മറക്കരുത്, വീടുകൾ ഓർമച്ചിത്രമായി മാറിയ കുട്ടനാടിനെ...

പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ കുട്ടനാട്ടിലേത് തന്നെ.

പ്രളയം പെയ്തൊഴിഞ്ഞു. വെള്ളമിറങ്ങിയപ്പോൾ നാടും നാട്ടുകാരും മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ തുടങ്ങിയിരിക്കുന്നു. ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നഷ്ടപരിഹാരത്തുക നൽകാനുള്ള ഒരുക്കങ്ങൾ സർക്കാരും ആരംഭിച്ചു കഴിഞ്ഞു.  

ഇങ്ങനെ ഒട്ടുമിക്ക സ്ഥലങ്ങളും പൂർവാവസ്ഥയിലേക്ക് മടങ്ങുമ്പോൾ തങ്ങൾക്ക് സംഭവിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തമാകാത്ത ഒരു ജനതയുണ്ട്. ആലപ്പുഴയുടെ ഹൃദയമായ കുട്ടനാട്ടിലെ ജനങ്ങളാണ് ഇനിയും വെള്ളക്കെട്ട് വിട്ടൊഴിയാതെ ക്ലേശിക്കുന്നത്. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പ്രളയക്കെടുതിയിൽ കുട്ടനാട്ടുകാർക്ക് നഷ്ടമായത് സ്വന്തം കിടപ്പാടമാണ്. വെള്ളക്കെട്ട് പതിവായ ലോവർ കുട്ടനാടൻ ഗ്രാമങ്ങളെ പൂർണമായും പിടിച്ചുലച്ചതായിരുന്നു ഇത്തവണത്തെ പ്രളയം.

കുട്ടനാടിനെ അപ്പർ കുട്ടനാട്, മിഡിൽ കുട്ടനാട്, ലോവർ കുട്ടനാട് എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ചിരിക്കുന്നു. ഈ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ നാശം ഉണ്ടായത് ലോവർ കുട്ടനാട്ടിലാണ്. രണ്ടാഴ്ചകൊണ്ട് കുട്ടനാട്ടിലെ വീടുകൾ ഓർമചിത്രങ്ങളായി എന്ന് പറഞ്ഞാൽ അതിൽ ഒട്ടുംതന്നെ അതിശയോക്തിയുണ്ടാകില്ല. മൂന്നോ നാലോ ദിവസത്തിനുള്ളിൽ മറ്റുപ്രദേശങ്ങളിലെ വീടുകളിൽ നിന്നും വെള്ളം പൂർണമായി ഇറങ്ങി. എന്നാൽ ലോവർ കുട്ടനാടിന്റെ അവസ്ഥ അതല്ല. 

പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ കുട്ടനാട്ടിലേത് തന്നെ. ചെങ്കല്ലിൽ പണിതെടുത്ത വീടുകളുടെ ഉള്ളിലാകെ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിന്റെ ഫലമായി ബലക്ഷയം ഉണ്ടായിട്ടുണ്ട്. പലവിധത്തിലുള്ള അപകടകാരിയായ ജീവികളും താമസമാക്കിയിരിക്കുന്നു. മാത്രമല്ല, ഒട്ടുമിക്ക വീടുകൾക്കും  എന്നത് മറ്റൊരു വാസ്തവം. ഇഴജന്തുക്കളുടെ ശല്യം വേറെ. 

കൈനകരി പ്രദേശത്ത് ഇനിയും വെള്ളം താഴ്ന്നാൽ മാത്രമേ വാസയോഗ്യമാകൂ. ഒരുലക്ഷത്തിൽപരം വീടുകൾ മാത്രമേ നിലവിൽ വാസയോഗ്യമായിട്ടുള്ളൂ. 90 % വീട്ടുപകരണങ്ങളും നശിച്ചു പോയിരിക്കുന്നു. വീടിനുചുറ്റും ചെളിയും മാലിന്യങ്ങളും. വാസയോഗ്യമല്ലാതായ വീടുകൾ നോക്കി നെടുവീർപ്പിടാൻ മാത്രമേ ഇപ്പോൾ കുട്ടനാടുകാർക്ക് സാധിക്കുന്നുന്നുള്ളൂ.

കാര്യങ്ങൾ എല്ലാം പൂർവസ്ഥിതിയിലാകാൻ മാസങ്ങൾ എടുക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. കിടപ്പാടം ഉണ്ടായിട്ടും അതില്ലാത്ത പോലെ ജീവിക്കേണ്ടി വരുന്ന ജനങ്ങൾ വേദനിപ്പിക്കുന്ന കാഴ്ചയാണ്.