Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറച്ചോവറാണ്, എന്നാലും കുഴപ്പമില്ല, കാണണം ഈ ശലഭങ്ങളെ!

എന്താ പറഞ്ഞത് ? ഒരു നോവലിന്റെ പേര് തന്നെയാണോ അത് ? 

അതേ, ശലഭം, പൂക്കൾ, aeroplane 

കമലയുടെയും ഷാലിയുടെയും പൊള്ളുന്ന പ്രണയം പറഞ്ഞ ആസിഡ് എഴുതിയ, മുഖം മറച്ചുവച്ച് ലോകസാഹിത്യത്തിൽ ചർച്ചയായ എലേന ഫെറാന്റെയുടെ ‘ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങളുടെ’ മൊഴി മാറ്റിയ സംഗീത ശ്രീനിവാസന്റെ പുതിയ നോവൽ. 

നോവൽ വായിച്ചു ഞെട്ടുന്നതിനുമുമ്പ്, ഞെട്ടലിന്റെ ആഘാതം കുറയ്ക്കാൻ നോവലിലെ ഒരു സംഭാഷണം വായിക്കുക. 

‘മൂമൂ, ഇതൊക്കെ കുറച്ച് ഓവറല്ലേ? 

‘കുറച്ചോവറാണ്. എന്നാലും കുഴപ്പമില്ല. മലയാള സാഹിത്യം നിന്റച്ഛന് സ്ത്രീധനം കിട്ടിയതൊന്നും അല്ലല്ലോ. ചുമ്മാ എഴുതിനോക്ക് ! ’ 

ഉൽസവം കൂടുന്ന ശലഭങ്ങൾ ; ഉന്മത്തരാകുന്ന പൂക്കൾ 

വാക്കു പറഞ്ഞതുപോലെ രാത്രിയുടെ രണ്ടാം യാമത്തിൽ ഉയർച്ചകളുടെയും താഴ്ചകളുടെയും ഗോവണിപ്പടികൾ അവർ കയറിയിറങ്ങി. മൂമു എന്ന മൂമു രാമചന്ദ്രനും ജോൺ മാറോക്കിയും. അതും അവരുടെ ആദ്യത്തെ കൂടിക്കാഴ്ചയിൽ. കൊച്ചി-ബൈംഗളൂരു ദൂരത്തെ ഒരു വിമാനയാത്രയിലൂടെ അതിജീവിച്ച്. സ്നേഹിക്കണം എന്നുറപ്പിച്ചാണ് അവർ നേരിട്ടുകണ്ടത്. കുറച്ചൊരു ഇഛാഭംഗത്തിനുശേഷം സ്നേഹത്തിന്റെ ഗോവണിപ്പടികൾ കയറിയിറങ്ങുമ്പോൾതന്നെ മൂമു കേട്ടു അവരുടെ രണ്ടാളുടേതുമല്ലാത്ത ഒരു ഞരക്കം. അപരിചിതമായ ഒരു ശബ്ദം. ഒരുപക്ഷേ വേറെയും ഇണകൾ സ്നേഹിക്കുന്നുണ്ടാകണം. ശബ്ദം പുറപ്പെടുവിക്കുന്നുണ്ടാകണം. കാത് വട്ടം പിടിച്ചപ്പോൾ അല്ല, അതൊരു നിലവിളിയാണ്. അമ്മേ... എന്ന തളർന്ന നിലവിളി. കരുത്തന്റെ കാമത്തിനൊപ്പം ദുർബലന്റെ നിലവിളിയും. 

കരുത്തിൽനിന്നാണു ശലഭം തുടങ്ങുന്നത്. പെണ്ണിന്റെ കരുത്തിൽനിന്നും കാമത്തിൽനിന്നും. പുരുഷന്റെ ആസക്തിയിൽന്നും വെറുപ്പിക്കാനുള്ള അവന്റെ കുപ്രശസ്തമായ കഴിവിൽനിന്നും. ചുംബനത്തിനു കൊതിച്ച മൂമുവും ചുണ്ടു കൂട്ടിയടച്ച് പെണ്ണിന്റെ അറിവില്ലായ്മയയെ പരിഹസിക്കാൻ വാക്കു തേടുന്ന ജോണും. പിന്നെ ഒരു നിലവിളിയും. കരുത്തിലും നിലവിളിയിലും തന്നെ ശലഭം അവസാനിക്കുകയും ചെയ്യുന്നു. അതിനിടെ എണ്ണിയാൽതീരാത്ത മടക്കുകളുള്ള സ്ത്രീയുടെ ഉൾത്തലങ്ങളിലൂടെ നോവൽ സഞ്ചരിക്കുന്നു. മലയാളത്തിനു തീർത്തും അപരിചിതമായ ഭാഷയിലൂടെ വ്യത്യസ്തമായ ഭാവുകത്വനിർമിതിക്കു ശ്രമിച്ചുകൊണ്ട്. 

കാമവും ലൈംഗികതയും ഇതാദ്യമായല്ല മലയാളത്തിൽ എഴുതപ്പെടുന്നത്. പുരുഷന്റെ കാഴ്ചയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും പലവട്ടം ഞെട്ടിക്കുന്ന ആവിഷ്ക്കാരങ്ങളുണ്ടായിട്ടുണ്ട്. പുരുഷ വൈകാരികതയുടെ ഉഷ്ണമേഖലകൾ. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ജീവിതപുസ്തകങ്ങൾ. രതിയെ വൈകൃതത്തിൽ ജ്ഞാനസ്നാനം ചെയ്യിച്ച ധർമപുരാണങ്ങൾ. അപൂർവമായി മാധവിക്കുട്ടിയെപ്പോലുള്ള എഴുത്തുകാരികളിലൂടെ ലൈംഗികതയുടെ സ്ത്രീപക്ഷവും സ്ത്രൈണ കാമശാസ്ത്രങ്ങളും. ഇറുകിപ്പിടിച്ചുകിടക്കുന്ന വസ്ത്രം ധരിച്ച് ഓടിക്കിതച്ച് എത്തുമ്പോൾ കാണണം എന്നാഗ്രഹിച്ചവൻ ഇരുട്ടിൽ തീപ്പെട്ടി ഉരയ്ക്കാൻ ശ്രമിക്കുന്നതാണു ശലഭത്തിൽ മൂമു കാണുന്നത്. അവിടെനിന്നും ഇരുട്ടിലൂടെയും വെളിച്ചത്തിലൂടെയും സഞ്ചരിച്ച് കാമത്തിലൂടെയും കണ്ണീരിലൂടെയും സഞ്ചരിച്ച് വിശ്വാസത്തിലൂം അവിശ്വാസത്തിലും കയറിയിറങ്ങി മറ്റൊരു രാജ്യത്തിലെ വെളിച്ചം തേടി മൂമു യാത്ര തുടങ്ങുമ്പോഴേക്കും തകർന്നുവീഴുന്നുണ്ട് ഇതുവരെ മലയാളം കെട്ടിപ്പൊക്കിയ രതി സാമ്രാജ്യങ്ങൾ. രതിയുടെ മന്ദാരങ്ങൾ. കാമത്തിന്റെ ജ്വാലാകലാപങ്ങൾ. പ്രണയത്തിന്റെ അശ്രുചന്ദ്രികകൾ. യാഥാർഥ്യത്തെ മുഖത്തോടു മുഖം നിർത്തി പുതിയ കാലത്തെ പെൺമനസ്സും ശരീരവും ഭാഷയും സംഘർഷങ്ങളും ചൂടോടെ പകർത്തുകയാണ് സംഗീത. വെറും ചൂടല്ല, കത്തുന്ന ചൂട്. പൊള്ളിക്കുന്ന ചൂട്. വടുക്കൾ അവശേഷിപ്പിക്കുന്ന അഗ്നിബാധ. 

രഹസ്യത്തിൽ ഹരം കൊള്ളിക്കുകയും പരസ്യമാകുമ്പോൾ അറപ്പുളവാക്കുകയും ചെയ്യുന്ന അശ്ളീലം ശ്ളീലമാകുന്ന അത്ഭുതക്കാഴ്ച കൂടിയാണു ശലഭങ്ങൾ. വിവാഹവുമായി ബന്ധപ്പെട്ട പരമ്പരാഗത സങ്കൽപത്തെ തള്ളിക്കളയുകയും പ്രസവത്തിന്റെ കാൽപനികതയെ പരിഹസിക്കുകയും ചെയ്യുമ്പോഴും പക്ഷേ, പ്രണയത്തിന്റെ സദാചാര സങ്കൽപത്തെ മുറിവേൽപിക്കാൻ നേരിയരീതിയിൽപ്പോലും ശ്രമിക്കുന്നില്ല ശലഭം. കാമുകന്റെ ഒളിസേവ കയ്യോടെപിടിക്കുമ്പോൾ പൊട്ടിത്തകരുന്ന ചില്ലുമേടയിൽത്തന്നെയാണ് നായിക മൂമുവും ജീവിക്കുന്നത്. ഒളിസേവയിൽ പങ്കെടുക്കുന്നത് ബന്ധുവും അടുത്ത സുഹൃത്തും സന്തത സഹചാരിയൂം കൂടിയാകുമ്പോൾ ദുരന്തത്തിന്റെ തീവ്രത കൂടുന്ന പതിവു ചേരുവയും ശലഭം പിന്തുടരുന്നുണ്ട്. പുതിയ ഭാവുകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിലെ പോരായ്മകളായി ഇവ വിലയിരുത്താമെങ്കിലും ‘ കുറച്ച് ഓവർ’ തന്നെയാണു ശലഭം. അതുതന്നെയാണു ശലഭത്തിന്റെ സ്വാതന്ത്രമായ നിലനിൽപും അസ്തിത്വവും സാധ്യമാക്കുന്ന അസ്തിവാരവും. ഈ ഓവർ സമീപം മലയാളം കാത്തിരുന്നതുമാണ്. മുടിത്തെയ്യമുറയുന്ന വാക്കുകളിലൂടെ പാപത്തറ സൃഷ്ടിച്ച് മലയാളത്തിൽ പെണ്ണെഴുത്തിന്റെ ഹരിശ്രീ കുറിച്ച സാറാ ജോസഫിന്റെ മകൾ നിയോഗമെന്നവണ്ണം നിർമിക്കുന്ന പുതിയ എഴുത്തിന്റെ നാന്ദി. ശലഭം സംഗീത സമർപ്പിച്ചിരിക്കുന്നതും അമ്മയ്ക്കു തന്നെ. ആലാഹയുടെ, മാറ്റാത്തിയുടെ അമ്മയ്ക്ക്. ആളോഹരി ആനന്ദത്തിന്റെ എഴുത്തുകാരിക്ക്. 

ഓർമയിൽ ഒരു നീറ്റൽ അവശേഷിപ്പിക്കാനും ഒരു ഉത്തമദുരന്തകാവ്യത്തിന്റെ ഫലശ്രുതിയിലേക്കു നയിക്കാനും കഴിഞ്ഞ വിപ്ലവമായിരുന്നു സംഗീതയുടെ മുൻ നോവലായ ആസിഡ് എങ്കിൽ വ്യത്യസ്തമായ പരിചരണവും സമീപനവും വഴി ഒരു സ്ത്രൈണ വിപ്ലവത്തിനാണു ശലഭം ശ്രമിക്കുന്നത്. രണ്ടു നോവലുകളെയും മുന്നോട്ടുനയിക്കുന്നത് രണ്ടു യുവതികളുമാണ്. അവർ സൃഷ്ടിക്കുന്ന സംഘർഷങ്ങളും അവർക്കു സമൂഹം സമ്മാനിക്കുന്ന അരുതായ്മകളും. 

തീഷ്ണമായ അനുഭവങ്ങളുടെ ക്രൂര കാരുണ്യത്തിൽ അടുക്കുകയും അകലുകയും വീണ്ടും അടുത്തും ഒന്നിച്ചു യൗവ്വനത്തെ നേരിടാൻ ശ്രമിക്കുന്ന രണ്ടു യുവതികൾ അവരുടെ പ്രണയത്തോടും ആസക്തിയോടും ജീവിതത്തോടും നടത്തുന്ന പോരാട്ടം. ഇവരിൽ മൂമൂ എന്ന പട്ടാളക്കാരിയായ കുതിരക്കാരി (സ്റ്റാലിയൻ ജംപർ) ഒഎൽഎക്സിലൂടെ യാദൃഛികമായി പരിചയപ്പെടുന്ന വായനക്കാരനും ചിത്രകാരവും വിമശകനുമായ യുവാവ്. ഇവർക്കിടയിലേക്കു യാദൃഛികമായി കടന്നുവരുന്ന ഒരു കൊലപാതകിയും. ശലഭം പൂക്കൾ aeroplane ഇവരുടെ കഥയാണെന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞാൽ അതായിരിക്കും ശലഭത്തോടു ചെയ്യുന്ന ഏറ്റവും വലിയ നീതികേട്. കഥയേക്കാൾ കഥയുടെ പരിചരണമാണ് ഇവിടെ പ്രമേയം. പരിചയച്ച പരിചരണത്തോടു കാണിക്കുന്ന ബഹുമാനമില്ലായ്മയും അന്തസ്സുള്ള കലാപവും. അക്ഷരാർഥത്തിൽ ഒരു വിപ്ലവത്തിന്റെ ചൂടും പുകയുമുണ്ട് ശലഭങ്ങൾക്ക്. പൊടുന്നനെ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ളാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ് ഹരംപിടിപ്പിക്കുന്ന കാഴ്ചയുടെ ഉൽസവകാലം സമ്മാനിക്കുന്ന ശലഭങ്ങളെയും പൂക്കളെയും വിമാനവുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കുന്ന വിമതസൗന്ദര്യം. 

തേൻ കുടിച്ചോളൂ. തളരുമ്പോൾ പറന്നുപൊങ്ങാനുണ്ട് വിമാനങ്ങൾ 

രതിയുടെ ആവേഗനിമിഷത്തിനിടെ സംഭവിക്കുന്ന ഒരു കൊലപാതകത്തിലൂടെയും ഇതുവരെ എഴുതിയതെല്ലാം തിരസ്കരിക്കപ്പെട്ടതെങ്കിലും തന്റെ മാസ്റ്റർപീസ് എന്നുതന്നെ ഉറപ്പിച്ച് മർഡർ മിസ്റ്ററിയുടെ ചുരുളഴിച്ച് നോവൽ രചിക്കാനുള്ള ആഷി എന്ന യുവതിയുടെ ശ്രമത്തിലൂടെയും ശലഭം വായനക്കാർക്കു നൽകുന്നതു മികച്ച വായനാനുഭവം. ഭാഷയിലെ ക്ളീഷേകളെ ഒഴിവാക്കി നഗരവത്കൃത സംഭാഷണങ്ങളിലൂടെയും ചിന്തകളിലൂടെയും മുന്നേോട്ടുപോകുന്ന നോവൽ പുതുമയുടെ ഉൻമേഷം പകരുന്നുണ്ട്. വികാരവിക്ഷോഭങ്ങളിൽ തീവ്രതയും തീഷ്ണതയും പകരുന്നുണ്ട്. വായനയുടെ ഒരു നിമിഷത്തിൽപ്പോലും വിരസമാവാതെ ‘ കാന്തിയോടപരകാന്തി’ ചേരുന്ന ഭാവസംപൂർത്തിയാണു ശലഭം ലക്ഷ്യം വയ്ക്കുന്നത്. 

കുഴിയാന ചിറുകു വിടർത്തി തുമ്പിയായി മാറി ആകാശത്തിലേക്കു പറക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. കേട്ടതും അറിഞ്ഞതും കാണാനിരിക്കുന്നതുമെല്ലാം കഥകളാണെങ്കിൽ ജോണും ആഷിയും ജെ ഡബ്ളിയൂ മാരിയറ്റും കരീന കപൂറും കഥകളാണ്. എല്ലാ കഥകളും ഒന്നാണെങ്കിൽ ശലഭങ്ങൾക്കും പൂക്കൾക്കും വിമാനങ്ങൾക്കും ചിറകുകളുണ്ട്. രൂപവും ഭാവവും മാറുന്നുണ്ടെങ്കിലും അടിസ്ഥാനം ഒന്നുതന്നെ. 

‘റോക്കീ, എനിക്കു നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് ’ 

‘ശരിക്കും ? ’ 

‘ശരിക്കും’ 

‘എന്താണു നിനക്കു കൂടുതൽ മിസ് ചെയ്യുന്നത് ? ’ 

‘നിന്റെ അശ്ളീല കഥകൾ’ 

‘ഹ, ഹ, എങ്കിൽ ഒരു കഥ പറയട്ടെ’ 

‘അയ്യോ വേണ്ട, ഞാൻ വെറുതെ പറഞ്ഞതാണ്’. 

‘അത് വെറുതെ, നിനക്ക് എന്റെ കഥ കേൾക്കണമെന്നുണ്ട്’. 

ഞാൻ ചിരിച്ചു.... 

ചിറകു കരിഞ്ഞിട്ടും അതീജീവനത്തിന്റെ കരുത്തിൽ വീണ്ടും കിളിർത്ത ചിറകുമായി ഡാഗോബൈർചൗസനിലേക്കു പറക്കുന്ന മൂമൂ... വലിയ മൈതാനങ്ങളെയും കുതിരകളെയും സ്വപ്നം കാണുന്ന ശലഭമേ.... തേൻ കുടിക്കാനുള്ള നൂറു നൂറു പൂക്കളുമായി ഞങ്ങൾ കാത്തിരിക്കും. പാറിനടന്ന് അവശരാകുമ്പോൾ പറന്നുപൊങ്ങാനുള്ള വിമാനങ്ങളും.... 

പിന്നെ, ആഷീ... ആ നോവൽ പൂർത്തിയാക്കണേ....അതു മലയാളത്തിനു വേണം. ഇതുവരെയുള്ള വായനയെ അപ്രസക്തമാക്കി ഭാവിയെ വായിക്കാൻ. 

ജോൺ മാറോക്കീ, ശരീരത്തോടു നീതി കാണിച്ചവനേ... ആഷിയെ കുറ്റപ്പെടുത്തി നിനക്കു രക്ഷപ്പെടാനാവുമോ ....?