Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃഗങ്ങളിൽ സമഗ്രചികിത്സയുടെ സാധ്യതകൾ

cow-stable Representative image

ബദൽചികിത്സകളുടെ നന്മകൾ വളർത്തുമൃഗങ്ങൾക്കും സംരംഭകർക്കും നിഷേധിക്കരുതെന്ന നിലപാടാണ് ചാരിറ്റബിൾ സൊസൈറ്റി ഫോർ ഹോളിസ്റ്റിക് വെറ്ററിനറി മെഡിസിൻ എന്ന സംഘടനയ്ക്കുള്ളത്. വെറ്ററിനറി സയൻസിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ശേഷം ദീർഘനാൾ മൃഗചികിത്സ നടത്തി അനുഭവസമ്പത്തുള്ള ഡോക്ടർമാരാണ് ചാലക്കുടി ആസ്ഥാനമായുള്ള സൊസൈറ്റിക്കു നേതൃത്വം നൽകുന്നത്.

മൃഗചികിത്സയ്ക്ക് ആയുർവേദത്തിലും ഹോമിയോയിലും ഫലപ്രദവും ലളിതവും പാർശ്വഫലങ്ങളില്ലാത്തതുമായ പല മരുന്നുകളുമുണ്ടെന്ന് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും ഹോമിയോ വെറ്ററിനറിയിലെ വഴികാട്ടിയുമായ ഡോ. പി.കെ. നവീൻ ചൂണ്ടിക്കാട്ടി. ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ ഹോമിയോ മരുന്നുകൾക്ക് കൂടുതൽ സ്വീകാര്യതയുണ്ട്. പാൽ, മുട്ട, മാംസം എന്നിവയിൽ ആൻറിബയോട്ടിക്കുകളുടെയും രാസകീടനാശിനികളുടെയും സാന്നിധ്യം ഏറിവരുന്ന കാലത്ത് മൃഗസംരക്ഷണരംഗത്തും ജൈവരീതികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദശകമായി ഹോമിയോ മരുന്നു മാത്രം നൽകുന്ന ഇദ്ദേഹത്തിന്റെ പക്കൽ ഹോമിയോ ചികിത്സയുടെ ഫലപ്രാപ്തിക്കു തെളിവായി ഇരുപതിനായിരത്തിലധികം കേസ്ഷീറ്റുകളുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

സൊസൈറ്റിയുടെ സ്ഥാപകരിലൊരാളായ പാലാ അന്തീനാട് സ്വദേശി ഡോ.കെ.പി.ജി. നായർ സർവീസിൽനിന്നു വിരമിച്ച ശേഷമാണ് ഹോമിയോ ചികിത്സയിൽ സജീവമായത്. ഹോമിയോ ഡോക്ടറായ ഭാര്യ ബി. രുഗ്മിണിയമ്മയുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതശൈലിയുടെ പ്രശ്നങ്ങൾ മൂലം മനുഷ്യരിൽ ഫലപ്രദമാവാത്ത മരുന്നുകൾപോലും മൃഗങ്ങളിൽ മികച്ച ഫലം നൽകുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

veterinary-doctors

കൃഷിയിൽ ജൈവരീതികൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ മൃഗസംരക്ഷണരംഗത്തു സമാനസാധ്യതകളെ അവഗണിക്കുകയാണെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.വി. സുകുമാരനും സെക്രട്ടറി ഡോ.എം. ഗംഗാധരൻ നായരും ചൂണ്ടിക്കാട്ടി. മൃഗങ്ങളുടെ ആരോഗ്യവും കൃഷിക്കാരുടെ ക്ഷേമവുമായിരിക്കണം ചികിത്സാരീതിയെക്കാൾ വെറ്ററിനറി ഡോക്ടർമാരുടെ മുൻഗണനയെന്ന് അവർ പറഞ്ഞു.

അലോപ്പതിയായാലും ആയുർവേദമായാലും ഹോമിയോ ആയാലും രോഗസൗഖ്യം നൽകുമെങ്കിൽ മൃഗചികിത്സയിൽ ഉൾപ്പെടുത്തണം. മനുഷ്യരുടെ ചികിത്സയ്ക്ക് വ്യത്യസ്ത ചികിത്സാസമ്പ്രദായങ്ങൾ ആകാമെങ്കിൽ മൃഗങ്ങൾക്ക് അതു നിഷേധിക്കേണ്ടതുണ്ടോയെന്ന് ഇവർ ചോദിക്കുന്നു. വെറ്ററിനറി വിദഗ്ധർ തന്നെ ബദൽ ചികിത്സകൾ ഏറ്റെടുത്തില്ലെങ്കിൽ മറ്റുള്ളവർ ഇതിലേക്കു കടന്നുവരും. എന്നാൽ മൃഗങ്ങളുടെ ശരീരശാസ്ത്രവും ആരോഗ്യപ്രശ്നങ്ങളും പഠിച്ച വെറ്ററിനറി ഡോക്ടർമാർക്കു മാത്രമേ മൃഗചികിത്സ നടത്താൻ അനുവാദമുള്ളെന്ന് ഡോ.കെ.പി.ജി. നായർ ചൂണ്ടിക്കാട്ടി. നിലവിലുള്ള ഡോക്ടർമാർ അധികയോഗ്യതയായി ഹോമിയോ ഡിപ്ലോമ നേടിയശേഷം അവർക്ക് ചികിത്സ നടത്താൻ അനുവാദം നൽകിയാൽ മൃഗസംരക്ഷണ രംഗത്തെ ചികിത്സച്ചെലവ് കുത്തനെ കുറയും. വെറ്ററിനറി സർവകലാശാല നടത്തുന്ന ഹോമിയോ ഡിപ്ലോമാ കോഴ്സിൽ ചേരാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനു വെറ്ററിനറി ഡോക്ടർമാർ തയാറായത് ഈ ചികിത്സാരീതിയുടെ സ്വീകാര്യതയാണ് കാണിക്കുന്നതെന്നു ഡോ. നവീൻ പറഞ്ഞു. ബദൽ സമ്പ്രദായങ്ങൾ മൃഗചികിത്സയിൽ വെറ്ററിനറി വിദഗ്ധരുടെ പ്രാധാന്യം കുറയ്ക്കുകയല്ല, അവർക്ക് കൂടുതൽ സാധ്യതകൾ തുറന്നിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെറ്ററിനറി ഹോമിയോ സർട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുന്നതിനു സർവീസിലുള്ള ഡോക്ടർമാർക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കുകയും വെറ്ററിനറി ഡിസ്പെൻസറികളിൽ ഹോമിയോ മരുന്നുകൾ ലഭ്യമാക്കുകയും ചെയ്യുന്നത് മൃഗസംരക്ഷണ രംഗത്തെ സംരംഭകർക്ക് പ്രയോജനപ്പെടും. ഈ രംഗത്തെ ഉന്നതപഠനവും ഗവേഷണവും പ്രോത്സാഹിപ്പിച്ചാൽ മാത്രമേ വരുംവർഷങ്ങളിൽ ബിരുദ, ബിരുദാനന്തരതലത്തിൽ വെറ്ററിനറി പഠിപ്പിക്കുന്ന വിദഗ്ധരെ സൃഷ്ടിക്കാനാവൂ. ഹോമിയോ മരുന്നുകൾ മാത്രം നൽകി വളർത്തുന്ന മൃഗങ്ങളുടെ പാലും മുട്ടയും മാംസവുമൊക്കെ സേഫ് ടു ഈറ്റ് ബ്രാൻഡിൽ വിൽക്കാൻ സർക്കാർ പ്രോത്സാഹനം നൽകണമെന്നും സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

അതേസമയം വെറ്ററിനറി ഡോക്ടർമാർ ബദൽചികിത്സാവിധികൾ പഠിച്ചിട്ടില്ലാത്തവരാണെന്നും പഠിക്കാത്ത ചികിത്സ നടത്തുന്നത് ശരിയല്ലെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. കുര്യൻ വി. ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചികിത്സാരീതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് മതിയായ ഗവേഷണം നടത്തി തെളിയിച്ചശേഷം വെറ്ററിനറി കോഴ്സിന്റെ സിലബസിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. ഹോമിയോ, നാട്ടുവൈദ്യ ചികിത്സകളിൽ അംഗീകൃത പരിശീലനം പൂർത്തിയാക്കിയവർ അവ ചികിത്സയിൽ പ്രയോജനപ്പെടുത്തുന്നതിന് അസോസിയേഷൻ എതിരല്ല. ബദൽ ചികിത്സകളെയല്ല, അംഗീകൃതയോഗ്യതയില്ലാത്ത ചികിത്സകരെയാണ് അസോസിയേഷൻ എതിർക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബദൽ ചികിത്സകളിൽ വെറ്ററിനറി കൗൺസിൽ അംഗീകരിച്ച അധികയോഗ്യത നേടിയവർ ഇത്തരം അറിവുകൾ ചികിത്സയ്ക്കു പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും ഡോ. കുര്യൻ അഭിപ്രായപ്പെട്ടു.

വെറ്ററിനറി ചികിത്സയ്ക്കു ചെലവ് കൂടുതലാണെന്ന വാദം ഡോ. കുര്യൻ അംഗീകരിച്ചില്ല. അകിടുവീക്കം പോലുള്ള രോഗങ്ങളുണ്ടാവുമ്പോൾ ആൻറിബയോട്ടിക് മരുന്നുകൾ ഉടൻ നൽകിയില്ലെങ്കിൽ അകിടിലെ ഗ്രന്ഥികൾ കേടായി ഉൽപാദനക്ഷമത നശിക്കാനിടയാകും. രോഗം ഭേദമാക്കിയതുകൊണ്ടു മാത്രമായില്ല, പശുവിന്റെ ഉൽപാദനക്ഷമത നശിക്കാതെ നോക്കുകയും വേണം. എന്നാൽ പെട്ടെന്നുള്ള രോഗവിമുക്തിക്ക് ബദൽചികിത്സകൾ മതിയാകാതെ വരാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോൺ: 9447829703 (ഡോ.പി.കെ. നവീൻ)