മുഖക്കുരു ഉൾപ്പടെയുള്ള മുഖത്തെ മാറ്റങ്ങൾ ഈ രോഗങ്ങളുടെ സൂചനയാകാം

‘മുഖം മനസ്സിന്റെ കണ്ണാടി’ എന്ന ചൊല്ലിനെ മുഖം ആരോഗ്യത്തിന്റെ കണ്ണാടി എന്നു തിരുത്തി വായിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. കാരണം മുഖം നൽകുന്ന ചില സൂചനകൾ നിങ്ങളുടെ ആരോഗ്യത്തെ വെളിപ്പെടുത്തും. മുഖക്കുരു, വരണ്ടചുണ്ടുകൾ, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില ലക്ഷണങ്ങളാണ്. ഇതാ മുഖം നൽകുന്ന ചില സൂചനകൾ ഇവയാണ്.

∙ വരണ്ട ചർമവും ചുണ്ടുകളും

വരണ്ട ചുണ്ടുകൾ നിർജലീകരണത്തിന്റെ സൂചകങ്ങൾ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകൾ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം ഇതുമൂലമുണ്ടാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക. ദാഹം, മങ്ങിയ കാഴ്ച ഇവ ഹൈപ്പോതൈറോയ്ഡിസം മൂലം ഉണ്ടാകും.

∙ കണ്ണിന്റെ മഞ്ഞനിറം

കണ്ണിലെ മഞ്ഞനിറം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. എന്നാൽ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പും ആകാം ഇത്.

∙ മുഖത്തെ രോമങ്ങൾ

താടി, മേൽചുണ്ട്, കവിളിടങ്ങളിലെ രോമവളർച്ച എന്നിവ പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ സൂചനയാകാം.

∙ ചുവന്ന പാടുകൾ

ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പാടുകൾ മുഖത്തുണ്ടാകുന്നത് ദഹനപ്രശ്നങ്ങളുടെ സൂചനയാകാം. ശരീരം ഗ്ലൂട്ടനോട് അമിതമായി പ്രതികരിക്കുന്നതു മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ സീലിയാക് ഡിസീസിന്റെ സൂചനയും ആകാം ഈ പാടുകൾ.

∙ കണ്ണിനു ചുറ്റും നിറ വ്യത്യാസം

കണ്ണിനു ചുറ്റും നീലയോ പർപ്പിളോ നിറം മാറുന്നത് ഗുരുതരമായ അലർജിയുടെ ലക്ഷണമാകാം. കൂടാതെ രക്തത്തിലെ ദൂഷ്യം കൊണ്ടുമാകാം.

∙ കണ്ണിനു ചുറ്റും കറുത്ത വളയങ്ങൾ

ഉറക്കക്കുറവിന്റെയും ഭക്ഷണത്തിലെ ചില വിഷഹാരികളുടെ അലർജി മൂലമോ ആകാം കറുത്ത വളയങ്ങൾ. ഇവയെ നിസ്സാരമാക്കേണ്ട.

∙ മുഖക്കുരു

ഒരു പ്രത്യേക പ്രായത്തിൽ മുഖക്കുരു വരുകയും അത് താനേ പോകുകയും ചെയ്യും. എന്നാൽ ഈ കുഞ്ഞുകുരുക്കളെ അവഗണിക്കേണ്ട. പോഷകങ്ങളുടെ അഭാവം മൂലവും മുഖക്കുരു വരാം. ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം.

ഇനി കണ്ണാടി നോക്കുമ്പോൾ ഈ ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ എന്ന് നിങ്ങളുടെ മുഖം പറയും.

Read More : Health and Wellbeing