Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയുടെ കയ്യൊപ്പ്

‘ഞങ്ങൾ ഞങ്ങളുടെ അക്കായ്ക്ക് ഒരു സമ്മാനം കൊടുക്കാൻ പോവുകയാണ്. ഇതൊരു കിടക്കവിരിയാണ്. മനോഹരമായ കൈത്തുന്നലുകളോടു കൂടിയത്. ഞങ്ങളിലോരോരുത്തരും ഈ വിരിയുടെ ഒരു ഭാഗം തുന്നിച്ചേർത്തിട്ടുണ്ട്. മൂവായിരം തുന്നലുകൾ! ഇതത്ര ഭംഗിയുള്ളതൊന്നുമായിരിക്കില്ല.’ ഇത് ഞങ്ങളുടെ ഹൃദയത്തിൽ നിന്നെടുത്തു തുന്നിയതാണ്. ഇത്, അക്കായ്ക്കു വേണ്ടി. ഇത് നിങ്ങൾക്ക് ഉഷ്ണത്തിൽ കുളിരും ശൈത്യത്തിൽ ചൂടും പകരും. ഞങ്ങൾക്ക് അക്കായോടുള്ള സ്നേഹം പോലെ. ഞങ്ങളുടെ കഷ്ടകാലത്ത് നിങ്ങൾ ഞങ്ങളോടൊപ്പം നിന്നു. ഇനി ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും. ഈ വരിയിലെ തുന്നലുകൾ പോലെ.

ദൈവത്തിന്റെ ജോലികൾ ചെയ്യാൻ ചില മനുഷ്യരെ നിയോഗിക്കും. മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ. സാന്ത്വനത്തിന്റെ ഒരു വാക്കു പറയാൻ. ആ വിഭാഗത്തിലെ ഒരംഗമാണ് ഇൻഫോസിസ് ഫൗണ്ടേഷന്റെ പരമോന്നത സ്ഥാനം അലങ്കരിക്കുന്ന സുധാമൂർത്തി. കർണാടകത്തിലെ ദേവദാസികൾക്കിടയില്‍ പ്രവർത്തിച്ച് ആ നിർഭാഗ്യവതികളായ സ്ത്രീകൾക്ക് ജീവിതം നൽകിയ സുധാമൂർത്തിയുടെ ഓർമക്കുറിപ്പുകളാണ് ഈ പുസ്തകം. ദേവദാസികളായി ലൈംഗിക തൊഴിൽ ചെയ്യുന്ന അവരെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ നടത്തിയ പ്രവർ ത്തനങ്ങളാണ് ആദ്യ അധ്യായമായ ‘ജീവിതത്തിലേക്കു ചേർത്തു തുന്നിയ മൂവായിരം തുന്നലുകൾ’.

ഞാനെന്റെ മകളെക്കുറിച്ച് ഓർത്ത് അഭിമാനിക്കും. പത്ത് നിസ്സഹായരായ വനിതകൾക്ക് അവരുടെ ദുർഘടമായ ജീവിത സാഹചര്യം മാറ്റിക്കൊടുക്കാൻ ലൈംഗിക തൊഴിലിൽ നിന്നും സ്വതന്ത്രമായ നിലയിലെത്താൻ സഹായിച്ച എന്റെ മകളെക്കുറിച്ചോർത്തു ഞാൻ അഭിമാനിക്കും’. തന്റെ പിതാവിന്റെ ഈ വാക്കുകൾ സുധാമൂർത്തിയെ മുന്നോട്ടു നയിച്ച ദീപമായിരുന്നു. 

മൂവായിരം ദേവദാസികളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി. അർഥ ശൂന്യമായ ദേവദാസി സമ്പ്രദായത്തിൽ നിന്ന് അവരെ മോചിപ്പിക്കുന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ കഴിഞ്ഞതിനു ലഭിച്ച  നന്ദിവാക്കുകളാണ് തുടക്കത്തിൽ ചേർത്തിരിക്കുന്നത്. 

ആൺകുട്ടികൾ മാത്രം എൻജിനീയറിങ് രംഗം കൈ അടക്കി വെച്ചിരുന്ന കാലത്ത് നിർഭയമായി എൻജിനീയറിങ് പഠനത്തിന്റെ വെല്ലുവിളികൾ നേരിട്ടതിന്റെ ഓർcകളാണ് അടുത്ത ലേഖനത്തിൽ. എൻജിനീയറിങ് പുരുഷാധിപത്യ കോഴ്സായിട്ടാണ് അതുവരെ കരുതിയത്. ഒരു ബ്രാഹ്മണ കുടുംബത്തിലെ പെൺകുട്ടി ഈ കോഴ്സിനു ചേരുന്നത് ചിന്തിക്കാൻ കൂടി കഴിയാത്ത കാലം. ബിവിബി കോളജിലെ ഒരേ ഒരു പെൺകുട്ടി. പെൺകുട്ടികൾക്കു വേണ്ടി ടോയ്‍ലറ്റ് പോലുമില്ല. കൂക്കുവിളിയും കളിയാക്കലും കേട്ടുകൊണ്ടാണ് അവർ കോളജിൽ എത്തിയത്. സാവധാനം ക്ലാസ്സിലെ ഏറ്റവും മികച്ച വിദ്യാർഥിനിയായി. ഏറ്റവും പ്രശസ്തമായ രീതിയിൽ പഠനം പൂർത്തിയാക്കി. ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് അവർ നേടിയ തിളങ്ങുന്ന വിജയത്തിന്റെ മൂല കാരണം. സ്ത്രീകൾക്ക് ഏതറ്റം വരെയും പോകാൻ കഴിയുമെന്ന ഓർമപ്പെടുത്തൽ.

ഒരു കാശിയാത്രയുടെ സ്മരണയാണ് ‘മൂന്ന് കൈക്കുമ്പിള്‍ ജലം’. എന്ന ലേഖനം. അസാധാരണമായ ഒരു തീരുമാനം എടുത്തത് ആ യാത്രയിലാണ്. ഗംഗയിൽ ഇറങ്ങി കൈക്കുമ്പിള്‍ നിറച്ച് വെള്ളമെടുത്ത് അവർ ധ്യാനനിമഗ്നയായി. അപ്പോൾ തന്റെ പ്രിയ കാക്കിയുടെ വാക്കുകൾ ഓർമ വന്നു. ‘‘നീ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്താണോ അത് ത്യജിക്കുക.’’

എന്തായിരിക്കും ഉപേക്ഷിക്കേണ്ടത് ‘എനിക്ക് ജീവിതം ഇഷ്ടമാണ്. നിറങ്ങൾ, രൂപങ്ങൾ, പ്രകൃതി, സംഗീതം, ചിത്രകല, പുസ്തകങ്ങൾ, ഷോപ്പിങ്. പ്രത്യേകിച്ചും സാരികൾ.  ഭൂമിയിലെ എല്ലാ നിറങ്ങളിലുമുള്ള എന്റെ സാരി ശേഖരണം പ്രശസ്തമാണ്. 

‘‘ശരി, ഇനി കാക്കി ഞാനേറ്റവും ഇഷ്ടപ്പെടുന്നതിനെ ത്യജിക്കാനാഗ്രഹിക്കുന്നുവെങ്കിൽ സൂര്യൻ സാക്ഷിയായി ഇന്നു മുതൽ ഞാനെല്ലാവിധത്തിലുള്ള ഇഷ്ടങ്ങളും അവസാനിപ്പിക്കുകയാണ് ’’ മൂന്നാമത്തെ കുമ്പിൾ ജലവും ഞാൻ ഗംഗയിൽ അർപ്പിച്ചു. ലളിത ജീവിതം നയിക്കാനുളള തീരുമാനം. അവസാനത്തെ കുമ്പിൾ വെള്ളമാണ് എന്നെന്നേക്കുമായി എന്റെ ജീവിതം മാറ്റിമറിച്ചത്. അവർ ഈ ലേഖനത്തിൽ വിവരിക്കുന്നു. 

‘കന്നുകാലി ക്ലാസ്’ എന്ന ലേഖനം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ‘കപട മാന്യത’യുടെ മുഖം തുറന്നു കാണിക്കുന്നു. ലണ്ടനിലെ ഹീത്രു ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം കയറാനായി ചെന്നപ്പോഴുള്ള അനുഭവം. സാധാരണ വേഷമാണ് സുധാമൂർത്തി ധരിച്ചിരിക്കുന്നത്. നീണ്ട ക്യൂവിൽ തൊട്ടു മുൻപ് വിലപിടിപ്പുള്ള വസ്ത്രം ധരിച്ച് രണ്ടു സ്ത്രീകൾ നിൽക്കുന്നു. അവരിലൊരാൾ തിരിച്ച് ബോർഡിങ് പാസ് ഒന്നു കാണിക്കാമോ എന്നു ചോദിച്ചു. അവർ പറഞ്ഞു ഈ വരിയിൽ നിൽക്കുന്നത് ഉയർന്ന ബിസിനസ്സ് ക്ലാസ്സുകാരാണ്. നിങ്ങൾ നിൽക്കേണ്ടത് അപ്പുറത്ത് ഇക്കണോമി ക്ലാസ്സുകാർക്കുള്ള നിരയിലാണ്. പിന്നീട് അവർ ബിസിനസ്സ് ക്ലാസ്സുകാരുടെ പ്രത്യേക ആനുകൂല്യങ്ങൾ വിശദീകരിച്ചു. ഒന്നുമറിയാത്ത സാധാരണക്കാരിയെപ്പോലെ സുധാമൂർത്തി നിന്നു കുറച്ചു കഴിഞ്ഞ് ആ പരിഷ്കാരികൾ തമ്മിൽ പറഞ്ഞു. ‘ഈ കന്നുകാലി ക്ലാസ്സുകാരോട് തർക്കിച്ചിട്ട് കാര്യമില്ല.’’

വിമാന ഉദ്യോഗസ്ഥ സുധാമൂർത്തിയുടെ പാസ്സ് വാങ്ങി അവരെ സ്വാഗതം ചെയ്ത് അകത്തേക്ക് ആനയിച്ചു. ആ രണ്ടു സ്ത്രീകളുടെ അടുത്തേക്ക് അവർ ചെന്നു പറഞ്ഞു. ക്ലാസ് എന്നതുകൊണ്ട് വലിയ ധനത്തിന്റെ ഉടമ എന്നല്ല. ഇൻഫോസിസ് ഫൗണ്ടേഷന്റെ ഒരു യോഗത്തിൽ സംബന്ധിക്കാൻ എത്തിയ സുധാമൂർത്തി കാണുന്നത് വിമാനത്തിൽ കണ്ട സ്ത്രീകൾ ഖദർ വേഷം ധരിച്ച് സാധാരണക്കാരെപ്പോലെ യോഗത്തിൽ സംബന്ധിക്കുന്നു. ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തിനായിട്ടാണ് അവർ വന്നത്. ഇതു പോലെയുള്ള നർമ്മ മധുരമായ ഓർമകളാണ് ആ ലേഖനത്തിൽ. 

തന്റെ പിതാവിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ അനുഭവം വിവരിക്കുന്ന ലേഖനമാണ് ‘എഴുതപ്പെടാത്ത ജീവിതം.’

ഒരാളുടെ മഹത്വം നിശ്ചയിക്കാനുള്ള അളവുകോലുകൾ എന്താണ് എന്നു വ്യക്തമാക്കുന്ന പതിനൊന്നു ലേഖനങ്ങളാണ് ഈ സമാഹാരത്തിൽ. പണമാണ് എല്ലാം എന്നു കരുതുന്നവർക്ക് തെറ്റുപറ്റിയെന്ന് ഈ ഓരോ ലേഖനവും നമ്മോടു പറയുന്നു. സുധാമൂർത്തി എന്ന വലിയ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ഘടകങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ ഓരോ ലേഖനവും ഉള്ളിൽ കാരുണ്യത്തിന്റെ കടലുമായി നടക്കുന്ന ഒരു മഹനീയ ജീവിതത്തെ കാട്ടിത്തരുന്നു. ഇൻഫോസിസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ എത്ര സൂക്ഷ്മമായിട്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. ഹൃദയഹാരിയായ പരിഭാഷ. ഷബിത എം.കെ. ആണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review