9 ലക്ഷം രൂപയുടെ 100 വീടുകൾ! മാതൃകയായി പ്രവാസിമലയാളി

നമ്മുടെ വീടുകൾ അതുപോലെതന്നെ പൊളിച്ചുമാറ്റി മറ്റേതെങ്കിലും സ്ഥലത്തു കൊണ്ടുപോയി വയ്ക്കാൻ സാധിച്ചെങ്കിലെന്നു ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. അക്കാര്യവും ഇപ്പോൾ സാധ്യമായിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ ധാരാളമായിട്ടുണ്ട്. 

ഈ മാതൃക അനുസരിച്ച് വിദേശമലയാളി സംരംഭകനായ ഫൈസൽ കൊട്ടിക്കോളനും ഭാര്യ ശബാനയും പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ഇത്തരത്തിലുള്ള 100 വീടുകൾ നിർമിച്ചുനൽകുന്നുണ്ട്. 9 ലക്ഷം രൂപയാണ് 400 ചതുരശ്രഅടി വിസ്തീർണമുളള ഒരു വീടിന് വരുന്ന നിർമാണച്ചെലവ്. ഇത്തരത്തിലുള്ള ആദ്യ വീടിന്റെ മാതൃക ഇരിങ്ങാലക്കുടയിൽ പൂർത്തിയായിട്ടുണ്ട്.

പ്രീ ഫാബ്രിക്കേറ്റഡ് ഹൗസ്, മോഡുലാർ ഹൗസ് തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. 250 ചതുരശ്രഅടിക്കും അതിനുമുകളിലും വിസ്‌തീർണമുള്ള വീടുകളാണ് ഇത്തരത്തിൽ നിർമിക്കാനാകുക. യൂറോപ്പിൽ രണ്ടുനില വീടുകൾ പോലും ഇത്തരത്തിൽ നിർമിക്കുന്നു. 

വീടുകളുടെ തറ, ഭിത്തികൾ, മേൽക്കൂര എന്നിവ പ്രത്യേകം ഫാക്ടറികളിൽ നിർമിച്ച് വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നു സ്ക്രൂ ഉപയോഗിച്ച് യോജിപ്പിച്ചാണ് ഇത്തരത്തിൽ വീട് നിർമിക്കുന്നത്. വീടിനുള്ളിൽ വയറിങ്, പ്ലമ്പിങ് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ നേരത്തെ ചെയ്തിരിക്കും. പത്തു മുതൽ 15 മണിക്കൂർ വരെ ശരാശരി സമയമെടുത്താണ് ഈ  വീടുകൾ നിർമിക്കുന്നത്. 

വീടിന്റെ ഭാഗങ്ങൾ ഫാക്ടറികളിൽ ആണ് നിർമിക്കുന്നത്. ചെലവ് ചുരുക്കാനും പ്രകൃതി ക്ഷോഭത്തിനുശേഷം പ്രസ്തുത പ്രദേശങ്ങളെ റീ ബിൽഡ് ചെയ്യാനും ഇത്തരം വീടുകളുടെ മാതൃക സഹായകരമാകും. വീട് പണിയാനുള്ള സമയക്കൂടുതല്‍ കാരണം കുറച്ചുകാലത്തേക്കെങ്കിലും ആളുകള്‍ ഭവനരഹിതരായി കഴിയേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇത്തരത്തില്‍ ഒരു മാതൃക സഹായകമാകും.

നോർത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം വീടുകൾ കൂടുതലായുമുള്ളത്. ഓസ്‌ട്രേലിയയിൽ ഇത്തരത്തിൽ സ്ഥാപനങ്ങൾ വരെ നിർമിക്കപ്പെട്ടിട്ടുണ്ട്.