Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്ക എന്ന മിറക്കിൾ ഫ്രൂട്ട്

jackfruit

പുറമേ കണ്ടാൽ പരുക്കൻ. എന്നാൽ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാലോ തേൻപോലെ മധുരിക്കും. കൽക്കണ്ടം പോലെ അലിഞ്ഞ‍ുപോകും പറ‍ഞ്ഞുവരുന്നതു നമ്മുടെ ചക്കയെ കുറിച്ചാണ്. നമ്മുടെ പറമ്പിലും മറ്റും സുലഭമായി ലഭിക്കുന്ന പഴം. സ്വാദും പോഷകഗുണവും ഒരുമിച്ച് ചേർന്ന വിഭവം.

ആധുനിക കാലഘട്ടത്തിൽ മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണരീതികളും മനുഷ്യരെ മാറാരോഗങ്ങളുടെ കയത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നെല്ലാം രക്ഷനേടാൻ ഒാരോ കുറുക്കുവഴികൾ തേടി പരസ്യങ്ങളിലും മറ്റും കാണുന്ന പലതിന്റെയും പിന്നാലെ പായുന്ന മലയാളി നമ്മുടെ നാട്ടിൽ ധാരാളമായുള്ള ചക്കയുടെ ഗുണങ്ങൾ അറിയാതെ പോകുന്നു.

ചോദിക്കുന്ന വിലകൊടുത്തു വാങ്ങുന്ന പല ഫലവർഗങ്ങളെയും പച്ചക്കറികളെക്കാളും ഏതു പോഷകമെടുത്തു നോക്കിയാലും ഒരു പടി മുമ്പിൽതന്നെ നിൽക്കും ചക്ക. യാതൊരു വിധത്തിലും മലിനമാകാതെ, സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരേയൊരു ഫലവർഗമെന്നു ചക്കയെ വിശേഷിപ്പിക്കാം. മൂപ്പെത്താത്ത ഇടിച്ചക്കയും ചക്ക പോലെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ്. രോഗപ്രതിരോധശേഷി നൽകുന്ന ഭക്ഷണങ്ങളുടെ (functional foods) ഗണത്തിൽ വരുന്ന വളരെ വിരളമായ ഫലവർഗങ്ങളിൽ ഒന്നാണു ചക്ക.

പോഷകത്തിന്റെ കലവറ

പഴുത്ത ചക്കയിൽ കാണുന്ന എളുപ്പത്തിൽ ദഹിക്കുന്ന രീതിയിലുള്ള ഷുഗേഴ്സ് (Fructose & Sucrose) മികച്ച ഊർജദായകമാണ്. 100 ഗ്രാം ചക്ക 95 കാലറി ഊർജം തരുന്നു. ചക്ക, നാരിന്റെ (Fibre) നല്ല ഒരു ഉറവിടമാണ്. 100 ഗ്രാം 306 ഗ്രാം നാര് നൽകുന്നു. 100 ഗ്രാം ചക്കയ്ക്ക് ഒരാൾക്ക് ദിവസേന ആവശ്യമുള്ളതിന്റെ അമ്പതുശതമാനത്തിലേറെ ജീവകം എ പ്രധാന ചെയ്യാൻ കഴിയുന്നു. ധാതുക്കളിൽ പൊട്ടാസ്യം നല്ല അളവിൽ കാണുന്ന ഫലവർഗമാണ് ചക്ക. ബി കോംപ്ലക്സ് (B-vitamines) ജീവകങ്ങളുടെ സാന്നിധ്യം പഴവർഗങ്ങളിൽ ചക്കയ്ക്കുമാത്രം അവകാശപ്പെടാൻ കഴിയുന്നതാണ്.

ചക്കക്കുരു കളയരുതേ

നമ്മൾ പലപ്പോഴും യാതെ‍ാരു പ്രാധാന്യവും കൊടുക്കാതെ കളയുന്ന ചക്കക്കുരു പോഷകങ്ങളുടെ കാര്യത്തിൽ നിസ്സാരനല്ല. മാംസ്യത്തിന്റെ (Protein) കാര്യത്തിൽ മറ്റു മാംസ്യ സമ്പുഷ്ടമായ ഭക്ഷണങ്ങളോട് ക‍ിടിപിടിക്കുന്നതാണ് ചക്കയുടെ കുരു. ഫൈറ്റോന്യൂട്രിയൻസ്, ഫ്ലേവനോയിഡ് എന്നിവയാൽ സമ്പുഷ്ടമായ ചക്കക്കുരു കാൻസറിനെ തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചുണ്ട്. ചക്കക്കുരു ഉണക്കിപ്പൊടിച്ച് പലഹാരങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാം.

പലരും ഉപയോഗിക്കാതെ കളയുന്ന ഒന്നാണ് ചക്കമടൽ. ഇതിൽ പെക്റ്റിൻ (pectin) ധാരാളമായി ഉള്ളതിനാൽ ജെല്ലി, ജാം എന്നിവ വളരെ ചെലവു കുറഞ്ഞ രീതിയിൽ ഉണ്ടാക്കാം. പെക്റ്റിൻ പ്രമേഹം, കൊളസ്ട്രോൾ, കാൻസർ എന്നിവ തടയുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചക്കയുടെ നട‍ുഭാഗം പശ നീക്കി, തിളപ്പിച്ചൂറ്റി എടുത്താൽ മാംസാഹാരത്തെ വെല്ലുന്ന രുചികരമായ കറികൾ തയാറാക്കാം.

രോഗങ്ങളെ തടയും

നമ്മുടെ ഇടയിൽ ഇന്നു സർവസാധാരണമായി വരുന്ന പല രോഗങ്ങളും വരാതെ തടയാനും അവയെ നിയന്ത്രിക്കാനും ചക്കയിൽ അടങ്ങിയിരിക്കുന്ന പല ജീവകങ്ങളും ധാതുക്കളും സഹായിക്കും. ആന്റി ഒാക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

പ്രമേഹവും ബിപിയും നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിനു ചക്കയിലെ നാരുകൾ പ്രധാന പങ്കു വഹിക്കുന്നു. പച്ചച്ചക്കയിൽ ധാരാളമായി കാണപ്പെടുന്ന നാരുകൾ അന്നജത്തിന്റെ ദഹനത്തെ സാവധാനമാക്കി രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ കൂടാതെ നിയന്ത്രണവിധേയമാക്കി നിർത്തുന്നു. പച്ചച്ചക്ക വേവിച്ചതു മിതമായ അളവിൽ ഒരു നേരത്തെ പ്രധാന ഭക്ഷണമായി കഴിക്കുന്നതു പ്രമേഹരോഗികളിൽ ഷുഗർ നിയന്ത്രണത്തിൽ നിർത്തുന്നത‍ായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പഴ‍ുത്ത ചക്ക പ്രമേഹരോഗികൾ രണ്ടു മൂന്നു ചുളയിൽ നിർത്തണം.

∙ രക്തസമ്മർദം: ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം പരിധിക്കുള്ളിൽ നിർത്താൻ ഏറെ സഹായിക്കുന്നു.

∙ കാൻസർ: നാരുകൊണ്ടു സമ്പുഷ്ടമായ ചക്ക കുടലുകളിൽ നിന്നും കാൻസർ ഉണ്ടാക്കുന്ന രസവസ്തുക്കളെ നീക്കം ചെയ്ത് ഇന്നു സർവസാധാരണമായ കുടൽ കാൻസറിനെ തടയാൻ സഹായിക്കുന്നു.

കാഴ്ചശക്തിക്കും

കാഴ്ചശക്തി വർധിപ്പിക്കാൻ ചക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം എ പ്രധാന പങ്കുവഹിക്കുന്നു.

∙ ചക്കയിൽ ധാരാളമായുള്ള ജീവകം ബി6 രക്തത്തിലെ ഹോമോസ‍ിസ്റ്റിന്റെ അളവു കുറച്ചു ഹൃദയാരോഗ്യം നിലനിർത്തുന്നു.

∙ വിളർച്ച: പാവങ്ങളുടെ മീറ്റ് എന്നു വിശേഷിപ്പിക്കുന്ന ചക്ക (പച്ചച്ചക്ക) ഇരുമ്പിനാൽ സമ്പുഷ്ടമായതിനാൽ രക്തയോട്ടം വർധിപ്പിച്ചു വിളർച്ചയ്ക്കു പരിഹാരം നൽകുന്നു.

∙ ഒാസ്റ്റിയോപൊറോസിസ്: ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെട‍ുത്തി എല്ലുകളെ ബലപ്പെടുത്തുന്നു.

ചക്ക സൂക്ഷിച്ചുവയ്ക്കാം

സീസണിൽ മാത്രം ലഭ്യമായ ഇത്രയും ഗുണങ്ങളുള്ള ചക്ക മറ്റു സമയങ്ങളിലേക്കും ലഭിക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി.

∙ പച്ചച്ചക്ക അരിഞ്ഞു വെയിലത്ത് ഉണക്കി സൂക്ഷിക്കാം.

∙ പച്ചച്ചക്ക കനം കുറച്ചരിഞ്ഞ് എണ്ണയിൽ വറുത്ത് സ്വാദിഷ്ഠമായ ഉപ്പേരിയായി ഉപയോഗിക്കാം.

∙ ചക്കക്കുരു ഉണക്കി പൊടിയാക്കി ഗോതമ്പുപൊടി, മൈദ ഇവയ്ക്കു പകരമായി ഉപയോഗിക്കാം. പ്രോട്ടീനിനാൽ സമ്പുഷ്ടമായതിനാൽ പയറുപരിപ്പുവർഗങ്ങൾക്കും പകരമായി ഉപയോഗിക്കാം.

∙ പഴുത്ത വരിക്കച്ചക്ക അരിഞ്ഞ് ഉണങ്ങി സൂക്ഷിച്ചാൽ സ്വാദിഷ്ഠമായ വിഭവങ്ങൾ തയാറാക്കാം.

∙ ചക്ക വരട്ടി എടുത്തുവച്ചാൽ അതു നീണ്ടകാലം കേടുകൂടാതെ ഇരിക്കും.

∙ ജാം, സ്ക്വാഷ് ഇവയാക്കിയും ചക്ക നമുക്കു പ്രയോജനപ്പെടുത്താം.

∙ പഴുത്ത ചക്ക ഷുഗർ സിറപ്പിൽ ഇട്ടുവച്ച് പല സ്വീറ്റ്സ് ഉണ്ടാക്കുന്നതിലും ഉപയോഗിക്കാം.

∙ പച്ചച്ചക്ക (ഇടിയൻചക്ക) കുറച്ചു വിനാഗിരിയും ഉപ്പും മഞ്ഞൾ പൊടിയും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവസ്യാനുസരണം പച്ചക്കറിയായി ഉപയോഗിക്കാം.