പ്രളയദുരിതം- നഷ്ടപരിഹാരം ആർക്കൊക്കെ?

വെള്ളപ്പൊക്കത്തിനുശേഷം തിരുവാറ്റയിൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കിടെ മേൽക്കൂര ഇടിഞ്ഞുവീണപ്പോൾ. ചാന്തുരുത്തിൽ മേഴ്സിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഹൃദ്രോഗിയായ മേഴ്സിയുടെ ആകെയുള്ള സമ്പാദ്യമാണ് ഈ വീട്. പ്രളയത്തെ തുടർന്നു വീട്ടിൽ വെള്ളം കയറിയതിനാൽ കുറേ നാളുകളായി ജോലിക്കു നിൽക്കുന്ന വീട്ടിലാണ് മേഴ്സിയും മകനും താമസിക്കുന്നത്.

∙ രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുക, മണ്ണിടിച്ചിൽ തുടങ്ങിയ കാരണങ്ങളാൽ വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റത്തവണത്തെ ആശ്വാസ ധനമായി 10,000 രൂപ നൽകും. (സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നു 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 6200 രൂപയും)

∙ പൂർണമായും തകർന്നതോ വാസയോഗ്യമല്ലാതാകുകയോ  ചെയ്ത വീടുകൾക്കു നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു മൂന്നു മുതൽ അഞ്ചു സെന്റ് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും ലഭ്യമാക്കും. 

∙ ബിഎൽഒമാരുടെ പക്കലുള്ള അപേക്ഷാ ഫോമിൽ തയാറാക്കുന്ന റിപ്പോർട്ടാണു വില്ലേജ് ഓഫിസിൽ നൽകേണ്ടത്. അപേക്ഷകന്റെ രേഖയുടെ പകർപ്പുകൾ വേണ്ട. പേരുവിവരങ്ങൾ, ആധാർ നമ്പർ, റേഷൻ കാർഡ്, അക്കൗണ്ട് നമ്പർ, അപേക്ഷകൻ നൽകുന്ന സത്യപ്രസ്താവന എന്നിവ വേണം. രേഖകൾ വെള്ളം കയറി നഷ്ടപ്പെട്ടാലും ലഭ്യമായ രേഖകൾ പരിഗണിക്കും. 

∙ വെള്ളപ്പൊക്ക മേഖലയിലെ എല്ലാ വീടുകളും ബിഎൽഒമാർ സന്ദർശിക്കും. ബിഎൽഒമാർ എത്താത്ത വീടുകൾ ഉണ്ടെങ്കിൽ അവർക്കു വില്ലേജ് ഓഫിസുമായി ബന്ധപ്പെടാം. 

∙ ബിഎൽഒമാർ എത്തിയപ്പോൾ വീട്ടിൽ ആൾ ഇല്ലെങ്കിൽ വില്ലേജ് ഓഫിസർമാരുമായി ബന്ധപ്പെടാം.

∙ മുൻപു 3800 രൂപ ധനസഹായം ലഭിച്ചവർക്കു ബാക്കി 6200 രൂപ മാത്രമാണു ലഭിക്കുക.