Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർപ്പിടമോ പണമോ കിട്ടും; കടബാധ്യതാ നിയമം കർക്കശമാക്കി

x-default

നിങ്ങൾ ഒരു പാർപ്പിടം സ്വന്തമാക്കാൻ ആഗ്രഹിച്ച് പണം നൽകിയെങ്കിലും കെട്ടിട നിർമാണ കമ്പനിയുടെ ചതിയിൽപ്പെട്ട് ഒടുവിൽ പണവുമില്ല, വീടുമില്ല എന്ന അവസ്ഥയിലാണോ? പ്രശ്നം പരിഹരിക്കാൻ അവസരം ഒരുങ്ങി. കേന്ദ്ര കടബാധ്യതാ നിവാരണ നിയമത്തിൽ (ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്റ്റ്സി കോഡ്) പാർപ്പിടം വാങ്ങാൻ പണം കൊടുത്തവരെയും ധനകാര്യ കടക്കാരായി (ഫിനാൻഷ്യൽ ക്രെഡിറ്റേഴ്സ്) അംഗീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചു. 

അതിനർഥം പണം കിട്ടാനുള്ളവർക്ക് കെട്ടിടനിർമാണ കമ്പനിക്കെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യുണൽ (എൻസിഎൽടി) എന്ന കോടതിയിൽ കേസ് നൽകാമെന്നാണ്. കോടതി ഒരു ഇൻസോൾവൻസി പ്രഫഷനലിനെ പ്രശ്നപരിഹാരത്തിനു ചുമതലപ്പെടുത്തും. മാത്രമല്ല ഹർ‍ജിക്കാരുടെ പ്രതിനിധിയായി മറ്റൊരു ഇൻസോൾവൻസി പ്രഫഷനലിനെയും ചുമതലപ്പെടുത്തും. അതോടെ കമ്പനിയുടെ മേൽ ഡയറക്ടർമാർക്ക് അധികാരം നഷ്ടപ്പെടുന്നു. കമ്പനിയുടെ ആസ്തികളെ ഏറ്റെടുക്കുന്നു. തുടർന്നും കമ്പനിയുടെ ബിസിനസ് നടത്തി പാർപ്പിടം പണി തീർത്തു നൽകണോ, അതോ കമ്പനിയുടെ ആസ്തികൾ വിറ്റ് പണം തിരികെ നൽകണോ എന്നതു തീരുമാനിക്കുക കമ്പനിയുടെ കടക്കാരുടെ കമ്മിറ്റി തന്നെയാണ്.

real-estate

പാർപ്പിട നിർമാണ തട്ടിപ്പുകൾ അനേകം നടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്കു വലിയൊരു അനുഗ്രഹമാണ് ഈ ഓർഡിനൻസ് എന്നു കരുതപ്പെടുന്നു. ജൂൺ ആറിനു പുറപ്പെടുവിച്ച ഓർഡിനൻസ് അന്നു തന്നെ പ്രാബല്യത്തിലായി. കേന്ദ്ര ഗസറ്റിൽ ഓർഡിനൻസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാൽ പാർപ്പിട നിർമാതാക്കൾ വ്യക്തികളോ, പാർട്ണർഷിപ് സ്ഥാപനങ്ങളോ ആണെങ്കിൽ ഓർഡിനൻസ് ബാധകമല്ല. ലിമിറ്റഡ് ലയബിലിറ്റി കമ്പനിയോ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പോ തന്നെയാവണം. പൊതുവായ അറിയിപ്പ് നൽകി ക്ലെയിം ഉള്ളവർക്കെല്ലാം 14 ദിവസത്തിനകം അവ സമർപ്പിക്കാൻ കോടതി നിയമിച്ച ഇൻസോൾവൻസി പ്രഫഷനൽ അവസരം നൽകും. കടക്കാരെയും ഉൾപ്പെടുത്തി കടബാധ്യതാ വിദഗ്ധൻ (ഇൻസോൾവൻസി പ്രഫഷനൽ) രൂപം കൊടുക്കുന്ന കമ്മിറ്റിയാണ് പിന്നീട് തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. 

flats

നിലവിൽ ഇങ്ങനെ വഞ്ചിക്കപ്പെട്ടവർ യോഗം കൂടുകയും പ്രമേയം പാസാക്കുകയും ചെയ്യുന്നതല്ലാതെ പുരോഗതി ഉണ്ടാവാറില്ല. അതിനു പകരം മൂർച്ചയുള്ള പല്ലുകളോടെയാണ് പുതിയ നിയമത്തിന്റെ വരവെന്ന് ഇൻസോൾവൻസി പ്രഫഷനൽ ശങ്കർ പണിക്കർ ചൂണ്ടിക്കാട്ടി. നിയമം കർക്കശമായതിനാൽ കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ ബിൽഡർമാർക്കു പ്രേരണയാവുന്നു. ഒന്നുകിൽ ഫ്ളാറ്റോ വീടോ അല്ലെങ്കിൽ കൊടുത്ത പണമോ തിരികെ കിട്ടാൻ അതോടെ വഴിയൊരുങ്ങും.

ഈ കമ്മിറ്റിയുടെ ഏതു തീരുമാനവും നടപ്പാക്കാൻ നേരത്തേ 75% പേർ അംഗീകരിക്കണമായിരുന്നത് 66% പേർ എന്നു ചുരുക്കി. സാധാരണ തീരുമാനങ്ങൾക്ക് 51% പേരുടെ കേവല ഭൂരിപക്ഷവും മതി.

 കമ്മിറ്റിയിലെ 90% പേരും ചേർന്നു തീരുമാനിച്ചാൽ എൻസിഎൽറ്റി കോടതിയിലെ കേസ് പിൻവലിക്കാം. കോടതിക്കു പുറത്തെ ഒത്തുതീർപ്പുകൾക്ക് അതു വഴിയൊരുക്കും. നിലവിൽ എൻസിഎൽടി ചെന്നൈയിലാണുള്ളത്. കേരളത്തിൽ നിന്നുള്ള ഹർജികൾ അവിടെയാണു നൽകേണ്ടത്. എന്നാൽ കൊച്ചിയിൽ കാക്കനാട്ട് റജിസ്ട്രാർ ഓഫ് കമ്പനീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ രണ്ടു നിലകൾ ഇതിനായി തയാറാക്കി വരികയാണ്. എൻസിഎൽറ്റി ബഞ്ച് വരുന്നതോടെ കൊച്ചിയിൽ ഹർജി നൽകിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക്–ibbi.gov.in