Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരുവെള്ളത്തിലെ രുചിയേറും വരുമാനം

manoj-with-fish മനോജ്

കേരള സിലബസിൽ പഠിക്കുന്ന ആറാംക്ലാസുകാർക്ക് കോഴിക്കോട്ട് അത്തോളിയിലെ കെ.കെ. മനോ‍ജിനെ പരിചയമുണ്ടാവും. അവരുടെ സാമൂഹ്യശാസ്ത്രത്തിന്റെ ഭാഗമായുള്ള കൃഷിപാഠത്തിൽ മീനിനെ കൂട്ടിലടച്ചു വളർത്തുന്ന മനോജിന്റെ കൃഷിരീതികൾ പരിചയപ്പെടുത്തുന്നുണ്ട്. കുട്ടികൾ‌ പഠിക്കാൻ മാത്രം എന്തു നേട്ടമാണ് മനോജിനുള്ളതെന്നല്ലേ? ദേശീയ തലത്തിലുള്ള രണ്ട് സ്ഥാപനങ്ങളാണ് മനോജിനെ തുടർച്ചയായി അവാർഡ് നൽകി ആദരിച്ചത്. കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് 2011ലും ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2012ലും. ചെലവ് കുറഞ്ഞ കൂടുമത്സ്യക്കൃഷി, തനതായ തീറ്റനിർമാണം തുടങ്ങിയ നേട്ടങ്ങൾ പരിഗണിച്ചായിരുന്നു ഇത്.

വായിക്കാം ഇ - കർഷകശ്രീ

കരിമീൻ, പൂമീൻ, ചെമ്പല്ലി, കാളാഞ്ചി- മനോജിന്റെ നാഷണൽ അക്വാഫാമിൽ വർഷം മുഴുവൻ മത്സ്യസമൃദ്ധിയാണ്. കിലോയ്ക്ക് 500 രൂപയിലേറെ വിലയുള്ളവയാണ് ചെമ്പല്ലിയും കാളാഞ്ചിയും. ജീവനോടെ നൽകുമ്പോൾ ഇത് 600 രൂപയാകും. പൂമീനും കരിമീനും മോശക്കാരല്ല. കിലോയ്ക്ക് നാനൂറ് രൂപയിലേറെ അവയ്ക്കും കിട്ടും. കുടുംബസ്വത്തായുള്ള അഞ്ച് ഏക്കർ പാടത്താണ് മീൻവളർത്തൽ. അഴിമുഖത്തുനിന്ന് അ‍ഞ്ചു കിലോമീറ്റർ മാത്രം അകലെ കോരപ്പുഴയോട് ചേർന്നാണ് ഈ പാടം. മഴക്കാലം കഴിയുന്നതോടെ പുഴയിൽ ഓരുവെള്ളം കയറും. തന്മൂലം ശുദ്ധജലവും ലവണജലവും നിറയുന്ന ഇവിടെ, രണ്ടു സാഹചര്യങ്ങളിലും വളരുന്ന ഇനങ്ങൾ മാത്രമാണുള്ളത്.

പുഴയിൽനിന്നു സ്വാഭാവികമായി പാടത്തു കയറിയ കണമ്പിനെയും കരിമീനിനെയും പുറത്തുവിടാതെ വളർത്തിയാണ് 25 വർഷം മുമ്പ് ഈ രംഗത്തെ തുടക്കമെന്നു മനോജ് പറഞ്ഞു. പത്തു വർഷത്തിനുശേഷം വിത്ത് സംഭരിച്ച് ശാസ്ത്രീയ ചെമ്മീൻകൃഷി തുടങ്ങിയതോടെ ജലക്കൃഷിക്ക് സംരംഭസ്വഭാവം വന്നു. എന്നാൽ രോഗവും ഉൽപാദനച്ചെലവും മലിനീകരണപ്രശ്നങ്ങളുമൊക്കെ വർധിച്ചതോടെ അത് അവസാനിപ്പിക്കേണ്ടിവന്നു. എട്ടു വർഷം മുമ്പ് കരിമീൻ നിക്ഷേപിച്ച്‌ വീണ്ടും സജീവമായതോടെ നേട്ടങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി മനോജിനെ തേടിയെത്തി. കോഴിക്കോട് ജില്ലാ മത്സ്യക്കർഷക വികസന ഏജൻസിയും കൃഷിവിജ്ഞാൻ കേന്ദ്ര (കെ.വി.കെ)വുമൊക്കെ പിന്തുണ നൽകി.

നാഷണൽ അക്വാഫാമിൽ മൂന്നു രീതികളിലാണ് മീൻ വളരുന്നത്. കരിമീൻ, കാളാഞ്ചി തുടങ്ങിയവ കൂടുകളിൽ വളരുന്നു. ഒരു മീറ്റർ വീതം നീളവും വീതിയും 2.5 മീറ്റർ ആഴവുമുള്ള കൂടുകളിൽ 300 വീതം കരിമീൻ സ്റ്റോക്ക് ചെയ്യാം. കാളാഞ്ചിയെ വളർത്തുന്ന കൂടുകൾക്ക് രണ്ടു മീറ്റർ നീളവും ഒന്നര മീറ്റർ ആഴവും രണ്ടുമീറ്റർ വീതിയും ആവശ്യമാണ്. ഇവയ്ക്ക് മാംസ്യം കൂടുതലടങ്ങിയ പ്രത്യേക തീറ്റ നൽകും. ഈ തീറ്റയ്ക്ക് വിലയും കൂടുതലാണ്. തീറ്റയും വിത്തുമുൾപ്പെടെ പ്രതിവർഷം അ‍ഞ്ചരലക്ഷം രൂപയോളം ചെലവുള്ള മത്സ്യക്കൃഷിയിൽനിന്നു ശരാശരി പത്തുലക്ഷം രൂപയുടെ മീൻ കിട്ടുമെന്ന് മനോജ് പറഞ്ഞു. കരിമീൻ കുഞ്ഞുങ്ങളുടെ വിൽപനയും മികച്ച വരുമാനമാർഗമാണ്.

ചിറയോടു ചേർന്ന് വെള്ളത്തിൽ വേലികെട്ടി മീൻ വളർത്തുന്ന പെൻകൾച്ചറാണ് മറ്റൊരു രീതി. ചെമ്പല്ലി, പൂമീൻ തുടങ്ങിയ മത്സ്യങ്ങളാണ് ഈ വേലികൾക്കുള്ളിലുള്ളത്. കമുകിന്റെ വാരികൾ കുത്തിനാട്ടി മീതേ വല വലിച്ചുകെട്ടിയുണ്ടാക്കുന്ന ഈ സംവിധാനത്തിന് ഒരു ലക്ഷം രൂപയോളം ചെലവുണ്ട്. ചെമ്പല്ലി മറ്റ് മത്സ്യങ്ങളെ ആക്രമിക്കുന്നതുകൊണ്ടാണ് വേലിക്കുള്ളിലാക്കുന്നത്. രണ്ടു വർഷമായി ഈയിനം ഇവിടെ വളരുന്നു. പൂമീൻ കൂടുതൽ വിസ്തൃതിയിൽ നീന്തി വളർച്ച കുറയാതിരിക്കാനാണ് തടവിലാക്കപ്പെടുന്നത്. മാത്രമല്ല പരിമിതമായ സ്ഥലത്ത് വളർത്തുമ്പോൾ വിളവെടുപ്പും എളുപ്പമാവും. ഒരു ഹെക്ടറിൽ നിക്ഷേപിക്കുന്നത്ര പൂമീനാണ് 40 സെന്റ് വേലിവളപ്പിനുള്ളിൽ വളർത്തുന്നത്. ഇപ്രകാരം പരിമിതമായ സ്ഥലത്ത് കൂടുതൽ സാന്ദ്രതയിൽ വളർ‌ത്തുമ്പോൾ‌ വെള്ളം നന്നായി കയറിയിറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കണം.

പാടത്തിന്റെ ബാക്കിഭാഗത്ത് പരമ്പരാഗത രീതിയിൽ മത്സ്യങ്ങളെ തുറന്നുവിട്ടും വളർത്തുന്നു. ആറു മാസം വളർച്ചയെത്തിക്കഴിയുമ്പോൾ മത്സ്യം പിടിച്ചുതുടങ്ങാം. ഒരു തവണ നിക്ഷേപിച്ച മത്സ്യങ്ങൾ പിടിച്ചുതീരുമ്പോഴേക്കും അടുത്ത വിളവെടുപ്പ് ആരംഭിക്കത്തക്ക വിധത്തിൽ മത്സ്യവിത്ത് മുൻകൂട്ടി നിക്ഷേപിക്കണം. കരിമീനൊഴികെയുള്ള മത്സ്യങ്ങളുടെ വിത്ത് വിവിധ ഏജൻസികളിൽനിന്നു വാങ്ങി. കരിമീൻ സ്വാഭാവികമായി പ്രജനനം നടത്തുന്നതിനാൽ വിത്ത് വാങ്ങ‍േണ്ടി വന്നില്ല.

പാടത്തിന്റെ ഒരു ഭാഗത്ത് പൊന്തിക്കിടക്കുന്ന രണ്ട് കൂടുകളിലായി 25 വീതം താറാവുകളുമുണ്ട്. മുട്ടയും ഇറച്ചിയും കിട്ടുമെന്നതു മാത്രമല്ല വെള്ളത്തിൽ പ്ലവകവളർച്ച വർധിക്കാനും താറാവുകൾ സഹായിക്കുന്നു.

ഫോൺ– 9387527887