കേരളത്തിനു പറ്റിയ വീട് ഇറ്റലിയിൽ നിന്ന്!

മരത്തിന്റെ വലിയ പാനലുകൾ ആർക്കിടെക്ടിന്റെ രൂപകൽപനയ്ക്കനുസരിച്ചു തയാറാക്കി, അവ ഉപയോഗിച്ചു വീടുകളും കെട്ടിടങ്ങളും നിർമിക്കുകയാണു രീതി.

ക്രോസ് ലാമിനേറ്റഡ് ടിംബർ (സിഎൽടി) അടിസ്ഥാനമാക്കിയുള്ള കെട്ടിട നിർമാണം കേരളത്തിനു യോജിച്ചതെന്ന് ഇറ്റലിയിലെ ആർക്കിടെക്ട് സ്ഥാപനങ്ങളുടെ മേധാവി റോബർട്ടോ ബിയാൻകോണി. പ്രളയക്കെടുതിക്കുശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്ന കേരളത്തിനു സിഎൽടി അധിഷ്ഠിത നിർമാണം ഭാവിയിൽ ഏറെ സഹായകമാകും. ‘പ്രീഫാബ്രിക്കേറ്റഡ്’ നിർമാണമാണിത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നില്ല. 

നിർമാണം വേഗം പൂർത്തിയാക്കാനാവും. സാമ്പത്തിക ലാഭവുമുണ്ട്. സാധനങ്ങൾ പാഴാകുന്നത് ഒഴിവാക്കാം. ഓസ്ട്രേലിയയാണ് സിഎൽടി നിർമാണത്തിൽ മുൻപിലെങ്കിലും യൂറോപ്പിൽ ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ്, യുകെ എന്നിവിടങ്ങളിലും സ്കാൻഡിനേവിയൻ നാടുകളിലും വീടുനിർമാണത്തിൽ ഈ രീതി കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ബിയാൻകോണി പറയുന്നു. മരത്തിന്റെ വലിയ പാനലുകൾ ആർക്കിടെക്ടിന്റെ രൂപകൽപനയ്ക്കനുസരിച്ചു തയാറാക്കി, അവ ഉപയോഗിച്ചു വീടുകളും കെട്ടിടങ്ങളും നിർമിക്കുകയാണു രീതി. 

റോബർട്ടോ ബിയാൻകോണി

ഹെയ്ത്തി നൽകുന്ന പാഠം

ഹെയ്ത്തി എന്ന രാജ്യം വർഷങ്ങൾക്കു മുൻപ് ചുഴലിക്കൊടുങ്കാറ്റിൽ തകർന്നടിഞ്ഞപ്പോൾ ബിയാൻകോണി ഉൾപ്പെട്ട സന്നദ്ധസേന അവിടെ പുനരധിവാസത്തിനായി നിർമിച്ചുകൊടുത്തതു തടികൊണ്ടുള്ള കെട്ടിടങ്ങളായിരുന്നു. അതിൽ പ്രധാനം ഒരു സ്കൂളാണ്. ‘ഡ്രൈ കൺസ്ട്രക്‌ഷൻ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു 99% തടി ഉപയോഗിച്ചുള്ള നിർമാണം. ഉയർന്ന പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പൊതുകെട്ടിടങ്ങൾ പണിതാൽ പ്രളയം പോലുള്ള കെടുതികളിൽ ക്യാംപ് ആയി ഉപയോഗിക്കുകയും ചെയ്യാം. 

ചൈനയുടെ പാഠം

ചൈനയിൽ പ്രളയം കശക്കിയെറിഞ്ഞ പ്രവിശ്യകളിൽ പുനർനിർമാണത്തിനു നേതൃത്വം നൽകിയ ഷൂ റെൻമിൻ എന്ന ആർക്കിടെക്ടിന്റെ പ്രവർത്തനഫലം വിസ്മയിപ്പിക്കുമെന്ന് ബിയാൻകോണി. കനാലുകൾക്കും പുഴയ്ക്കുമരികിൽ വെള്ളം എളുപ്പത്തിൽ കയറാത്തവിധം, പ്രകൃതിയെ അതിന്റെ സ്വാഭാവികരീതിയിൽ വിട്ടുകൊടുക്കുംവിധം ഷൂ റെൻമിൻ കെട്ടിടങ്ങളും വീടുകളും ഉണ്ടാക്കി.     നദികൾ വൃത്തിയാക്കുന്നതും ആഴംകൂട്ടുന്നതുമെല്ലാം പുനർ നിർമാണത്തിന്റെ ചട്ടക്കൂടിൽ  ഉൾപ്പെടുത്തി. വീടുകൾ പുനർനിർമിച്ചാൽ മാത്രം പോരാ, പുഴകളും പുനർനിർമിക്കേണ്ടതുണ്ട്. 

ഇന്ത്യയിലുണ്ട് റെൻമിൻ

ചൈനയ്ക്കൊരു ഷൂ റെൻമിൻ ഉണ്ടെങ്കിൽ ഇന്ത്യയ്ക്കുണ്ട് അത്ര പ്രഗൽഭനായൊരു ആർക്കിടെക്ട്. ബിയാൻകോണി പറയുന്നു: ‘‘ബാൽകൃഷ്ണ ദോഷി എന്ന വെറ്ററൻ ആർക്കിടെക്ടിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഉപയോഗിക്കാം. രാജ്യാന്തര പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മികവ് ഉപയോഗപ്പെടുത്താം.