Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിൽനിന്നു മായാതെ ആ കാഴ്ചകൾ...

house-destroyed ചാലക്കുടി തച്ചുടപ്പറമ്പിൽ തകർന്ന വീട്. ഈ വീടിന്റെ വരാന്തയിൽ തൂക്കിയിട്ടിരുന്ന കൂട്ടിലെ തത്തമ്മയെ വീടു വീഴും മുൻപേ മാറ്റിയിരുന്നു.

കേരളത്തിന്റെ പ്രളയദുരന്ത ഭൂമിയിലൂടെ, യുഎൻ പരിസ്ഥിതിസംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ‍ഡോ. മുരളി തുമ്മാരുകുടിയും പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറും ഒരുമിച്ചു സഞ്ചരിച്ചു. പ്രളയം കവർന്ന പ്രദേശങ്ങളിലൂടെ ‘മനോരമ’യ്ക്കു വേണ്ടിയുള്ള പഠനയാത്ര തുടരുന്നു. 

കാഴ്ചകൾ, കണ്ണിൽനിന്നു മായാതെ

ആലുവാമണപ്പുറം മുതൽ പറവൂരും കൊടുങ്ങല്ലൂരും മാളയും ചാലക്കുടിയും വഴിയുള്ള യാത്ര. വെള്ളം അതിന്റെ ശക്തി പ്രകടിപ്പിച്ചു കടന്നുപോയ വഴികൾ. ചില വീടുകളിൽ ഒരു നിലയോളം, ചിലയിടത്ത് ഇരുനിലയോളം കടന്നൊഴുകിയ വെള്ളം തകർത്തെറിഞ്ഞ ജീവിതങ്ങൾ.

flood-havoc ചേന്ദമംഗലം പഞ്ചായത്ത് ഓഫിസിൽ താഴത്തെ നില വെള്ളത്തിൽ മൂടിയപ്പോൾ ചെളികയറി നശിച്ച പ്രധാനപ്പെട്ട രേഖകൾ

ആലുവയിൽ വീടുകൾക്കുള്ളിൽനിന്നു ചേറ് പുറത്തേക്കു തള്ളാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടും തളർന്നുമിരിക്കുന്ന മനുഷ്യർ. പറവൂരിൽ കിലോമീറ്ററുകളോളം നീളത്തിൽ  മതിലുകൾ ചുവടുതെറ്റി റോഡിലേക്കു വീണുകിടക്കുന്ന കാഴ്ചകൾ, കൊടുങ്ങല്ലൂരിലും മാളയിലും വീട്ടുസാധനങ്ങൾ കഴുകി റോഡരികിൽ ഉണങ്ങാൻ വച്ചിരിക്കുന്നു. മൂന്നുദിവസം വെള്ളത്തിൽ മുങ്ങിനിന്ന് വലിയ ടിവികൾ, കംപ്യൂട്ടറുകൾ ഇവയൊക്കെ കഴുകിത്തുടച്ച് വെയിലത്തുണങ്ങാൻ വച്ചു പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ... വെള്ളത്തിനു നടുവിൽപെട്ടതോടെ രക്ഷപ്പെടാൻ യാത്രക്കാർ ഉപേക്ഷിച്ചുകളഞ്ഞ കാറുകൾ.

ചാലക്കുടിയിലെ ഇടവഴികളിൽ കണ്ടത്, കഴുകിത്തുടയ്ക്കാൻ വീടുപോലും ബാക്കിയില്ലല്ലോ എന്ന അമ്പരപ്പിൽ തകർന്ന വീടിനു മുന്നിൽ നിൽക്കുന്ന നിരാലംബരായ ചില കുടുംബങ്ങൾ...

ജപ്പാൻ മോഡൽ സൂനാമിക്കല്ല്

tsunami-stone

ജപ്പാനിൽ ഓരോ സൂനാമിക്കും തിരയടിച്ചു കയറുന്ന ഇടം നോക്കി ഒരു കല്ലിടുമായിരുന്നു പഴയ തലമുറ. ഈ കല്ല് സൂനാമിക്കല്ല് എന്നു വിളിക്കപ്പെടുന്നു. പഴയകാലത്ത് സൂനാമിയുടെ രാക്ഷസത്തിര കിലോമീറ്ററുകളോളം കരയിലേക്കു കയറിവന്നിരുന്നു. ഇതാ ഇവിടെവരെയെത്തിയെന്ന് പ്രായമായവർ പറയുമ്പോൾ ‘കല്ലുവച്ച നുണ’യെന്നു പുതുതലമുറ പറയരുത്. സൂനാമിക്കല്ലാണു കണക്ക്. 

ജനറേറ്ററും ഫയലുകളും മുങ്ങി ആശുപത്രികൾ

പ്രളയത്തിന്റെ അളവ് രേഖപ്പെടുത്തിയുള്ള പ്ലാനിങ് കെട്ടിടനിർമാണത്തിൽ ഇല്ലാതെ പോയതിന്റെ അഭാവം ഇത്തവണ ബാധിച്ചത് ‘ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ’ എന്നു വിളിക്കുന്ന സംവിധാനങ്ങളെക്കൂടിയാണ്. ആശുപത്രി, പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ടെലിഫോൺസ്, വൈദ്യുതി നിലയങ്ങൾ, റയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിങ്ങനെ. 

ഒരു ദുരന്തമുണ്ടാകുമ്പോൾ പൂർണസജ്ജമായിരിക്കേണ്ടവയാണ് ഇവയെല്ലാം. എന്നാൽ കേരളത്തിലെ പ്രളയമേഖലയിൽ ഇവ മിക്കതും പരാജയപ്പെട്ടു. വെള്ളം കയറിവന്നപ്പോൾ കൺട്രോൾ റൂമുകൾ തന്നെ പലയിടത്തേക്കു മാറ്റേണ്ടിവന്നു.

∙ താഴത്തെ നിലയിൽ, ചിലയിടങ്ങളിൽ ഭൂഗർഭനിലയിൽ സ്ഥാപിച്ച ജനറേറ്റർ പ്രവർത്തിപ്പിക്കാനാവാതെ പൂർണ ഇരുട്ടിലായിപ്പോയ ആശുപത്രികൾ.

∙ രോഗികളുടെ ഫയലുകൾ ഇവിടെ സൂക്ഷിച്ചതുമൂലം നഷ്ടമായിപ്പോയ ചികിൽസാരേഖകൾ.

∙ വെള്ളം കയറി ആധാരങ്ങളും മറ്റും നഷ്ടമായ സർക്കാർ ഓഫിസുകൾ.

∙ സർട്ടിഫിക്കറ്റുകളും ആധാരവും പണവും മറ്റും വെള്ളത്തിൽ മുക്കിയ ബാങ്ക് ലോക്കറുകൾ – ഇവയൊക്കെ പ്രളയം വരച്ച വരയ്ക്കു മുകളിലേക്കു മാറ്റി സ്ഥാപിക്കണം. അതാണു കേരളത്തിന്റെ പുനർനിർമാണത്തിന്റെ ആദ്യപാഠം. 

തുടരും..