‘സാറേ... ഞങ്ങളുടെ വീടിന്റെ കൂടി പടമെടുക്കുമോ?’

യുഎൻ പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ എന്നിവർ ‘മനോരമ’യ്ക്കുവേണ്ടി ദുരന്തമേഖലകളിലൂടെ നടത്തിയ പഠനയാത്രയിലെ കാഴ്ചകൾ, നിർദേശങ്ങൾ...

‘സാറേ... ഞങ്ങളുടെ വീടിന്റെ കൂടി പടമെടുക്കുമോ?’

സുഹദയെന്ന വീട്ടമ്മ ചോദിച്ചു.

‘എടുക്കാമല്ലോ, എവിടെയാണ് വരൂ...’

‘ദാ, സാറേ... അവിടെ...’

അപ്പോഴും വിറച്ചുകൊണ്ടേയിരിക്കുന്ന വിരൽ നീട്ടി അവർ ചൂണ്ടിക്കാണിച്ചു. അവിടെ ഞങ്ങൾ വീടൊന്നും കണ്ടില്ല. ഉരുൾപൊട്ടിവന്ന വിങ്ങലടക്കാൻ പാടുപെട്ട് സുഹദ പറഞ്ഞു: ‘അവിടെ ആയിരുന്നു സാറേ, ഇപ്പോ ഒന്നും കാണാനില്ല...’

ഇടുക്കി ചെറുതോണി ഡാമിൽനിന്നു വെള്ളം കുത്തിയൊലിച്ചുപോയ വഴിയിലെ തടിയമ്പാട് ചപ്പാത്ത് ഭാഗത്താണു വെള്ളൂപ്പറമ്പിൽ സുഹദയെ കണ്ടത്. ചപ്പാത്തു തകർന്നും കടകൾ ഇടിഞ്ഞും വീടുകൾ നിലംപൊത്തിയും പറ്റെ തകർന്നുപോയ ഈ ഭാഗത്തു നിന്നാൽ ഇടുക്കിയിൽ ഡാം അശാസ്ത്രീയമായി തുറന്നുവിട്ടതിന്റെ മുറിവുകൾ കാണാം. 

ഡാം തുറന്നാലും കുഴപ്പമില്ലെന്ന് അധികൃതർ പറഞ്ഞ പല വീടുകളും അവസാന ദിവസങ്ങളിലെ ‘കൂട്ടത്തുറക്കലിൽ’ കടപുഴകി. ഇവിടെ മാത്രം പൂർണമായി തകർന്നൊഴുകിപ്പോയതു പത്തോളം വീടുകൾ. 

ഒരു വശത്തുനിന്നു വെള്ളം, മറുവശത്തുനിന്നു മണ്ണ്. രണ്ടും ചേർന്ന് ഇടുക്കിയിലെ ജീവിതം അപ്പാടെ തച്ചുടച്ചു. ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചു. ഏക സ്വത്തായ ഭൂമി അതേപടി ഒലിച്ചുപോയവർ. മണ്ണിനടിയിൽപെട്ടു പൊലിഞ്ഞ 56 ജീവനുകൾ. ടൂറിസത്തിന്റെ നട്ടെല്ലിലേക്കാണു മൂന്നാറിൽ മണ്ണിടി‍ഞ്ഞു വീണത്. അതും നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയ, വിനോദസഞ്ചാരികളെ കാത്തിരുന്ന സമയം.

എത്രയിടത്താണെന്നോ, മലഞ്ചെരുവിലെ റോഡ് അതേപടി മുന്നൂറും അഞ്ഞൂറും അടി താഴേക്ക് ഒലിച്ചുപോയത്. നന്നാക്കണമെങ്കിൽ മല വീണ്ടും ഇടിക്കേണ്ടിവരും.

മകന്റെ എൻജിനീയറിങ് ഫീസ് അടയ്ക്കാൻ പണം കണ്ടെത്താൻ നട്ട വിളവെത്താറായ 800 വാഴകൾ വെള്ളമെടുത്തുപോയ അച്ഛനെ കണ്ടു. അയാൾ ചോദിച്ചു: മകനോട് ഇനി എന്തുപറയും? 

വീടു പിളർന്ന കാഴ്ചകൾ

വീടു തകർന്നാൽ ചെലവു കുറഞ്ഞതു പകരം നിർമിക്കാനുള്ള സാങ്കേതികവിദ്യ കയ്യിലുണ്ട്. ബലക്ഷയമുണ്ടായാൽ ബലപ്പെടുത്താനും. എന്നാൽ വീടിന്റെ പാതി ഇടിച്ചുതാഴ്ത്തി മലയുടെ ഒരു ഭാഗം അതേപടി താഴ്ന്നുപോയാൽ എന്തു ചെയ്യും?

അത്തരമൊരു കാഴ്ചയ്ക്കു മുന്നിൽ നിൽക്കുകയാണ് ശങ്കർ. വെള്ളത്തൂവൽ മാങ്കടവ് നായ്ക്കുന്നിൽ എ.എൻ.സജികുമാറിന്റെ വീട്. 

ഉത്തരാഖണ്ഡിൽ പ്രളയത്തേക്കാൾ ആളെ കൊന്നതു കോൺക്രീറ്റ് ബീമുകളാണെന്നതു ശങ്കറിന്റെ അനുഭവപാഠം. ഉത്തരാഖണ്ഡിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ശങ്കറിനോട് അന്ന് അവിടത്തെ മുഖ്യമന്ത്രി വിജയ് ബഹുഗുണ ചോദിച്ചു: ഒറ്റ ഉത്തരം പറയാമോ, എന്താണിതിനൊരു പരിഹാരം?

‘ഇതൊരു ഹോളി ലാൻഡാണ്, ഇവിടെ സാവധാനമേ ചവിട്ടാവൂ...’ അതായിരുന്നു ഉത്തരം.

എല്ലാം ഒന്നേന്നു തുടങ്ങണം

എൺപത്തിയഞ്ചുകാരനായ കൊച്ചുപറമ്പിൽ തോമസ് ഔസേപ്പ് വീടിന്റെ പിന്നിൽ കിണറിന്റെ മുകളിലിരിക്കുകയാണ്. കിണറ്റിൽ വീഴുമെന്ന പേടി വേണ്ട. നാലാൾ താഴ്ചയുണ്ടായിരുന്ന കിണർ, പുഴ മണ്ണും മണലും കൊണ്ടുവന്നിട്ടു പൂർണമായി മൂടിക്കളഞ്ഞിരിക്കുന്നു. വെള്ളം കോരാനുള്ള കപ്പി ഘടിപ്പിച്ച ചട്ടം മാത്രമേയുള്ളൂ മണ്ണിനു മുകളിൽ. 

തൊഴുത്ത്, ആട്ടിൻകൂട്, തേങ്ങാപ്പുര എല്ലാം ഒലിച്ചുപോയി. ഫ്രിജ്, വാഷിങ് മെഷീൻ, ടിവി അടക്കമെല്ലാം നനഞ്ഞുപോയി. പ്രായാധിക്യം കൊണ്ട് അവശനായ ആ മനുഷ്യൻ പറഞ്ഞു: ‘ഇനി എല്ലാം ഒന്നേന്നു തുടങ്ങണം.’ ഇടുക്കിയിൽ ആരെ കണ്ടാലും അവർ പറഞ്ഞവസാനിപ്പിക്കുന്നത് ഈ നാലു വാക്കുകളാണ്.

തയാറാക്കിയത്:

സന്തോഷ് ജോൺ തൂവൽ