Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതിക്കുഴികൾ നിരവധി, വീടുവിറ്റ് മറ്റൊന്നു വാങ്ങുമ്പോൾ ശ്രദ്ധിക്കണേ...

buying home ഉടമയ്ക്ക് പകരം മറ്റാരെങ്കിലുമാണ് വിൽപ്പന നടത്തുന്നതെങ്കിൽ പവർ ഓഫ് അറ്റോർണി ഉണ്ടെന്ന് ഉറപ്പാക്കണം.

രണ്ടുവർഷത്തിലധികം കൈവശം വച്ച വീടു വിറ്റ് മറ്റൊരു വീടു വാങ്ങിയാലോ പുതിയ വീട് നിർമിച്ചാലോ ആദ്യത്തേത് വിറ്റപ്പോൾ കിട്ടിയ മൂലധനലാഭത്തിന് ആദായനികുതി കൊടുക്കേണ്ടതില്ല. ആദായനികുതി നിയമത്തിലെ നിബന്ധനകൾ പാലിക്കുന്നവർക്കാണ് ഈ സൗജന്യം ലഭിക്കുക. ദീർഘകാല മൂലധനലാഭത്തിന്റെ 20 ശതമാനമാണ് നികുതി ബാധ്യത. മൂലധനലാഭം മുഴുവൻ പുതിയൊരു വീട് വാങ്ങുന്നതിനോ വീടു നിർമിക്കുന്നതിനോ വിനിയോഗിച്ചാൽ നികുതി അടയ്ക്കേണ്ടതില്ല. പക്ഷേ, ആദായനികുതി റിട്ടേൺ സമർപ്പിക്കണം.

∙ വ്യക്തികൾക്കും അവിഭക്ത കുടുംബങ്ങൾക്കും മാത്രമാണ് ഈ ആനുകൂല്യം. കൈമാറ്റം ചെയ്യുന്നതും വീടു തന്നെയാകണം (വാണിജ്യ കെട്ടിടങ്ങളാകരുത്.). വാങ്ങുന്ന അഥവാ നിർമിക്കുന്ന വീട് ഇന്ത്യയിൽ തന്നെയാകണം. കൈമാറ്റക്കാരൻ രണ്ടുവർഷത്തിലധികം ഈ വീട് കൈവശം വച്ചതുമാകണം.

∙ വിറ്റ തീയതിക്കു മുമ്പ് ഒരു വർഷത്തിനകമോ വിറ്റ ശേഷം രണ്ടുവർഷത്തിനകമോ മറ്റൊരു വീടു വാങ്ങുകയോ മൂന്നുവര്‍ഷത്തിനകം പുതിയൊരു വീട് നിർമിക്കുകയോ ചെയ്യണം.

∙ വീട് വിറ്റ ആളിന്റെ തന്നെ പേരിലാകണം പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്യേണ്ടത്. അടുത്ത മൂന്നുവർഷത്തിനകം ഇതു കൈമാറ്റം ചെയ്യാനും പാടില്ല.

രേഖകൾ പരിശോധിക്കാം

land-registration

∙ വാങ്ങുന്ന വീടിന് വ്യക്തമായ പ്ലാൻ ഉണ്ടെന്നും അനുമതിയോടെയാണ് നിർമിച്ചതെന്നും ഉറപ്പാക്കുക. ഒറിജിനൽ ആധാരം കണ്ട് ബാധ്യതകളില്ലെന്ന് ഉറപ്പാക്കണം. വീട്, സ്ഥലം എന്നിവയുടെ കരമടച്ച രസീതും പരിശോധിക്കണം.

∙ സ്ഥലം അളന്ന് ആധാരത്തിൽ പറഞ്ഞതുമായി ഒത്തുനോക്കണം. കുടുംബസ്വത്താണെങ്കിൽ ഭാഗപത്രാധാരം നിർബന്ധമായും പരിശോധിക്കണം. സർവേ നമ്പറെടുത്ത് തദ്ദേശസ്ഥാപനത്തിൽ ചെന്നു പരിശോധിച്ചാൽ സ്ഥലം അക്വയർ ചെയ്യാനുള്ളതാണെങ്കില്‍ അറിയാം.

∙ ബാങ്ക് ലോൺ ഉണ്ടായിരുന്ന വീടുകളുടെ രജിസ്ട്രേഷനു മുമ്പ് വായ്പ എടുത്ത ബാങ്കിൽ നിന്നു നോൺ എൻകംബ്രൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം. വസ്തുവിന്റെ പേരിൽ മറ്റാരോടും നിയമപരമായ ബാധ്യത ഇല്ലെന്ന് തെളിയിക്കാൻ ബാധ്യതാ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.

∙ ഉടമയ്ക്ക് പകരം മറ്റാരെങ്കിലുമാണ് വിൽപ്പന നടത്തുന്നതെങ്കിൽ പവർ ഓഫ് അറ്റോർണി ഉണ്ടെന്ന് ഉറപ്പാക്കണം.

∙ കെട്ടിടനിർമാണ ചട്ടങ്ങൾ പാലിച്ചാണ് വീട് നിർമിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കണം. ചട്ടലംഘനം തെളിഞ്ഞാൽ അധികാരികള്‍ വീട് തന്നെ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടേക്കാം.

∙ കെട്ടിട നിർമാണത്തിനാവശ്യമായ അനുമതി പത്രങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം. നിങ്ങൾക്ക് സ്ഥലം വിൽക്കുന്ന ആളുടെ പേര് ആധാരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. കൈവശാവകാശ സർട്ടിഫിക്കറ്റും വാങ്ങണം.

∙ പാര്‍പ്പിട സമുച്ചയമാണെങ്കിൽ ഇന്റേണൽ റോഡുകൾ, പൊതു കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ അവകാശത്തിൽ കൃത്യമായ രേഖകൾ നേടിയിരിക്കണം. വസ്തു, വീട് എന്നിവയുമായി ബന്ധപ്പെട്ട നികുതികൾ കൃത്യസമയത്ത് അടച്ചിട്ടുണ്ട് എന്നതിന്റെ രേഖകളും പരിശോധിക്കണം.

∙ വീട് നിർമിക്കാനുള്ള അനുമതി നൽകുന്നത് കേരള മുനിസിപ്പൽ ബിൽഡിങ് നിയമം അനുസരിച്ചാണ്. ഈ നിയമപ്രകാരം വീട് നിർമിക്കാൻ ലഭിച്ച അനുമതി പ്ലാനും വീടിന്റെ നിർമിതിയും താരതമ്യം ചെയ്ത് നിയമലംഘനമില്ലെന്ന് ഉറപ്പാക്കണം.