Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാലാ’യുടെ കവിതകൾ

അറിയാതിരിക്കാനോ അവഗണിക്കാനോ ആവില്ല ജലത്തെ; ജീവന്റെ സ്രോതസ്സിനെ. ആഴങ്ങളിൽനിന്നു കോരിയെടുക്കുന്ന ഒരു തുള്ളിക്കുപോലുമുണ്ട് അത്ഭുതശക്തികൾ. ഉറവിടത്തിൽനിന്നുദ്ഭവിക്കുന്ന ഓജസ്സിന്റെ നിമിഷങ്ങൾ. കുത്തൊഴുക്കിലെ ചുഴികളാകാൻ വെമ്പുന്ന തുടിപ്പ്. ഓളങ്ങളിൽനിന്നിടറിമാടുന്ന മിടിപ്പ്. ഒരോ തുള്ളിക്കുമൊപ്പമുള്ള ഇരുട്ടോ? കാണുന്നതേക്കാൾ അറിയുന്ന, അറിയുന്നതേക്കാൾ അനുഭവിക്കുന്ന, നേടുന്നതേക്കാൾ നഷ്ടപ്പെടുത്തുന്ന ഇരുട്ട്. 

വെള്ളത്തോടൊപ്പം കിണറ്റിലുണ്ടായിരുന്ന ഇരുളിനെ തൊട്ടെടുക്കുന്ന വരികളാണ് എം.ആർ. രേണുകുമാർ എന്ന കവിയുടേത്. കിണറ്റിലെ വെള്ളം മുഴുവൻ കോരിവറ്റിച്ചിട്ടും തൊട്ടുനക്കാൻ കിട്ടാതെപോയ ഒരു തുള്ളിയിരുളിനെ അക്ഷരങ്ങളുടെ ആത്മാവിൽ കുടിയിരുത്തിയ കവി. ഇരുളുമിരുളും ഇണചേരുന്നു രേണുകുമാറിന്റെ ‘കൊതിയൻ’ എന്ന കവിതാസമാഹാരത്തിലും. വെളിച്ചമല്ല, ഇരുട്ടിൽ ഉൾക്കൊണ്ടിരിക്കുന്ന ഇരുളിനെ കൂടുതൽ തെളിച്ചമുള്ളതാക്കുന്ന വരികൾ. 

വെളിച്ചത്തെക്കുറിച്ചെഴുതാൻ കാവ്യഭാഷ നിലവിലുണ്ട്. വെളിച്ചത്തിന്റെ ഈണവും താളവും ലയവും ശ്രുതിയും ആ ഭാഷയ്ക്കു തൊങ്ങലുകൾ ചാർത്തുന്നു. ഇരുളുമിരുളും ഇണചേരുന്നതെക്കുറിച്ചെഴുതാൻ രേണുകുമാർ പുതിയ ഭാഷ കണ്ടെത്തുന്നു. വാക്യഘടനയെ പുതുക്കിപ്പണിയുന്നു. ശൈലിയുടെ പരിചയിച്ച മനോഹര തീരങ്ങളിൽ ആഴത്തിൽ കുഴിച്ച് പുതിയ പുഴയും തീരവും കണ്ടെടുക്കുന്നു. 

ഏതോ ലോകത്ത് ആരോ ഒരാൾ 

എഴുതാതെ വിട്ട കവിതയെൻ കവിത. 

ആരോ ഒരാൾ കൂട്ടാതെ പോയ 

ചായങ്ങളെൻ ചിത്രങ്ങൾ. 

ആരോ ഒരാൾ ജീവിക്കാതെ പോയ 

ജീവിതമെൻ ജീവിതം. 

എവിടെയിരിക്കാനാണോ സ്ഥലം കിട്ടിയത് അവിടെയിരുന്നെഴുതിയതു കവിതയാക്കിയ എ.അയ്യപ്പൻ വിമർശിക്കപ്പെട്ടത് കാവ്യഭാഷയെ ജനാധിപത്യവത്കരിച്ചതിന്റെ പേരിൽ. എല്ലാ ജനങ്ങൾക്കുമാധിപത്യമുണ്ടാകും ജനാധിപത്യത്തിൽ. ജനങ്ങളുടെ ആധിപത്യമാണു സംഭവിക്കുന്നതെന്നാണു സങ്കൽപം പോലും. അയ്യപ്പനു മുമ്പുണ്ടായിരുന്നവരും സമകാലികരുമായ പ്രൗഡ കവികളുടെ വരികളെ അകലത്തുനിർത്തി ആദരവോടെ ആരാധിച്ചവർ അയ്യപ്പൻകവിത വായിച്ചപ്പോൾ സ്വയം കവികളായി; കവിതകളുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ വീണു. തന്റെയുള്ളിലും കവിയുണ്ടല്ലോ എന്നു തിരിച്ചറിഞ്ഞു. കവിതയെ ജനാധിപത്യവത്കരിച്ചത് ഒരു കുറ്റമായി അയ്യപ്പനിൽ ആരോപിച്ചതുപോലും മാപ്പുകൊടുക്കാനാവാത്ത കുറ്റമാണല്ലോ എന്നു തിരിച്ചറിയും രേണുകുമാർ ഉൾപ്പെടെയുള്ള കവിതയിലെ ജനാധിപത്യവാദികളുടെ കവിത വായിക്കുമ്പോൾ. 

നയിക്കപ്പെട്ട വഴിയിൽനിന്നു മാറി, സ്വയം തെളിച്ചെടുത്ത വഴിയിലൂടെ, അവകാശവാദമില്ലെങ്കിലും അവഗണിക്കപ്പെടാത്ത ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ ആടയാഭരണങ്ങൾ ഊരിയെറിഞ്ഞ് ആദിമചോദനയുടെ കരുത്തിൽ പുനർജൻമം നേടുന്ന യഥാർഥ മനുഷ്യരെക്കാണാം. അവരുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും വാങ്മയത്തിന്റെ പരുക്കൻ പ്രതലത്തിലൂടെ നടക്കാം. 

മഹാനദികളൊഴുകി കടലുതൊട്ടെന്നു കരുതി 

കുഞ്ഞരുവികളൊഴുക്ക് മധ്യേ നിർത്തേണ്ടതുണ്ടോ. 

വൻമരങ്ങളാകാശം മുട്ടിയെന്നു കരുതി 

ചെറുമുളകൾ തളിർക്കാതിരിക്കേണ്ടതുണ്ടോ. 

ഒരരുവിയും തൊടാത്ത ഒരു കടലുമുണ്ടാവില്ലേ 

ഒരു മരവും മുട്ടാത്ത ഒരാകാശവുമുണ്ടാവില്ലേ 

എത്രയിറുത്തുകളഞ്ഞാലും തഴയ്ക്കാതിരിക്കാനാവാത്ത മുളപ്പുകളായി നീതിയുടെ ആകാശം തേടി പൊട്ടിവിടരുന്നു ഈ കവിതകൾ. 

മരമൊരു ചിത്രം വരയ്ക്കുന്നു 

നാമതിനെ പൂവെന്നു വിളിക്കുന്നു 

പൂവൊരു കവിതയെഴുതുന്നു 

നാമതിനെ തേനെന്നു വായിക്കുന്നു 

ഇപ്രകാരം 

രേണുകുമാർ വരികളെഴുതുന്നു 

നാമതിനെ കവിതയെന്നു വിളിക്കുന്നു 

ആ കവിതകൾ അർഥം രചിക്കുന്നു 

നാമതിനെ ജീവന്റെ ജീവനായി അറിയുന്നു 

ഇനിയും മരിച്ചിട്ടില്ലാത്തവരും 

ജനിക്കാനിരിക്കുന്നവരും 

ആ വരികളിൽ ഉയിർപ്പു തേടുന്നു 

അവർക്കു കറുപ്പിന്റെയഴക് 

അവർ ആകാശത്തോളം വളരുന്നു 

വളർന്നുവലുതാവുന്നു

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review