നിര്‍മാണസാമഗ്രികളുടെ വില കുതിച്ചുയരുന്നു...സാധാരണക്കാരുടെ കീശ കാലിയാകുമോ?

സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് കെട്ടിട നിര്‍മാണത്തേയും റോഡ് നിര്‍മാണത്തേയും പ്രതിസന്ധിയിലാക്കുന്നു. വില വര്‍ധന പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തെയും പ്രതികൂലമായി ബാധിക്കും. സിമന്റ്, കമ്പി, മെറ്റല്‍,കരിങ്കല്ല്, ചെങ്കല്ല് എന്നിങ്ങനെ കെട്ടിട നിര്‍മ്മാണത്തിന് വേണ്ട സാമഗ്രികളുടെ വിലയാണ് കുതിച്ചുയരുന്നത്.

സിമന്റിന് പത്തു മുതല്‍ 20 രൂപ വരെയാണ് കൂടിയത്. ഇരുമ്പ് കമ്പിയ്ക്ക് ഒരാഴ്ച്ചക്കിടെ മൂന്നു മുതല്‍ ആറ് രുപവരെ വിലക്കൂടി. ആറ് മാസം മുമ്പ് ലോഡ് ഒന്നിന് ആറായിരം രൂപയായിരുന്ന പാറവിലയിപ്പോള്‍ 12,000 കടന്നു. ഒരു സ്ക്വയര്‍ ഫീറ്റിന് 40 രൂപയായിരുന്ന മെറ്റല്‍ വില  55 രൂപവരെയെത്തി.

42 രൂപയായിരുന്ന ഒരു ചെങ്കല്ലിന് ഇപ്പോള്‍ 60 രുപയാണ്. പ്രളയശേഷം നിര്‍മാണ സാമഗ്രികള്‍ക്ക് ആവശ്യമേറിയതോടെ ഇതരസംസ്ഥാന കമ്പനികള്‍ ആസൂത്രിതമായി വില വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ടാര്‍ വിലയിലും വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ടണ്‍ ടാറിന് 45000 രുപയാണ് ഇപ്പോഴത്തെ വില.

പണം നല്‍കിയാലും ലഭ്യത കുറവാണ്. ഒരു കോടി രൂപ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ടാര്‍ വാങ്ങിനല്‍കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.ടാര്‍ വാങ്ങുമ്പോള്‍ കൊടുക്കേണ്ടിവരുന്ന നികുതി സര്‍ക്കാര്‍ തിരികെനല്‍കുന്നില്ല എന്ന പരാതിയും കരാറുകാര്‍ക്ക് ഉണ്ട്. മെറ്റലിന്റേയും ടാറിന്റെയും വിലക്കയറ്റം പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനും തിരിച്ചടിയുണ്ടാക്കും.