Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാരം സ്വയം എഴുതേണ്ടത് ഇങ്ങനെ...

x-default

ആധാരത്തിലേക്കുള്ള വിവരണം എഴുതി തയാറാക്കുകയാണ് ആദ്യ പടി. അതിനായി മേൽപ്പറഞ്ഞ പോർട്ടലിന്റെ ഹോം പേജിൽ ഓൺലൈൻ അപേക്ഷകൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാതൃകാ ആധാരങ്ങളും, പൂരിപ്പിക്കേണ്ട വിധവും നൽകിയിരിക്കുന്ന മറ്റൊരു വിൻഡോ തെളിഞ്ഞുവരും. അതിൽ മാതൃകാ ആധാരങ്ങൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. 19 തരത്തിലുള്ള ആധാരങ്ങളുടെ ഇംഗ്ലിഷിലും മലയാളത്തിലുമുള്ള മാതൃകകൾ ഇവിടെ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം. 

 ഇതിലെ വിവരങ്ങൾ അങ്ങനെതന്നെ കോപ്പി ചെയ്ത് കംപ്യൂട്ടറിൽ ഒരു പുതിയ വേഡ് ഫയൽ ക്രിയേറ്റ് ചെയ്ത് പേസ്റ്റ് ചെയ്ത ശേഷം നിങ്ങൾ ചേർക്കേണ്ട വിവരങ്ങൾ മാത്രം ചേർക്കുകയോ, പ്രിന്റ് എടുത്ത് കൈകൊണ്ട് വിവരങ്ങൾ എഴുതിച്ചേർക്കുകയോ ചെയ്യാം.പൂരിപ്പിക്കേണ്ട ഇടങ്ങളിലെല്ലാം മാതൃകാ ആധാരങ്ങളിൽ സ്ഥലം വിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ കാര്യങ്ങൾ എളുപ്പവുമാണ്. അതിൽ ഇല്ലാത്ത എന്തെങ്കിലും വ്യവസ്ഥകൾ ഉഭയകക്ഷി ഇടപാടിൽ ഉണ്ടെങ്കിൽ മാത്രം അത് ചേർക്കുക. സമീപകാലത്തെ വിജ്ഞാപന പ്രകാരം നാഷനൽ ട്രസ്റ്റ് ആക്ടിലെ വ്യവസ്ഥയിലെ ഒരു വരി കൂടി ആധാരത്തിൽ ചേർക്കണം. (ഈ വ്യവസ്ഥ അപ്‌ഡേറ്റ് ചെയ്യാത്ത ആധാരമാണ് വെബ്‌സൈറ്റിൽ കിടക്കുന്നത്).

ആധാരം ചെയ്യുന്ന വസ്തുവിന്റെ വിലയുടെ നിശ്ചിത ശതമാനമാണ്  മുദ്രപത്രം, റജിസ്ട്രേഷൻ എന്നീ ഇനത്തിൽ നൽകേണ്ടത്. ഓരോ ഇനം ആധാത്തിനും എത്ര ശതമാനമാണ് ഫീസ് എന്നത് പോർട്ടലിൽ ലഭ്യമാണ്. അതും ആധാരത്തിൽ ചേർക്കാനായി കണക്കുകൂട്ടി വയ്ക്കണം. (ഇതിൽ തെറ്റുവരാതെ ശ്രദ്ധിക്കുക). അത്രയും തുകയ്ക്കുള്ള മുദ്രപത്രം ഓൺലൈനായും വാങ്ങാം. 

ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങൾക്കാണ് നിലവിൽ ഈ സൗകര്യം. ആധാര വിവരങ്ങൾ ഓൺലൈനിൽ ചേർക്കുന്നതിന്റെ അവസാനഘട്ടത്തിൽ റജിസ്‌ട്രേഷൻ ഫീസിനൊപ്പമാണ് ഇതും അടയ്ക്കുക.(അതു താഴെ പറയുന്നുണ്ട്). അല്ലാത്തവ പരമ്പരാഗത രീതിയിൽ തന്നെ മുദ്രപത്ര വെണ്ടർമാരിൽനിന്നു വാങ്ങണം. 

എഴുതി തയാറാക്കിയ ആധാരത്തിന്റെ ഒരു പകർപ്പുമായി എന്തൊക്കെ തിരുത്തൽ ആവശ്യമുണ്ടെന്ന് അറിയാൻ സബ് റജിസ്ട്രാർ ഓഫിസിലേക്ക് ചെല്ലുക. അവർ പറയുന്ന മാറ്റങ്ങൾ കുറിച്ചെടുത്ത ശേഷം തിരുത്തൽ വരുത്തി വയ്ക്കുക. ആധാരവിവരങ്ങൾ റജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിലേക്ക് സബ്മിറ്റ് ചെയ്യുകയാണ് അടുത്ത പടി.