Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാപ്രളയത്തെ അതിജീവിച്ച് 100 വർഷം പഴക്കമുള്ള വീട്; അതും കുട്ടനാട്ടില്‍

home-flood വീട്ടുകാരെപ്പോലും അതിശയിപ്പിച്ചുകൊണ്ടാണ് കേടുപാടുകളില്ലാതെ വീട് തലയെടുപ്പോടെ അവരെ കാത്തിരുന്നത്. 170 വർഷം മുമ്പ് കേരളം കണ്ട മറ്റൊരു മഹാപ്രളയത്തിന് ശേഷമാണ് വീട് പണിയുന്നത്.

കേരളം കണ്ട മഹാപ്രളയത്തിലും കുലുങ്ങാതെ 100 വർഷം പഴക്കമുള്ള വീട്. ജലം കൊണ്ട് ആഴമേറിയ മുറിവുകൾ ഉണ്ടായ കുട്ടനാട്ടിലാണ് ഈ വിസ്മയവീടുള്ളത്. മങ്കൊമ്പ് ചതുർഥ്യാകരിയിൽ പമ്പയാറിന്റെ തീരത്തുതന്നെയാണ് ആറ്റുപുറമെന്ന വീട് സ്ഥിതി ചെയ്യുന്നത്.

പഴയ വീടിനോട് ചേർന്ന് പണിത രണ്ടുമുറിയിലൊഴികെ മറ്റെങ്ങും വെള്ളം കയറിയില്ല. മൊത്തം അഞ്ച് മുറികളും രണ്ട് അറകളും ഒരു നിലവറയും മച്ചുമുണ്ട് ഈ വീട്ടിൽ. പഴയമുറികളെല്ലാം തടിയിലാണ് നിർമിച്ചിരിക്കുന്നത്. പുതിയ മുറികളിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും വസ്ത്രങ്ങളും വാക്വംക്ലീനറുമൊഴികെ പറയത്തക്ക നാശനഷ്ടങ്ങളൊന്നും വീടിനെ ബാധിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. അതു കൂടി കണക്കാക്കിയാലും രണ്ടുലക്ഷത്തിൽ താഴെയാണ് നഷ്ടകണക്കുകൾ. 

attupuram-home

പ്രളയത്തെത്തുടർന്ന് ഗൃഹനാഥനായ ശ്രീകുമാർ കുടുംബത്തോടൊപ്പം അമ്പലപ്പുഴയുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. തിരികെ കുട്ടനാട്ടിലെത്തുമ്പോൾ വീട് ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഇവർ. ഇത്രയും പഴക്കമുള്ള വീടിന്റെ കുറച്ചുഭാഗമെങ്കിലും അവശേഷിച്ചാൽ മതിയെന്ന ചിന്തയായിരുന്നു. എന്നാൽ വീട്ടുകാരെപ്പോലും അതിശയിപ്പിച്ചുകൊണ്ടാണ് കേടുപാടുകളില്ലാതെ വീട് തലയെടുപ്പോടെ അവരെ കാത്തിരുന്നത്. 170 വർഷം മുമ്പ് കേരളം കണ്ട മറ്റൊരു മഹാപ്രളയത്തിന് ശേഷമാണ് വീട് പണിയുന്നത്.

attupuram-flood

അന്നത്തെ വെള്ളപ്പൊക്കം കണ്ട പഴമക്കാർ വീണ്ടുമൊരു വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടിക്കണ്ടു നിർമിച്ചതുകൊണ്ടാകാം പ്രളയവുംകടന്ന് വീട് നിലനിൽക്കുന്നതെന്നാണ് ശ്രീകുമാർ പറയുന്നത്. ഇപ്പോൾ പണിത രണ്ടുമുറികളൊഴികെ മറ്റുള്ളവയെല്ലാം നല്ല ഉയരത്തിലാണ് പണിതിരിക്കുന്നത്. പമ്പയാർ വീട്ടിലൂടെ കയറിയിറങ്ങിപ്പോയിട്ടും ജലംകൊണ്ട് മുറിവേൽക്കാതെ സംരക്ഷിച്ചത് വീട്ടിലെ നിലവറയാണ്. കയറിയ വെള്ളമെല്ലാം നിലവറയിലൂടെ ഭുമിയുടെ അടിയിലേക്ക് തന്നെ ഇറങ്ങിപ്പോയി. ഇതിന് മുമ്പ് വെള്ളപ്പൊക്കമുണ്ടായപ്പോഴൊന്നും വീടിനുള്ളിലേക്ക് വെള്ളം കയറിയിട്ടില്ല. ആദ്യ പടിവരെയെ വെള്ളം കയറിയിട്ടുള്ളൂ. ഇത്തവണ പക്ഷേ കണക്ക്കൂട്ടലുകൾ പിഴച്ചു. എങ്കിലും വീട് പഴയതുപോലെ തന്നെ കണ്ടതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. മഹാപ്രളയവും ശുചീകരണവും കഴിഞ്ഞ് വീണ്ടും വീട്ടിൽ താമസിക്കാനുള്ള ഒരുക്കങ്ങളിലാണ് ശ്രീകുമാറും കുടുംബവും.