പിഞ്ചുകുഞ്ഞിന്റെ കൊഞ്ചൽരഹസ്യം

Image Courtesy : Vanitha Magazine

കുഞ്ഞുപൈതങ്ങൾ വെറുതെ കാ..കീ..കൂ..എന്നൊക്കെ ശബ്ദമുണ്ടാക്കുന്നതു കേട്ടിട്ടില്ലേ. ഇത്തരം തുടർച്ചയായ ശബ്ദങ്ങൾ അവർ വെറുതെ ശ്രദ്ധ പിടിച്ചുപറ്റാൻ ഉണ്ടാക്കുന്നതല്ല. മറിച്ച് അവർക്ക് സ്വയം കേൾക്കാൻ വേണ്ടിയാണത്രേ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്. എട്ടുമാസം പ്രായമായ കുഞ്ഞുങ്ങൾ ഇങ്ങനെ കാ..കീ.. ശബ്ദം ഉണ്ടാക്കുന്നില്ലെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശിശുചികിൽസാരംഗത്തുള്ള ഗവേഷകർ പറയുന്നു.

എന്തെങ്കിലും ശ്രവണ വൈകല്യമുള്ള കുഞ്ഞുങ്ങളാണത്രേ ഇത്തരത്തിൽ ശബ്ദമുണ്ടാക്കാതെ മൗനം പാലിക്കുന്നത്. ഇത്തരം കുഞ്ഞുങ്ങൾ സംസാരിച്ചു തുടങ്ങുന്നതിനും കാലതാമസമുണ്ടായേക്കാം. ഇങ്ങനെയൊരു വൈകല്യം ശ്രദ്ധയിൽ പെടുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണിക്കേണ്ടതാണ്. വാഷിങ്ടണിൽ നൂറോളം കുഞ്ഞുങ്ങളുടെ ശബ്ദങ്ങൾ പഠിച്ചുകൊണ്ടായിരുന്നു പഠനം.

കേൾവി ശക്തിയുള്ള കുഞ്ഞുങ്ങൾ ധാരാളം ശബ്ദമുണ്ടാക്കുന്നതായി പഠനത്തിൽ വ്യക്തമായി. എന്നാൽ ശ്രവണ വൈകല്യമുള്ള കുഞ്ഞുങ്ങൾ വളരെ കുറച്ചു മാത്രമേ ശബ്ദമുണ്ടാക്കുന്നുള്ളുവെന്നും ഗവേഷകർ കണ്ടെത്തി. എന്നാൽ കോക്ലിയർ ഇംപ്ലാന്റിനു ശേഷം ഇതേ കുഞ്ഞുങ്ങൾ ഇത്തരം ശബ്ദമുണ്ടാക്കുന്നത് വർധിച്ചതായും പഠനം അവകാശപ്പെടുന്നു.