ഈ വീട് കണ്ട് ആളുകൾ അസൂയപ്പെടുന്നു, കാരണം...

രാത്രിയിൽ മഞ്ഞവിളക്കുകൾ കൂടി തെളിയുമ്പോൾ വീടും മുറ്റവും നടവഴികളും ഉൽസവഛായയിൽ നീരാടി നിൽക്കും.

മരങ്ങൾ തണൽ വിരിക്കുന്ന ഇടവഴികൾ, കൊഴിഞ്ഞു വീണ ഇലകൾ കാൽപനികഛായ നൽകുന്ന നടവഴികൾ...ഇവയെല്ലാം കടന്നു അകത്തേക്ക് ചെല്ലുമ്പോൾ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുകയാണ് ആ വീട്. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ വിശാലമായ ഒന്നേകാൽ ഏക്കറിൽ 10750 ചതുരശ്രയടിയിലാണ് ട്രഡീഷണൽ, മോഡേൺ ശൈലികളുടെ മിശ്രണമായി ഈ വീട് സ്ഥിതി ചെയ്യുന്നത്. വിശാലമെന്നല്ല, അതിവിശാലമെന്നു വേണം മുറ്റത്തെ വിശേഷിപ്പിക്കാൻ.

വീടിന്റെ ഒരു വശത്തായി വിശാലമായ കാർ പോർച്ച്. ഒരു ഹോട്ടൽ ലോബിയെ അനുസ്മരിപ്പിക്കും വിധം വിശാലമായ കവാടമാണ് വീടിനു നൽകിയത്. ഇവിടെ ഒന്നും ചെറുതല്ല. എല്ലാം വിശാലമാണ്. തുറസായ അകത്തളങ്ങളാണ് ഒരുക്കിയത്. ഡബിൾ ഹൈറ്റിൽ നൽകിയ മേൽക്കൂര ഇതിനു അകമ്പടി നൽകുന്നു. 

വൈറ്റ് തീമിലാണ് സ്വീകരണമുറിയിലെ ഫർണിച്ചർ. ഇവിടെ നിന്നും പുറത്തെ ഉദ്യാനത്തിലേക്ക് ഇറങ്ങാനായി ഗ്ലാസ് ഡോർ നൽകി. ഭിത്തിയിൽ ടെക്സ്ചർ പെയിന്റ് നൽകി. ജിപ്സം സീലിങ്ങും വാം ടോൺ ലൈറ്റിങ്ങും അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. പുറത്തെ പച്ചപ്പ് ആസ്വദിക്കാനായി നിരവധി ഗ്ലാസ് ജാലകങ്ങളും കവാടങ്ങളും ഒരുക്കിയിരിക്കുന്നു.

സാധാരണ വീടുകളിൽ പേരിന് ഒരു നടുമുറ്റം നൽകുമ്പോൾ ഇവിടെ ഹാളിന്റെ നല്ലൊരു ഭാഗം കോർട്യാർഡിനായി മാറ്റിവച്ചിരുന്നു. മുകളിലെ സ്‌കൈലൈറ്റിലൂടെ സമൃദ്ധമായി പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. പകൽസമയങ്ങളിൽ വീടിനകത്ത് ഫാനും ലൈറ്റും ഇടേണ്ട ആവശ്യമില്ല. ഗോവണിയുടെ വശത്തായി വുഡൻ ഡെക്ക് നൽകി സിറ്റിങ് സ്‌പേസ് ക്രമീകരിച്ചു. ചെടികൾ വീടിനുള്ളിലും പച്ചപ്പ് നിറയ്ക്കുന്നു. കോർട്യാർഡിനു  സമീപം വിശാലമായ ഊണുമേശ നൽകി.

ആറു കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാം വിശാലം തന്നെ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി ഏരിയ എന്നിവയെല്ലാം ഇവിടെ സുസജ്ജം.

വൈറ്റ് തീമിലാണ് മോഡേൺ ശൈലിയിൽ ഒരുക്കിയ ഐലൻഡ് കിച്ചൻ. വൈറ്റ് ലാക്കേഡ് ഗ്ലാസാണ് കബോർഡുകൾക്ക് നൽകിയത്. ഫ്രിഡ്ജ്, അവ്ൻ തുടങ്ങിയയെല്ലാം ബിൽറ്റ്-ഇൻ ആയി ഉൾപ്പെടുത്തി. 

രാത്രിയിൽ മഞ്ഞവിളക്കുകൾ കൂടി തെളിയുമ്പോൾ വീടും മുറ്റവും നടവഴികളും ഉൽസവഛായയിൽ നീരാടി നിൽക്കും. വീട് കണ്ടുകഴിഞ്ഞാൽ ചെറിയ കാഴ്ചകൾക്ക് മാത്രമല്ല വലിയ കാഴ്ചകൾക്കും ചേലുണ്ട് എന്ന് ബോധ്യമാകും.

  

Project Facts

Location- Kolenchery, Ernakulam

Plot- 1.24 acre

Area- 10750 SFT

Owner- Eldow C Peter

Architect- Sebastian Jose

Silpi Architects, Thevara, Kochi

e: mail@silpiarchitects.com

Ph- +91-484-2663448 / 2664748