുവേണ്ട എല്ലാ അവയവങ്ങളുടെ പ്രവർത്തനത്തിനും ആവശ്യത്തിനു വെള്ളം ലഭിച്ചേ തീരൂ. നോമ്പുകാലം മഴയില്ലാത്തപ്പോഴാണെങ്കിൽ ആവശ്യത്തിനു വെള്ളം കുടിക്കാത്തതുമൂലം ഒരുപാടു രോഗങ്ങൾ മൂർച്ഛിക്കാം. ഇത്ര പ്രധാനപ്പെട്ട വെള്ളം നമുക്ക് വേണ്ടുവോളം ലഭിക്കണമെങ്കിൽ സമൂഹത്തിൽ എന്തൊക്കെ വേണം? മഴ ധാരാളമായി കിട്ടണം. മഴവെള്ളം പാഴായിപ്പോകാതിരിക്കണം, മഴസംഭരണികൾ വേണം, കുളങ്ങളും തോടുകളും നദികളും സംരക്ഷിക്കപ്പെടണം. ജലസ്രോതസ്സ് മലിനമാക്കപ്പെടാതിരിക്കണം.

കക്കൂസ് ടാങ്കിന്റെ അടുത്തുനിന്ന് കിണറിനു 15 മീറ്ററെങ്കിലും ദൂരം വേണം, പട്ടണത്തിൽ ഓരോ ചെറിയ പ്ലോട്ടിലും കിണറുണ്ടാക്കുമ്പോൾ വെള്ളം മലിനമാക്കപ്പെടാൻ സാധ്യതയുണ്ട് എന്നോർക്കണം. ഇതിനേക്കാളെല്ലാം പ്രധാനമായി മഴ ലഭ്യമാവണമെങ്കിൽ കാടുകളും മലകളും സംരക്ഷിക്കപ്പെടണം. ലഭ്യമായ ജലം മലിനമാകാൻ സാധ്യതയുള്ളതാണെങ്കിൽ ശുദ്ധീകരിച്ചേ ഉപയോഗിക്കാവൂ. അതിനായി തിളപ്പിച്ചു ചൂടാറ്റി കഴിക്കാം. ജലശുദ്ധീകരണത്തിനായി യന്ത്രങ്ങൾ വാങ്ങി ഉപയോഗിക്കാം. എന്നാൽ, കുപ്പിവെള്ളത്തെ ആശ്രയിക്കരുത്. അതു പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നതിനും ജലചൂഷണത്തിനും വഴിയൊരുക്കും.

അടുത്ത നൂറ്റാണ്ടിൽ ഒരു പക്ഷേ ജലത്തിനു വേണ്ടി യുദ്ധമുണ്ടായാൽ നമ്മുടെ ജലസമ്പത്തു മുഴുവനും പണമുള്ളവർ കടത്തിക്കൊണ്ടുപോകാൻ നമ്മൾ തന്നെ വഴിതുറക്കുകയാണ് കുപ്പിവെള്ള സംസ്കാരത്തിലൂടെ. കാർബൺ ഡയോക്സൈഡും വിഷദ്രാവകങ്ങളും നിറച്ചു പല നിറത്തിലും മണത്തിലും വരുന്ന പാക്കേജ്ഡ് ഡ്രിങ്ക്സും ജ്യൂസുകളും എല്ലാം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഒരു സമൂഹം ആരോഗ്യമുള്ളതാണ്, സാമൂഹിക ബോധമുള്ളതാണ്, മാനവിക വികസനത്തിൽ ശ്രദ്ധയുള്ളതാണ് എന്നു പതുക്കെയെങ്കിലും പ്രഖ്യാപിക്കാൻ ധൈര്യം തോന്നണമെങ്കിൽ എല്ലാ വീട്ടിലും ശുദ്ധജലം പൊതുവിതരണ സംവിധാനത്തിലൂടെ (പൈപ്പിലൂടെ) ലഭ്യമായിരിക്കണം. എല്ലാ വീട്ടിലും പൈപ്പിലൂടെ ജലം എത്തിയാൽ മാത്രം പോരാ, അത് അങ്ങനെതന്നെ കുടിക്കാൻ പറ്റിയതുമാകണം.

ചൈനയിൽ പോലും 2015 ഓടെ എല്ലാ വീട്ടിലും ശുദ്ധജലം ലഭ്യമാക്കിയിരിക്കുന്നു എന്നോർക്കണം. ലോകത്ത് എല്ലാ വികസിത രാജ്യങ്ങളിലും ഇത് ഏതാണ്ട് അ‍ഞ്ചു പതിറ്റാണ്ടു മുൻപേ സാധ്യമാക്കിയതാണ്. നമ്മൾ ഇവിടെ ആരോഗ്യത്തിനായി അഭിമാനപൂർവം കുപ്പിവെള്ളത്തെ ആശ്രയിക്കുന്നു. ശുദ്ധജലം എല്ലാ വീട്ടിലും ലഭ്യമാക്കണം എന്നു പറയുമ്പോൾ അതിന്റെ അനുബന്ധമായി എല്ലാവർക്കും പാർപ്പിടമുണ്ടാവണം. ഇപ്പോൾ ചില സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ഉപയോഗിച്ച് സോപ്പ് ഉപയോഗിച്ചു കൈ കഴുകുന്നതിനെപ്പറ്റിയും ശുചിമുറികളെപ്പറ്റിയും പരസ്യങ്ങൾ വരുന്നുണ്ട്. എന്നാൽ, എല്ലാ ശുചിമുറികളിലും പൈപ്പിലൂടെ വെള്ളം എത്തിക്കുക കൂടി വേണം.

എല്ലാ വീട്ടിലും അടുക്കളയോടടുത്തായി കൈ കഴുകാൻ വൃത്തിയുള്ള ഒരു വാഷ്ബേസിനും വേണം. ഇത്തരം അടിസ്ഥാന ആവശ്യങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തലാണ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. ആരോഗ്യത്തിനായി എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും വയനാട്ടിലും അട്ടപ്പാടിയിലും സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളും അല്ല വേണ്ടത് എന്നുകൂടി ഓർക്കണം.

അട്ടപ്പാടിയിലും വയനാട്ടിലും ഒക്കെ നടപ്പാക്കേണ്ടത് എല്ലാവർക്കും വീടും വൃത്തിയുള്ള ശൗചാലയങ്ങളും ശുദ്ധജലവും ലഭ്യമാക്കാൻ വേണ്ട വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, കാർഷിക, റവന്യു പരിഷ്കരണങ്ങളാണ്. ഇങ്ങനെ ആരോഗ്യത്തിനാവശ്യമായ എല്ലാ ഘടകങ്ങളും അവയുടെ സാമൂഹിക വശങ്ങളും തിരിച്ചറിയുമ്പോഴേ നമുക്ക് ആരോഗ്യമുണ്ടാകൂ. സമൂഹത്തിൽ എല്ലാവർക്കും ആരോഗ്യമുണ്ടെങ്കിലേ എനിക്ക് ആരോഗ്യമുണ്ടാകൂ എന്ന് ഓരോ വ്യക്തിയും തിരിച്ചറിയണം. ഈ തിരിച്ചറിവുണ്ടാക്കാൻ നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു കഴിയണം.