Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തോടെ താന്‍ മരിക്കേണ്ടതായിരുന്നെന്നു സെറീന വില്യംസിന്റെ വെളിപ്പെടുത്തല്‍

serena-williams

ടെന്നീസ് കോര്‍ട്ടിലെ മിന്നും താരം സെറീന വില്യംസിനു പെണ്‍കുഞ്ഞു പിറന്ന വാര്‍ത്ത കുറച്ചൊന്നുമല്ല ലോകം ഏറ്റെടുത്തത്. ഗര്‍ഭിണിയായ കാലം മുതല്‍ സെറീനയ്ക്കും ഭര്‍ത്താവിനുമൊപ്പം തന്നെ അവരുടെ കണ്‍മണിയെ കാണാന്‍ ആരാധകരും കാത്തിരിക്കുകയായിരുന്നു.

36 കാരിയായ സെറീനയ്ക്ക് ശസ്ത്രക്രിയ വഴി സെപ്റ്റംബറിലായിരുന്നു അലെക്സിസ് ഒളിംപിയ പിറന്നത്‌.  ഗര്‍ഭകാലത്ത് ഉടനീളം ആരോഗ്യപരിപാലനത്തിന് വലിയ ശ്രദ്ധ നല്‍കിയിരുന്ന സെറീനയ്ക്ക് പ്രസവത്തിനിടയില്‍ ഹൃദയമിടിപ്പ് ക്രമാതീതമായി കുറഞ്ഞതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. 

കുഞ്ഞുപിറന്ന് അടുത്ത ദിവസം മുതൽ സെറീനയ്ക്ക് കടുത്ത ശ്വാസതടസ്സം അനുഭപ്പെട്ടുതുടങ്ങി. ശ്വാസകോശത്തില്‍ നിരവധി ബ്ലഡ്‌ ക്ലോട്ടുകള്‍ ഉണ്ടെന്നു സ്കാനിങില്‍ കണ്ടെത്തി. തുടർന്ന് anti-coagulant drugs അടങ്ങിയ ട്രിപ്പ് നല്‍കാന്‍ തുടങ്ങി. എന്നാല്‍ പ്രശ്നം പിന്നെയും രൂക്ഷമായി. കടുത്ത ചുമ ആരംഭിച്ചതോടെ സിസേറിയന്റെ തുന്നലില്‍ വിടവുണ്ടായി. അതോടെ സെറീനയുടെ വയറ്റില്‍ രക്തം നിറയാന്‍ തുടങ്ങി. 

സെറീനയുടെ ശരീരത്തിലെ പ്രധാനരക്തധമനിയിലേക്ക്  ഡോക്ടര്‍മാര്‍ ഒരു ഫില്‍റ്റര്‍ ഘടിപ്പിച്ചു. രക്തം ശ്വാസകോശത്തില്‍ പ്രവേശിക്കാതിരിക്കാനും കൂടുതല്‍ ക്ലോട്ടുകള്‍ രൂപപ്പെടാതിരിക്കാനുമാണ് ഇത് ചെയ്തത്.  തുടര്‍ന്ന്ആറാഴ്ച പൂര്‍ണവിശ്രമം. 

സെറീനയുടെ ഈ അനുഭവം ഒരൊറ്റപ്പെട്ട സംഭവമല്ല. അമേരിക്കയില്‍ വര്‍ഷാവര്‍ഷം  100,000 സ്ത്രീകളില്‍ 25 പേര്‍ക്ക് പ്രസവസമയത്ത് ഈ അപകടം ഉണ്ടാകുന്നുണ്ട്. ഇതില്‍ തന്നെ കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ സ്ത്രീകള്‍ക്ക് ഈ സങ്കീര്‍ണതയ്ക്കുള്ള സാധ്യത മൂന്നിരട്ടിയാണ് എന്നും പറയപ്പെടുന്നു. സെറീനയുടെ കാര്യത്തിലും ഇതാകാം സംഭവിച്ചത്.

എന്നാല്‍ സ്വന്തം അനുഭവത്തോടെ ഈ സംഭവത്തിനെതിരെ തന്നാല്‍ കഴിയുന്ന ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയാണ് സെറീന. ലോകത്തെ ഏറ്റവും മികച്ച ചികിത്സയും വൈദ്യശാസ്ത്രഉപകരണങ്ങളും ലഭ്യമായ ആശുപത്രിയിലായിരുന്നു തന്റെ പ്രസവമെന്നു സെറീന പറയുന്നു. എന്നാല്‍ എല്ലാവർക്കും ഇത് സാധിക്കണമെന്നില്ല. ലോകത്ത് എവിടെയായാലും ഓരോ അമ്മയ്ക്കും കുഞ്ഞിനും ഗര്‍ഭകാലത്തും പ്രസവസമയത്തും മികച്ച ചികിത്സയും പരിചരണവും ലഭിക്കേണ്ടതുണ്ട്.

മരണത്തിന്റെ വക്കോളം എത്തിയിടത്തു നിന്നാണ് താന്‍ തിരിച്ചു വന്നതെന്ന് സെറീന ഓര്‍മിക്കുന്നു. നല്ലൊരു ശതമാനം നവജാതശിശുക്കളുടെ മരണനിരക്കും കുറയ്ക്കാന്‍ മികച്ച പരിചരണം കൊണ്ട് സാധിക്കും. ദരിദ്രരാഷ്ട്രങ്ങളില്‍ പ്രസവത്തോടനുബന്ധിച്ച് അമ്മയും കുഞ്ഞും മരിക്കുന്നതിന്റെ നിരക്ക് വളരെ വലുതാണെന്നു സെറീന പറയുന്നു. ഇതിനെതിരെ തനിക്കൊപ്പം കൈകോര്‍ക്കാനാണ് സെറീന ലോകത്തോടെ ആവശ്യപ്പെടുന്നത്. 

ദരിദ്രരാഷ്ട്രങ്ങളില്‍ പലപ്പോഴും അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ മരുന്നുകള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഗര്‍ഭിണികള്‍ക്ക് ആശുപത്രികളില്‍ എത്താന്‍ പോലും അവിടെ സാധിക്കുന്നില്ല. എന്നാല്‍ പുരോഗമനം അവകാശപ്പെടുമ്പോഴും അമേരിക്കയിലും ഇത്തരം മരണനിരക്കുകള്‍ ഏറുകയാണ് എന്നും സെറീന പറയുന്നു.  ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം അങ്ങനെ അമ്മയുടെയോ കുഞ്ഞിന്റെയോ മരണത്തിനു കാരണമാകുന്ന അവസ്ഥകള്‍  പലതാണ്. 

ഇവിടെയാണ്‌ ഗര്ഭാകാലത്തിനു മുന്‍പ് തന്നെ സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകത എടുത്തു പറയേണ്ടതെന്ന് മിഷിഗന്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ ലിന്‍ഡ്സെ  പറയുന്നു. ജീവിതചര്യയിലും ഭക്ഷണകാര്യത്തിലും പാലിക്കേണ്ട ചിട്ടകള്‍ ഈ പ്രതിസന്ധിക്ക് ഒരു അളവ് വരെ പരിഹാരമാണ്.  

പ്രസവശേഷം ഏകദേശം ഒരു മാസത്തോളം സെറീന മാധ്യമങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഒക്ടോബര്‍ മാസത്തോടെ കാമുകന്‍ അലക്സ്‌ ഒഹാനിയനുമായുള്ള വിവാഹത്തിനാണ് പിന്നീട് മകളുമായി സെറീന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ അപ്പോഴും താന്‍ നേരിട്ട ദുരവസ്ഥയെ കുറിച്ചു അവര്‍ പുറംലോകത്തോട്‌ പറഞ്ഞിരുന്നില്ല. ഫെബ്രുവരി മാസത്തില്‍ വോഗിന് നല്‍കിയൊരു അഭിമുഖത്തിലാണ് സെറീന ആദ്യമായി ഈ അവസ്ഥയെ കുറിച്ചു മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. 

കോര്‍ട്ടിലെ പ്രകടനത്തെക്കാള്‍ പ്രയാസകരമാണ് അമ്മയായുള്ള ജീവിതമെന്നും സെറീന പറയുന്നു. പലപ്പോഴും തനിക്ക് ഈ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നിരുന്നു. മാതൃത്വത്തിന്റെ നല്ല വശങ്ങളെ കുറിച്ചു മാത്രമേ എല്ലാവരും പറയുന്നുള്ളൂ അത് നമുക്ക് നല്‍കുന്ന ടെന്‍ഷന്‍ എത്രയെന്നു പലരും പുറത്തുപറയുന്നില്ല. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഇടയ്ക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. ഇന്നും കളിക്കളത്തിലെ ജീവിതവും സ്വകാര്യജീവിതവും ഒരുമിച്ചു സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെ സഹായിക്കുന്നത് ഭര്‍ത്താവാണെന്ന് സെറീന പറയുന്നു. അടുത്തിടെ സെറീനയുടെ കളി കാണാന്‍ ഭര്‍ത്താവും കുഞ്ഞു മകളും ഒന്നിച്ചു സ്റ്റേഡിയത്തില്‍ വന്നിരുന്നത് മാധ്യമശ്രദ്ധ നേടിയിരുന്നു.

Read More : ആരോഗ്യവാർത്തകൾ