രണ്ടാഴ്ച, ആറര ലക്ഷം രൂപ, പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി!

മഹാപ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി വീടുകളാണ് വയനാട്ടിൽ തകർന്നത്. പ്രളയശേഷമുള്ള അതിജീവനത്തിനു മാതൃകയാവുകയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ വടകര തണൽ എന്ന ചാരിറ്റബിൾ പ്രസ്ഥാനം നിർമിച്ച ഈ വീട്. പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേവലം രണ്ടാഴ്ച കൊണ്ട് നിർമിച്ച ഈ വീടിന്റെ നിർമാണച്ചെലവ് ആറര ലക്ഷം രൂപ മാത്രമാണ്!

560 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഭൂനിരപ്പിൽ നിന്നും ഒന്നരമീറ്റർ ഉയർത്തി പില്ലർ നൽകിയാണ് വീടിന്റെ അടിത്തറ നിർമിച്ചത്. വീടിന്റെ ചട്ടക്കൂട് മുഴുവൻ ജിഐ ഫ്രയിമുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ ഫൈബർ സിമന്റ് ബോർഡുകൾ ഘടിപ്പിക്കുന്ന റാപിഡ് കൺസ്ട്രക്ഷൻ രീതിയാണ് ഇവിടെ അവലംബിച്ചത്. 

ഫൈബർ സിമന്റ് ബോർഡാണ് ഭിത്തികൾക്ക് ഉപയോഗിച്ചത്. ഭാരം കുറവ്, ഈർപ്പത്തെ പ്രതിരോധിക്കുന്നു എന്നീ ഗുണങ്ങളുമുണ്ട് ഫൈബർ സിമന്റ് ബോർഡിന്.

വെള്ളപ്പൊക്കം വന്നാൽ കേടുവരാത്ത വിധത്തിൽ നിർമിച്ച ഇത്തരം നൂറോളം പ്രീഫാബ് വീടുകൾ വിവിധ ഭാഗങ്ങളിൽ കേരളത്തിന്റെ പുനർനിർമിതിക്കായി ഒരുക്കുകയാണ് തണൽ. വയനാട് പനമരത്ത് രണ്ടാഴ്ച കൊണ്ട് 16 വീടുകൾ നിർമിക്കുന്നതാണ് തണലിന്റെ അടുത്ത ദൗത്യം.