Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യിനു കഷായം, പൈക്കിടാവിനു മരുന്നുമിഠായി!

pushpadharan-with-cow നാട്ടുചികിത്സയിലൂടെ അകിടുവീക്കം ഭേദമായ പശു. ഉടമ പുഷ്പാധരൻ സമീപം

ആരോഗ്യപരിപാലനമേഖലയിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് രോഗങ്ങളുടെ ആന്റിബയോട്ടിക് പ്രതിരോധം. ആന്റിബയോട്ടിക് മരുന്നുകൾ ഫലപ്രദമാകാതെ രോഗി അപകടത്തിലാവുന്ന അവസ്ഥയാണിത്. രോഗകാരികളായ പല സൂക്ഷ്മാണുക്കളും ഈ മരുന്നുകളെ അതിജീവിക്കാൻ ശേഷി നേടുന്നതാണ് കാരണം. സൂപ്പർബഗ് എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഇത്തരം അണുക്കളുടെ വ്യാപനം മനുഷ്യരാശിക്കു തന്നെ ഭീഷണിയായേക്കാം. അമിതവും അശാസ്ത്രീയവുമായ ആന്റിബയോട്ടിക് പ്രയോഗമാണ് സൂപ്പർബഗുകൾ ജനിക്കാനിടയാക്കുന്നത്. അസുഖം വന്നാൽ അനിവാര്യഘട്ടത്തിൽ മാത്രമേ ആന്റിബയോട്ടിക് ഉപയോഗിക്കാവൂ എന്ന് കുട്ടികൾപോലും മനസ്സിലാക്കിക്കഴിഞ്ഞു. എന്നാൽ മരുന്നിലൂടെ മാത്രമല്ല ഇവ നമ്മുടെ ശരീരത്തിലെത്തുക. ഒരിക്കൽപോലും മരുന്ന് ഉപയോഗിക്കാത്തവരിലും ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയേക്കാം. ആഹാരത്തിലെ ആന്റിബയോട്ടിക് അവക്ഷിപ്തങ്ങളാണ് കാരണം. വിശേഷിച്ച് ജന്തുജന്യമായ പാൽ, മുട്ട, മാംസം എന്നിവയിലുള്ളത്.

പശുവും കോഴിയുമൊക്കെ ആന്റിബയോട്ടിക് ഉൽപാദിപ്പിക്കുന്നതുകൊണ്ടല്ല ഇതു സംഭവിക്കുന്നത്. മരുന്നിലൂടെയും തീറ്റയിലൂടെയും വളർത്തുമൃഗങ്ങളിലെത്തുന്ന ആന്റിബയോട്ടിക് അവക്ഷിപ്തം പാലും മുട്ടയും മാംസവും വഴി മനുഷ്യരിലേക്കു കടക്കുന്നു. തുടർച്ചയായി ഇവ ഭക്ഷിക്കുന്നവരുടെ കോശങ്ങളിൽ അവക്ഷിപ്തസാന്നിധ്യം വർധിച്ച് ആന്റിബയോട്ടിക് പ്രതിരോധത്തിലേക്കു നയിച്ചേക്കാം. ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകാതെ വരുന്നത് രോഗചികിത്സ വിഷമകരമാക്കും. സൗഖ്യം നേടാൻ കൂടുതൽ സമയവും പണവും ചെലവാക്കേണ്ടിവരും. ശസ്ത്രക്രിയകളും കീമോതെറപ്പിയുമൊക്കെ അസാധ്യമാക്കും‌. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക മാത്രമാണ് നിലവിൽ ഇതിനു പരിഹാരം. വിശേഷിച്ച്, ഭക്ഷണത്തിലൂടെ തുടർച്ചയായി ഇവ ശരീരത്തിലെത്തുന്ന അവസ്ഥ പൂർണമായും ഇല്ലാതാക്കേണ്ടിയിരിക്കുന്നു.

വായിക്കാം ഇ - കർഷകശ്രീ

മൃഗസംരക്ഷണരംഗത്തെ സംരംഭകർ വരും കാലങ്ങളിൽ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെ. ഭക്ഷ്യസുരക്ഷാനിയമങ്ങളനുസരിച്ച് ആന്റിബയോട്ടിക് അവക്ഷിപ്തമുള്ള പാൽ ഉപയോഗയോഗ്യമല്ല. ഇത്തരം മരുന്നുകൾ കഴിച്ച പശുക്കളുടെ പാൽ നിശ്ചിത കാലം കഴിഞ്ഞ ശേഷം മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അത്രയും ദിവസത്തെ വരുമാനനഷ്ടത്തിനൊപ്പം ഭീമമായ ചികിത്സാച്ചെലവു കൂടിയാകുമ്പോൾ പശു രക്ഷപ്പെട്ടാലും ക്ഷീരകർഷകൻ തളരും. അകിടുവീക്കം വന്ന പശുവിന് ആന്റിബയോട്ടിക് നൽകേണ്ടതില്ലെന്നു പറഞ്ഞാൽ വെറ്ററിനറി ഡോക്ടർമാർ കൈയൊഴിയും. അതേസമയം ആന്റിബയോട്ടിക് നൽകിയാൽ അകിടുവീക്കം സുഖപ്പെടുമെന്ന കാര്യത്തിൽ ഉറപ്പില്ലതാനും. കൃഷിക്കാർക്കു ബദൽ വഴികൾ തേടേണ്ടിവരുന്ന സാഹചര്യം ഇതാണ്.

എന്നാൽ അകിടുവീക്കത്തിനെതിരേ ആയുർവേദ, ഹോമിയോ മരുന്നുകൾ ഫലപ്രദമാകുന്നതായി സാക്ഷ്യങ്ങൾ പലതുണ്ട്. മറ്റ് വളർത്തുമൃഗങ്ങളുടെ ചികിത്സയിലും സ്ഥിതി വ്യത്യസ്തമല്ല. വെറ്ററിനറി സയൻസിൽ ബിരുദാനന്തരബിരുദമുള്ള മുതിർന്ന ഡോക്ടർമാർ പോലും ഇന്ന് ഇത്തരം മാർഗങ്ങൾ ഉൾക്കൊള്ളാൻ തയാറാവുന്നു. പല രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ നൽകുന്ന ഇവരുടെ പ്രവർത്തനങ്ങൾ വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ലെന്നു മാത്രം. പ്രോത്സാഹനത്തിന്റെയും ഗവേഷണപ്രവർത്തനങ്ങളുടെയും കുറവുമൂലം ഈ രണ്ടു മേഖലകളിലും അലോപ്പതിക്കു തുല്യമായ വളർച്ചയുണ്ടായിട്ടില്ലെന്നതു വാസ്തവം. എന്നാൽ അലോപ്പതിക്കു നൽകാനാവാത്ത പല നന്മകളും നേടാമെന്നുണ്ടെങ്കിൽ വൈകിയ വേളയിലെങ്കിലും ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരവും പിന്തുണയും നൽകേണ്ടതല്ലേ? മാറുന്ന സാഹചര്യങ്ങളിൽ മൃഗസംരക്ഷണസംരംഭകരുടെ പല വെല്ലുവിളികൾക്കുമുള്ള പരിഹാരം ചൂണ്ടിക്കാണിക്കാൻ നാട്ടുചികിത്സയ്ക്കും ഹോമിയോയ്ക്കും കഴിയും.

അലോപ്പതിക്കില്ലാത്ത എന്തു മേന്മയാണ് ആയുർവേദ, ഹോമിയോ ചികിത്സകളിലൂടെ മൃഗസംരക്ഷണ സംരംഭകര്‍ക്കു ലഭിക്കുക. കുറഞ്ഞ ചെലവും ലാളിത്യവും തന്നെ പ്രധാന നേട്ടം. വീട്ടുപരിസരങ്ങളിൽ കിട്ടുന്ന ഔഷധസസ്യങ്ങളാണ് നാട്ടുചികിത്സയിലെ പ്രധാന ചേരുവ. വേണ്ടത്ര പരിശീലനം നൽകിയാൽ വീട്ടമ്മമാർക്കു തന്നെ ഇവ തയാറാക്കി പ്രയോഗിക്കാനാവും. മനുഷ്യർക്കു നൽകുന്ന ഹോമിയോ മരുന്നുകൾതന്നെയാണ് പലപ്പോഴും മൃഗചികിത്സയിലും പ്രയോജനപ്പെടുത്തുക. സമീപ ഡിസ്പെൻസറികളിൽനിന്നു കുറഞ്ഞ ചെലവിൽ ഈ മരുന്നുകൾ വാങ്ങാനാവും.

ഒരു ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ഈ ചികിത്സകൾ ആരാണ് നടത്തുക? മൃഗങ്ങൾക്ക് ആയുർവേദ, ഹോമിയോ മരുന്നുകൾ നൽകാൻ പ്രാപ്തിയുള്ളവരെ എങ്ങനെ കണ്ടെത്തും? വിരലിലെണ്ണാൻ മാത്രം വിദഗ്ധരാണ് രണ്ടു മേഖലകളിലും പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മൃഗസംരക്ഷണ സംരംഭകർക്കു വേണ്ടത്ര സേവനം നൽകാൻ അവർ മതിയാവില്ല. എന്നാൽ ഈ രംഗത്ത് കൂടുതൽ പ്രാവീണ്യമുള്ളവരെ പരിശീലിപ്പിക്കാൻ വെറ്ററിനറി സർവകലാശാല മുന്നിട്ടിറങ്ങിക്കഴിഞ്ഞു. വെറ്ററിനറി ഹോമിയോ, എത്തനോ വെറ്ററിനറി എന്നീ വിഷയങ്ങളിൽ കേരള വെറ്ററിനറി സർവകലാശാല ഓൺലൈൻ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. ഈ കോഴ്സുകൾ പഠിച്ചിറങ്ങുന്നവരുടെ സേവനം കൃഷിക്കാർക്ക് ലഭ്യമാക്കുകയേ വേണ്ടൂ.

അലോപ്പതി മരുന്നുകൾക്ക് അസാധ്യമായ സൗഖ്യം ബദൽചികിത്സകളിലൂടെ സാധ്യമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുമ്പോൾ കാർഷികകേരളം ഏറെ പ്രതീക്ഷയോടെ ചോദിക്കുന്നു– ബദൽ ചികിത്സകളെ പ്രോത്സാഹിപ്പിക്കേണ്ടേ?

നല്ല പാലിനു നാട്ടുവൈദ്യം

ഡോക്ടറെ വിളിപ്പിച്ച് അകിടുവീക്കത്തിന് ആന്റിബയോട്ടിക് കുറിപ്പിച്ച ശേഷമാണ് കോഴിക്കോട് മണാശേരി ചോലയിൽ പുഷ്പാധരൻ പശുവിനു നാട്ടുചികിത്സ പരീക്ഷിക്കാൻ തീരുമാനിച്ചത്. ബന്ധുകൂടിയായ മിൽമ ഫീൽഡ് റിസോഴ്സ് പേഴ്സൺ സതിയുടെ നിർബന്ധമായിരുന്നു കാരണം. കറ്റാർവാഴയും ചുണ്ണാമ്പും മഞ്ഞളും അരച്ച് പുരട്ടാൻ സതി തന്നെ മുൻകൈയെടുത്തപ്പോൾ പുഷ്പാധരൻ സമ്മതിച്ചെന്നു മാത്രം. ഒരാഴ്ത്തെ ചികിത്സ പൂർത്തിയായപ്പോൾ രോഗം മാറി പാലുൽപാദനം പൂർണതോതിലായതോടെ കുടുംബാംഗങ്ങളാകെ സന്തോഷത്തിലായി– മൂവായിരം രൂപയെങ്കിലും ചെലവാകുമെന്നു പ്രതീക്ഷിച്ച ചികിത്സയ്ക്ക് മുന്നൂറു രൂപപോലും വേണ്ടിവന്നില്ല. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. കേരളത്തിലെ മൂന്ന് ക്ഷീരോൽപാദക യൂണിയനുകളും ഫീൽഡ് തല പ്രവർത്തകർക്ക് നാട്ടുചികിത്സയിൽ പരിശീലനം നൽകിത്തുടങ്ങി. മലബാർ മിൽമ ഇതുവരെ 90 പ്രവർത്തകരെ ബെംഗളൂരു ട്രാൻസ് ഡിസിപ്ലിനറി സർവകലാശാലയുെട പിന്തുണയോടെ നാട്ടുചികിത്സ പരിശീലിപ്പിച്ചതായി മാനേജർ കെ.സി ജയിംസ് പറഞ്ഞു.

kc-james-milma-manager കെ.സി. ജയിംസ്

അകിടുവീക്കം പോലുള്ള രോഗങ്ങൾക്ക് എല്ലായ്പോഴും അലോപ്പതിമരുന്നുകൾ ഫലപ്രദമാവണമെന്നില്ല. എന്നാൽ അണുബാധയുള്ള പാൽ പിഴിഞ്ഞു കളഞ്ഞ് നാട്ടുമരുന്ന് നൽകിയാൽ ഇത്തരം കേസുകളിൽ സൗഖ്യം കിട്ടുന്നുണ്ടെന്ന് മലബാർ മിൽമയുടെ അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർ ഡോ. അഹമ്മദ് ഖൈസ് പറഞ്ഞു. പരാദരോഗങ്ങൾ, കുളമ്പുരോഗം എന്നിവയ്ക്കെതിരെയും എത്തനോ വെറ്ററിനറി ചികിത്സ ഫലപ്രദമാണ്.

നാട്ടറിവുകളിൽനിന്നു ഫലപ്രദമായ നാട്ടുചികിത്സാസമ്പ്രദായം രൂപപ്പെടുത്താനാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നത് ബെംഗളൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി സർവകലാശാലയാണ്. പ്രമുഖ മലയാളി ശാസ്ത്രജ്ഞനായ ഡോ. എംഎൻബി നായരുടെയും തമിഴ്നാട് വെറ്ററിനറി സർവകലാശാലയിലെ ഡോ. പുണ്യമൂർത്തിയുടെയും നേതൃത്വത്തിൽ ഇവിടെ നടക്കുന്ന ഗവേഷണം ലോകമെമ്പാടുമുള്ള നാട്ടുചികിത്സാ സമ്പ്രദായങ്ങളിലെ മികവുകൾ കണ്ടെത്തി ക്രോഡീകരിക്കുന്നുണ്ട്.

കൊട്ടാരം വിട്ട മൃഗായുർവേദം

sreekumaran-nair-veterinary-medicine ശ്രീകുമാരൻ നായർ

കേരളത്തിലെ ഏക ആയുർവേദ മൃഗചികിത്സാലയത്തിന്റെ ഉടമയാണ് എം. ശ്രീകുമാരൻ നായർ വൈദ്യൻ. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ മൃഗവൈദ്യനായിരുന്ന അച്ഛൻ എസ്. മാധവൻപിള്ളയുടെ ചികിത്സാപാരമ്പര്യമാണ് തന്റെ കൈമുതലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. രാജഭരണകാലത്ത് വലിയവിള ഗോശാലയിലാണ് സമീപവാസികൾ പശുവിനെ കെട്ടി കറന്നിരുന്നത്. ഈ ഗോശാലയുടെ ഭാഗമായി അച്ഛൻ 1950ൽ ആരംഭിച്ച മൃഗചികിത്സാലയം പിന്നീട് താൻ ഏറ്റെടുത്തു നടത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സർ സി.പി. രാമസ്വാമി അയ്യരാണ് ചികിത്സാലയം ഉദ്ഘാടനം ചെയ്തത്.

മൃഗായുർവേദം സംബന്ധിച്ച് അച്ഛനിൽനിന്നു കിട്ടിയ അറിവുകളെല്ലാം രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. ഇനി അത് പുസ്തകമാക്കുകയേ വേണ്ടൂ. വിരയിളക്കലിനും അമിതവണ്ണത്തിനും ത്വഗ്രോഗത്തിനും പ്രസവരക്ഷയ്ക്കുമൊക്കെയുള്ള മരുന്നുകൾ ഇവിടെയുണ്ട്. പശുക്കൾക്കു ഗർഭകാലത്ത് നൽകുന്ന ഔഷധക്കഞ്ഞി പ്രസവത്തോടനുബന്ധിച്ചുള്ള ക്ലേശങ്ങൾ കുറയ്ക്കുമെന്ന് ശ്രീകുമാരൻ നായർ ചൂണ്ടിക്കാട്ടി. എല്ലാ ജീവികൾക്കും ആയുർവേദചികിത്സ സാധ്യമാണെന്നു പറയുന്ന ഇദ്ദേഹം കൃത്രിമ ബീജസങ്കലനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളാനും തയാറായിട്ടുണ്ട്.

ഫോൺ: 9895156036

ബദൽ ചികിത്സ പഠിക്കാൻ ഓൺലൈൻ കോഴ്സുകൾ

മൃഗചികിത്സയിലെ ഹോമിയോരീതികൾ പഠിപ്പിക്കുന്നതിനു കേരള വെറ്ററിനറി സർവകലാശാല ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. നാട്ടുചികിത്സയിലെ മരുന്നുകളെക്കുറിച്ചു പഠിക്കുന്ന എത്തനോ ഫാർമക്കോളജി കോഴ്സുമുണ്ട്. വിദൂരവിദ്യാഭ്യാസരീതിയിലാണ് മണ്ണുത്തി വെറ്ററിനറി കോളജിലെ ഫാർമക്കോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടു കോഴ്സുകളും. വെറ്ററിനറി ബിരുദധാരികൾക്ക് മാത്രമേ വെറ്ററിനറി ഹോമിയോ കോഴ്സിന് അപേക്ഷിക്കാനാവൂ. എന്നാൽ ജീവശാസ്ത്രവിഷയങ്ങളിൽ ബിരുദമുള്ളവർക്ക് എത്തനോ ഫാർമക്കോളജി കോഴ്സിൽ ചേരാം.

ഹോമിയോ വെറ്ററിനറി സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് കോഴ്സ് കോർഡിനേറ്റർ ഡോ. ബിബു ജോൺ കരിയിൽ പറഞ്ഞു. കൊൽക്കത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിലെ പ്രഫസർമാരും വെറ്ററിനറി ഹോമിയോ ചികിത്സയിൽ അനുഭവസമ്പത്തുള്ള ഡോക്ടർമാരുമാണ് ക്ലാസുകൾ നയിക്കുന്നത്. ആദ്യ രണ്ടു ബാച്ചുകളിലായി 182 വെറ്ററിനറി ഡോക്ടർമാർ ഇതുവരെ ഈ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.

തമിഴ്നാട് വെറ്ററിനറി സർവകലാശാലയുടെ എത്തനോ വെറ്ററിനറി കോഴ്സ് പാസാകുന്നവർക്ക് നാട്ടുവൈദ്യചികിത്സയി‍ൽ പ്രാവീണ്യം നേടാം. മൃഗസംരക്ഷണ രംഗത്തെ ജൈവ ഉൽപന്നങ്ങൾക്ക് വിപണന സാധ്യതകൾ വർധിക്കുന്ന ഇക്കാലത്ത് ബദൽ ചികിത്സാസമ്പ്രദായങ്ങളിൽ വിദഗ്ധരായവർക്ക് പ്രഫഷണൽ സാധ്യതകളും വർധിക്കുമെന്നു കരുതേണ്ടിയിരിക്കുന്നു.

ഫോൺ: 9895297842, 9446031275