ഗംഭീരം! ഇങ്ങനൊരു സസ്പെൻസ് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല

ഇന്റീരിയറിൽ മുഴുവൻ വെളിച്ചം വിതറുന്ന ഗ്ലാസ് ഇൻസ്റ്റലേഷനാണ് ഈ വീടിന്റെ പ്രധാന ആകർഷണം.

കൊട്ടിയം താഴത്തല സ്വദേശി ഷാനവാസ് തന്റെ വീടിന് പേരിട്ടിരിക്കുന്നത് ‘ദാർ–ഉൾ–സലാം’ എന്നാണ്. സമാധാനത്തിന്റെ കുടീരം എന്നാണ് ഈ അറബി വാക്കിന്റെ അർഥം. നാട്ടിലും വിദേശത്തുമായി ചിതറിക്കിടക്കുന്ന കുടുംബം വർഷത്തിലൊരിക്കൽ ഒന്നിക്കുന്നത് ഈ വീട്ടിൽ വച്ചാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ ദിവസങ്ങൾക്ക് വേദിയാകുന്ന വീടിന് ഇതല്ലാതെ ഏത് പേരാണ് യോജിക്കുക?

ഞാനിവിടെയുണ്ട് എന്നുറക്കെ പ്രഖ്യാപിക്കുന്ന രീതിയിലാണ് വീടിന്റെ എലിവേഷൻ. വിക്ടോറിയൻ ശൈലിയിൽ അഞ്ച് കിടപ്പുമുറികളുള്ളൊരു വീട് എന്നതായിരുന്നു ഷാനവാസിന്റെ ആഗ്രഹം. അതിൻമേൽ പിന്നീട് നടന്ന വിശദമായ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ കാണുന്ന ഡിസൈനിന്റെ പിറവി.

മറ്റ് വീടുകളിൽ നിന്ന് വേറിട്ട രീതിയിൽ എന്ത് ചെയ്യാന്‍ പറ്റുമെന്നായിരുന്നു ആർക്കിടെക്ട് ടീമിനോട് വീട്ടുകാർ ചോദിച്ച ചോദ്യം. സൂപ്പറൊരു  ഗ്ലാസ് ഇൻസ്റ്റലേഷൻ ഒരുക്കിയാണ് അവർ മറുപടി നൽകിയത്. വീടിന്റെ കോമൺ ഏരിയയിലുള്ള ഈ ചില്ലുകൂടാരം ഇന്റീരിയറിന്റെ പ്രധാന വെളിച്ച സ്രോതസ്സാണ്. 12 എംഎം കനമുള്ള ഗ്ലാസും മൈൽഡ് സ്റ്റീലും ഉപയോഗിച്ചാണ് നിർമാണം. സ്വകാര്യതയെ കരുതി നിലത്ത് നിന്ന് എട്ടടി പൊക്കത്തിൽ ഫ്രോസ്റ്റഡ് ഗ്ലാസ് നൽകി. വെളിച്ചത്തിനൊപ്പം ചൂടും കടന്നു വരുമെന്നതാണ് ഗ്ലാസിന്റെ ഒരു ദോഷം. ഇതിനെ മറികടക്കാൻ ഇന്റീരിയറിൽ ഒരേ നിരയിൽ ഗേബിൾ (Gable) ഓപനിങ്ങുകൾ നൽകിയിട്ടുണ്ട്. പരമ്പരാഗത വീടുകളിലെ മുഖപ്പിനു സമാനമായ ഇവയിലൂടെയാണ് ചൂടുവായു പുറത്തു കടക്കുക.

ഗ്ലാസ് ഇൻസ്റ്റലേഷനുള്ള ഭാഗത്ത് തന്നെയാണ് സ്റ്റെയർകെയ്സും നൽകിയത്. കോൺക്രീറ്റില്‍ നിർമിച്ച കോണിപ്പടി ഇരുവഴിയായി പിരിഞ്ഞാണ് മുകളിലേക്ക് പോകുന്നത്. പടികളിൽ തടികൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുന്ന കോണിപ്പടിയുടെ കൈവരികൾക്ക് ഗ്ലാസും സ്റ്റീലും ഉപയോഗിച്ചു. ഭംഗിയുള്ള രണ്ട് പെബിൾകോർട്ടുകളും ഇവിടെ കാണാം.

ഇന്‍സ്റ്റലേഷൻ വരുന്ന ഭാഗം വീടിനെ രണ്ടായി ഭാഗിക്കുന്നു. മുൻഭാഗത്ത് ഒന്നൊഴികെയുള്ള കിടപ്പുമുറികളും, പിൻഭാഗത്ത് അടുക്കള, ഹാൾ തുടങ്ങിയ പൊതുഇടങ്ങളും. മുകൾ നിലയിൽ, ഈ രണ്ട് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നത് ഒരു മെറ്റല്‍ ബ്രിഡ്ജ് ആണ്. ഇതിലും തടി പാകിയത് ഉചിതമായ തീരുമാനമായി.

ലിവിങ് സ്‌പേസിൽ ആഡംബരങ്ങള്‍ പൂർണമായി ഒഴിവാക്കി. മൾട്ടിവുഡിൽ തീർത്ത ജാളി വർക്ക് മാത്രമാണ് അപവാദം. വെള്ളനിറത്തിനൊപ്പം വുഡൻ ഫിനിഷ് ആണ് ഇന്റീരിയറിന്റെ തീം. ഹാളിലെ ടിവി വോളിൽ പ്ലൈവുഡും വെനീറും ഉപയോഗിച്ച് ക്ലാഡിങ് ചെയ്തിരിക്കുന്നു. തടിക്കു സമാനമായ നിറത്തിലുള്ള ബ്ലൈൻഡുകളാണ് എല്ലാ ജനാലകൾക്കും.

ഐലൻഡ് കിച്ചൻ രീതിയിലാണ് അടുക്കള ഒരുക്കിയത്. വീട്ടുകാരുടെ ആവശ്യപ്രകാരം പാത്രങ്ങൾ തൂക്കിയിടാൻ പാൻ ഹാങ്ങര്‍ (pan hanger) പ്രത്യേകം ഡിസൈൻ ചെയ്തിട്ടുണ്ട്.

എല്ലാ കിടപ്പുമുറികൾക്കും പ്രത്യേകം ഡ്രസ്സിങ് ഏരിയ നൽകി. പൊതു ഇടങ്ങളിലെല്ലാം ഫ്ലോറിങ്ങിന് ഫ്ലെയിംഡ്, പോളിഷ്ഡ് ഗ്രാനൈറ്റ് ഉപയോഗിച്ചു. മാസ്റ്റർ ബെഡ്റൂമിൽ വുഡൻ ലാമിനേറ്റ്സ് ആണ് തറയിൽ പാകിയത്. മറ്റ് കിടപ്പുമുറികളിൽ വിട്രിഫൈഡ് ടൈലുകൾ. നീളത്തിലുള്ള ജനാലകളാണ് കിടപ്പുമുറികളുടെ മറ്റൊരു സവിശേഷത. അടുത്ത ഒത്തുകൂടലിനായുള്ള കാത്തിരിപ്പിലാണ് വീടും വീട്ടുകാരും.

Project Facts

Area: 4244 Sqft

Architect Team: ഈഗോ ഡിസൈനിങ് സ്റ്റുഡിയോ

തിരുവനന്തപുരം

egodesignstudio@gmail.com

Location: കൊട്ടിയം, കൊല്ലം

Year of completion: നവംബർ, 2016

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.