Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മഹത്യയിൽനിന്നു ജീവിതത്തിലേക്ക്; പാലൂരിനെ തിരിച്ചുനടത്തിയ മഹാകവിയുടെ വരികൾ

mn-paloor-5

ചരിത്രത്തിൽ വിപ്ലവം രേഖപ്പെടുത്തിയ വർഷമാണ് 1957. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിൽ വന്ന വർഷം. ജ‍ന്മിമാരെന്ന പേരിൽ അറിയപ്പെട്ട കേരളത്തിലെ ഒരു വിഭാഗം ജനങ്ങളിൽ പലരും വഴിയാധാരമായി. നമ്പൂതിരി സമുദായമായിരുന്നു ഏറെ ദുരിതമനുഭവിച്ചത്. മാധവൻ നമ്പൂതിരി എന്ന പാലൂരിന്റെ ഇല്ലത്ത് അന്ന് അപ്ഫനായിരുന്നു കുടുംബം നോക്കിയിരുന്നത്. ആരും പട്ടിണി കിടക്കുന്നില്ലായിരുന്നെങ്കിലും കുടുംബത്തിൽ കലഹം വല്ലാതെ മൂർച്ഛിച്ചു. ഭാഗം വേണമെന്നു പലരും വാശി പിടിക്കാൻ തുടങ്ങി. പാലൂർ അന്നു കവിതയും കാറോടിയ്ക്കലുമായി തൃശൂർ നഗരത്തിലും പരിസരത്തും കഴിയുന്നു. തൃശൂർ കലക്ടറുടെ ഡ്രൈവറായിരുന്നു അന്നദ്ദേഹം. 

അപ്രതീക്ഷിതമായി കുടുംബ ബന്ധുവിൽനിന്നും പാലൂരിനൊരു തപാൽകാർഡ് കിട്ടുന്നു. മറ്റപ്പള്ളി കുഞ്ചുനമ്പൂതിരിയെ ചെന്നു കാണുക. പാലൂർ കാര്യമറിയാൻ ചെന്നു. ഭാഗംവയ്പാണു വിഷയം. അച്ഛന്റെയും അമ്മമാരുടെയും മുത്തശ്ശിയുടെയും തറവാടിന്റെയും ചുമതല പാലൂരിനു കൊടുക്കുന്നു. ഒരു നമ്പൂതിരിയുടെ മകളെ വേളി കഴിക്കണം. പകരമായി പെൺകുട്ടിയുടെ അച്ഛൻ പാലൂരിന്റെ സാമ്പത്തിക പരാധീനതകളിൽ സഹായിക്കും. വി.ടി. ഭട്ടതിരിപ്പാടിന്റെ ശിഷ്യനായ, വിപ്ലവം തലയിൽകയറിയ പാലൂരിന് അന്നു വേളി കഴിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലുമാവാത്ത അവസ്ഥ. എല്ലാവരും കൂടി എല്ലാം തീരുമാനിച്ചിരിക്കുന്നു. അനുസരിച്ചേ മതിയാകൂ. 

രാത്രിയായി. പാലൂരിനു മാത്രം ഉറക്കം വരുന്നില്ല. ഇതുവരെ എന്തെല്ലാം കാര്യങ്ങളാണോ എതിർത്തിരുന്നത് അവയെല്ലാം അനുസരിച്ചും അംഗീകരിച്ചും ഒരു യാഥാസ്ഥിതിക നമ്പൂതിരിയായി കഴിയുക എന്നത് അദ്ദേഹത്തിനു ചിന്തിക്കാൻപോലുമായില്ല. ഒരു വഴി തെളിഞ്ഞു: അവസാനത്തെ വഴി– ആത്മഹത്യ. ആരുമറിയാതെ രാത്രി ഇല്ലത്തിനു പുറത്തുകടന്നു. നിലാവിലൂടെ നടന്നു. പുറത്തെ മാളികയുടെ വടക്കുഭാഗത്തായി ഒരു വലിയ കുളമുണ്ട്. ശിവക്ഷേത്രവും. ചുറ്റിയ മുണ്ട് കൊണ്ട് വലിയൊരു കല്ല് വയറ്റത്തു കെട്ടി കുളത്തിൽച്ചാടി മരിക്കാൻ തീരുമാനിച്ചു. കുളത്തിന്റെ അടുത്തെത്തി. കുറച്ചു മാറി കൃഷിക്കാർ ചക്രം ചവിട്ടുന്നു. പാട്ടുകളും പാടുന്നുണ്ട്. വാവലുകൾ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു. മരണം ഒരിക്കലേയുള്ളൂ. ഒരു വ്യക്തി മരിച്ചാൽ ലോകത്തിന് ഒന്നും സംഭവിക്കാനില്ല. ചിന്തിച്ചപ്പോൾ പാലൂരിനു ദുഃഖം തോന്നി. ദുഃഖിക്കുന്നതിനെക്കുറിച്ചുതന്നെ ദുഃഖം തോന്നി. അമ്മവീടിനടുത്താണു മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വീട്. കുട്ടിക്കാലം മുതലേ വായിച്ചു മനപാഠമാണു മഹാകവിയുടെ വരികൾ. നാലുവരി പാലൂരിന്റെ മനസ്സിലെത്തി:

കേവലം ഘനീഭൂതമാകിയ കണ്ണീരാണീ–

ഭൂതലം, നെടുവീർപ്പാണീയന്തരീക്ഷം പോലും 

ദാരിദ്ര്യം, രോഗം, ദുഃഖം മർത്ത്യജീവിതത്തിന്റെ 

വേരിലും പടർപ്പിലും പൂവിലും കയ്പിൻ ഗന്ധം ! 

ചിന്തകൾ കാടുകയറിയെങ്കിലും കുറച്ചൊന്നു ചിന്തിച്ചപ്പോൾ ആത്മഹത്യയുടെ അർഥശൂന്യതയും പാലൂരിന്റെ മനസ്സിലെത്തി. മണ്ടൻമാരല്ലേ ജീവിതം സ്വയം അവസാനിപ്പിക്കൂ. അമ്മ പതിവായി ചൊല്ലുന്ന പ്രാർഥനയും അദ്ദേഹത്തിന്റെ മനസ്സിലെത്തി. ഒപ്പം മഹാകവിയുടെ വേറെ നാലുവരി കവിതയും.

വേല തന്നിലൊളിഞ്ഞിരിക്കും മഹാ–

ജ്വാല പെട്ടെന്നു ഞെട്ടിയുണരുകിൽ 

ആണുകാഗ്നേയഗോളങ്ങൾ നാണിച്ചു

താണുപോം മഹസ്സൊന്നുളവായ് വരും! 

ആത്മഹത്യയുടെ ഇരുട്ട് കവിയായ ആ യുവാവിന്റെ മനസ്സിൽനിന്ന് അകന്നു. കുളത്തിൽപ്പോയി കുളിച്ചു. അമ്പലനടയിൽച്ചെന്നു പ്രാർഥിച്ചു. മുറിയിലെത്തി ഷർട്ടെടുത്തിട്ടു പുറത്തു കടന്നു. ഒറ്റനടപ്പായിരുന്നു. റെയിൽവേ ട്രാക്കിലൂടെ. തെക്കുനിന്നൊരു ചരക്കുവണ്ടി വരുന്നു. വേഗം കുറച്ചുവന്ന ആ വണ്ടിയിൽ പാലൂർ ചാടിക്കയറി. രാത്രി അവസാനിക്കുമ്പോഴേക്കും തൃശൂർ റെയിൽവേ സ്റ്റേഷനിൽ. 

ആ രാത്രി സ്വന്തം തറവാട്ടിൽനടന്ന കാര്യങ്ങൾ ഒരു വർഷം കഴിഞ്ഞാണു പാലൂർ അറിഞ്ഞത്. അഭയം കണ്ട യുവാവ് ഓടിയൊളിച്ചെന്നറിഞ്ഞ ബന്ധുക്കൾ കുടുംബം അനുജനെ ഏൽപിച്ച് ഭാഗം രജിസ്റ്റർ ചെയ്തു. ആ വാർത്ത കേൾക്കാൻപോലും കാത്തുനിൽക്കാതെ പാലൂർ ഒളിച്ചോടി മഹാനഗരത്തിലേക്ക്– ഇന്നു മുംബൈ എന്നറിയപ്പെടുന്ന അന്നത്തെ ബോബെയിലേക്ക്. വിധിനിർണായകമായി ആ ഒളിച്ചോട്ടം; കവിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും. മാധവൻ എന്ന നമ്പൂതിരി കേരളമറിയപ്പെടുന്ന കവിയാകുന്നു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അലഞ്ഞുനടന്ന യുവാവ് ആത്മാഭിമാനത്തോടെ ജോലി ചെയ്തു മനുഷ്യനായി ജീവിക്കാൻ ശേഷി നേടുന്നു.