Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാരം സ്വയം എഴുതാം; കാശും ലാഭിക്കാം!

aadharam

‘‘പണ്ടാരവകപാട്ടം പഴയസർവേ 614/2ഡി/190ൽ അഞ്ച് സെന്റ് എഴുന്നൂറ് ലിംഗ്‌സ് ഉള്ളതും റീസർവേ പ്രകാരം ബ്ലോക്ക് 36ൽ സർവേ 298/2/3ൽ നിന്നും 9421-ാം നമ്പറായി എന്റെ പേരിൽ തണ്ടപ്പേര് പിടിച്ച് പോക്കുവരവ് സബ്ഡിവിഷൻ ചെയ്ത് റീസർവേ ഇരുന്നൂറ്റി തൊണ്ണൂറ്റെട്ടിൽ രണ്ടിൽ മൂന്ന് ഈ എലുകക്കകം........’’ ആധാരത്തിലെ ചെറിയൊരു ഭാഗം വായിക്കുമ്പോൾ തന്നെ പകുതി ഗ്യാസ് പോകുന്നണ്ടല്ലേ. പിന്നെയല്ലേ ഇത് എഴുതിയുണ്ടാക്കൽ...

ആർക്കു വേണമെങ്കിലും ആധാരം എഴുതാനുള്ള അനുവാദം നൽകി സർക്കാർ ഉത്തരവിറക്കിയിട്ട് രണ്ടര വർഷമായി. എന്നിട്ടും വിരലിലെണ്ണാവുന്നവർ മാത്രമാണ് അത് ഉപയോഗിച്ചത് എന്നതിൽ അൽഭുതമൊന്നുമില്ല. അറ്റവും വാലുമില്ലാത്ത വാചകത്തിൽ തലയ്ക്കടിക്കുന്ന വാക്കുകൾ കുത്തിനിറച്ചൊരു കുന്ത്രാണ്ടം എന്നു നമ്മുടെ ആധാരങ്ങളെ വിളിക്കാം. വാചകങ്ങളുടെ സങ്കീർണതയാണ് ആധാരം തയാറാക്കുന്നതിൽ നിന്നു സാധാരണക്കാരനെ അകറ്റുന്ന ആദ്യത്തെ കാര്യം. എന്നാൽ ഏതൊരു അപേക്ഷയും പൂരിപ്പിക്കുന്നതു പോലെ പൂരിപ്പിക്കേണ്ട ഒരു രേഖ മാത്രമാണ് ആധാരം എന്നത് ഓർക്കുക. ആധാരം ചെയ്യുന്ന വസ്തുവിന്റെ വിലയ്ക്ക് ആനുപാതികമായി നിശ്ചിത ശതമാനം തുകയാണ് ആധാരം എഴുതാൻ നമ്മൾ നൽകുന്നത്. 

വീടോ പറമ്പോ വാങ്ങുമ്പോൾ ഒരു ഇടത്തരക്കാരന് ആധാരം എഴുത്തിനത്തിൽ മാത്രം ഭീമമായ തുക ചെലവു വരുന്നു. ഏപ്രിലിൽ നിലവിൽ വന്ന ഭേദഗതി പ്രകാരം ഇഷ്ടദാന ആധാരത്തിനു പോലും കേരളത്തിൽ വൻ തുകയാണ് റജിസ്‌ട്രേഷൻ ഇനത്തിൽ ചെലവ്. ഈ സാഹചര്യത്തിൽ എഴുത്തിനത്തിലെങ്കിലും അൽപം ലാഭിക്കാനായാൽ വലികാര്യം.

വളരെ ലളിതമായി റജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിന്റെ സഹായത്തോടെ ആധാരം സ്വയം എഴുതാം. ഏതു സഹായത്തിനും സംശയനിവാരണത്തിനും നിങ്ങളുടെ സബ്‌റജിസ്ട്രാർ ഓഫിസിനെ സമീപിക്കുകയും ചെയ്യാം. ക്ലർക്ക് മുതൽ സബ് റജിസ്ട്രാർ വരെ നിങ്ങളുടെ പിന്തുണയ്ക്കായി ഉണ്ടെന്ന കാര്യവും മറക്കേണ്ട.

എങ്ങനെ തുടങ്ങാം

ആധാരത്തിൽ ചേർക്കേണ്ട വിവരങ്ങളെല്ലാം കയ്യിലുണ്ടായിരിക്കണം. വാങ്ങാൻ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ നിങ്ങളുടെ പേരിലേക്കു മാറ്റേണ്ട വസ്തുവിന്റെ നിലവിലെ ആധാരം കൈവശം കരുതുക. മുൻപുള്ള ഉടമ ആ ആധാരത്തിൽ നിന്ന് സ്ഥലം വിറ്റിട്ടുണ്ടെങ്കിൽ അതിനുശേഷം വില്ലേജ് ഓഫിസിൽ നിന്ന് എടുത്തിട്ടുള്ള ലൊക്കേഷൻ സ്‌കെച്ച് കയ്യിൽ ഉണ്ടായാൽ നല്ലത്. ആധാരത്തിൽ ഭൂമിയുടെ വിശദാംശം ചേർക്കുമ്പോൾ കൃത്യമായ അളവ് ചേർക്കാൻ ഇത് ആവശ്യമായി വരും. ഇപ്പോഴത്തെ ആധാരത്തിൽ പറയുന്ന വസ്തുവിവര പട്ടികയിലെ തദ്ദേശസ്ഥാപനം, വീട്ടുനമ്പർ തുടങ്ങിയവയിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതും അറിഞ്ഞുവയ്ക്കുക.

റജിസ്‌ട്രേഷൻ വകുപ്പിന്റെ www.keralaregistration.gov.in എന്ന പോർട്ടലിൽനിന്ന് പേരിലേക്കു മാറ്റേണ്ട ഭൂമിയുടെ ന്യാവില അറിയുകയാണ് അടുത്ത പടി. ന്യായ വില എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വിൻഡോ തുറക്കും. അതിൽ സർവേ നമ്പർ, റീസർവേ നമ്പർ എന്നിവയും മറ്റു വിശദാംശങ്ങളും ചേർത്താൽ വസ്തുവിന്റെ സർക്കാർ നിശ്ചയിച്ച ന്യായ വില അറിയാം. പോർട്ടലിൽ കൊടുത്തിരിക്കുന്ന വിലയുടെ 10 ശതമാനം കൂടി അധികം ചേർത്താണ് പുതിയ ന്യായവില കണക്കാക്കേണ്ടത്. ആധാരത്തിൽ രേഖപ്പെടുത്തുന്ന വില ഈ ന്യായവിലയിൽ ഒരു രൂപ പോലും കുറയാൻ പാടില്ല. പക്ഷേ എത്ര വേണമെങ്കിലും കൂടാം. പണമിടപാടെല്ലാം ബാങ്ക് വഴിയായതിനാൽ ആധാരത്തിൽ വിലകുറച്ചു കാട്ടി റജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാമെന്നത് നടക്കില്ലെന്നും ഓർക്കുക. ഭൂമിയിൽ വീട്/കെട്ടിടം ഉണ്ടെങ്കിൽ അതിന്റെ പഴക്കം അനുസരിച്ചും റോഡ് സൗകര്യം അനുസരിച്ചും വില കണക്കാക്കണം. സബ് റജിസ്ട്രാർ ഓഫിസിൽ കെട്ടിടത്തിന്റെ വിശദാംശങ്ങൾ കാണിച്ചാൽ എത്ര തുക മതിപ്പു വില ഇടണമെന്ന് അറിയാം. ഇവ രണ്ടും ചേരുന്നതാണ് ആധാരത്തിൽ കാണിക്കേണ്ട തുക.

തുടരും...