Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പണി കിട്ടും! വസ്തു ഇടപാടുകൾക്കുപിന്നാലെ ആദായനികുതി വകുപ്പ്

x-default ബെനാമി ഇടപാടിൽ യഥാർഥ ഉടമ രംഗത്തു വരാതിരിക്കുകയും പ്രമാണത്തിലുള്ള പേരുകാരന് പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ കഴിയാതിരിക്കുകയും ചെയ്താലും വസ്തു കണ്ടുകെട്ടും.

ബെനാമി ഉൾപ്പെടെ സ്രോതസ് വെളിപ്പെടുത്താൻ കഴിയാത്ത വസ്തു ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് സംസ്ഥാനത്തു കൂടുതൽ പേർക്ക് നോട്ടിസ് നൽകും. കോടികളുടെ മൂല്യമുള്ള വസ്തു ബെനാമിയാണെന്നു കണ്ടാൽ സർക്കാരിലേക്കു കണ്ടുകെട്ടുകയാണ് അടുത്ത നടപടി.

ഇന്ത്യയാകെ ഇത്തരം 20,000 ഇടപാടുകൾ ബെനാമിയോ കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയതോ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക ഉൾപ്പെട്ട കേസുകൾക്കാണ് ആദ്യം നോട്ടിസ് നൽകുക. അതിന്റെ ഭാഗമായി കേരളത്തിൽ ഇതിനകം ഇരുപതിലേറെപ്പേർക്കു നോട്ടിസ് നൽകി. ഇവർ ഹാജരായി പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണം. വീട്, സ്ഥലം, സ്വർണം എന്നിവയുടെ ഇടപാടുകൾ നടത്തിയവർക്കെതിരെയാണു നടപടി. എന്നാൽ എല്ലാം ബെനാമി ഇടപാട് ആവണമെന്നില്ല.

ചില കേസുകളിൽ ഏതെങ്കിലും വിധത്തിൽ സ്വന്തമായി ലഭിച്ച കള്ളപ്പണം തന്നെയാകും പണ ഇടപാടിലെ സ്രോതസ്. പക്ഷേ അതു വിശദീകരിക്കേണ്ടി വരും. വിശദീകരണം ശരിയാണെങ്കിലും നിയമവിധേയമായ പ്രവർത്തികളിലൂടെ ലഭിച്ച പണമാണെങ്കിലും അധികമായി ലഭിച്ച വരുമാനത്തിന് നികുതിയും പിഴയും കൊടുത്താൽ മതിയാകും. അങ്ങനെയല്ലെങ്കിൽ വസ്തു കണ്ടുകെട്ടും. ബെനാമി ഇടപാടിൽ യഥാർഥ ഉടമ രംഗത്തു വരാതിരിക്കുകയും പ്രമാണത്തിലുള്ള പേരുകാരന് പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ കഴിയാതിരിക്കുകയും ചെയ്താലും വസ്തു കണ്ടുകെട്ടും.

വസ്തു വിറ്റയാൾ പണം ബാങ്കിലിടുകയും പ്രമാണത്തിലെ തുകയുമായി അതു പൊരുത്തപ്പെടാതിരിക്കുകയും ചെയ്തതാവാം ഇത്തരം ഇടപാടുകൾ കണ്ടെത്തുന്നതിലേക്കു നയിച്ച ഒരു കാരണം. ഇവയെക്കുറിച്ച് നിശബ്ദമായി അന്വേഷണം നടക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങ‌ളിൽ. കേരളത്തിൽ ആദ്യ ഘട്ടമായി നൽകിയ നോട്ടിസുകളിൽ വലിയൊരു ഭാഗം കണ്ണൂർ ജില്ലയിലാണ്. വസ്തു ഇടപാടുകളാണു ഭൂരിപക്ഷവും. തുകയുടെ വലിപ്പം അനുസരിച്ചു മുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ നോട്ടീസ് നൽകിയിട്ടുള്ളതെന്നും താഴെ കൂടുതൽ പേർക്കു നോട്ടിസ് പിറകേ വരുമെന്നും ആദായനികുതി വൃത്തങ്ങൾ വെളിപ്പെടുത്തി. ഇടപാടു തുക ഏറ്റവും കൂടുതലിൽ നിന്നു താഴോട്ടാണ് നടപടി. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതും നടപടി ക്രമങ്ങൾ സാവധാനത്തിലാക്കുന്നു.

നോട്ട് നിരോധനം നടന്ന കാലത്തുതന്നെ അടുത്ത ഘട്ടം ബെനാമി ഇടപാടുകാരെ പിടികൂടലാണെന്ന് കേന്ദ്ര ധനവകുപ്പിന്റെ ഉന്നതങ്ങളിൽ നിന്നു പ്രഖ്യാപനമുണ്ടായിരുന്നു. അടുത്ത ഘട്ടത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. ബെനാമി ഇടപാട് നിരോധന നിയമം (2016) അനുസരിച്ചാണു നടപടി.

ബെനാമി ഇടപാട്

ഒരാളുടെ പണം ഉപയോഗിച്ചു വാങ്ങുന്ന സ്ഥലമോ സ്വർണമോ വീടോ അതുപോലുള്ള ആസ്തിയോ മറ്റൊരാളുടെ പേരിൽ റജിസ്റ്റർ ചെയ്തുവയ്ക്കുന്നതാണ് ബെനാമി ഇടപാട്. പ്രമാണത്തിലെ പേരുകാരന് ഇത്തരമൊരു ആസ്തി ഉണ്ടാക്കാനുള്ള വരുമാനം ഉണ്ടാവണമെന്നില്ല. 

Read more on Real Estate Income Tax