Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വരില്ല, ആ തപാൽ കാർഡുകൾ

mn-paloor-2 എം.എൻ. പാലൂർ

വിമാനത്താവളത്തിൽ ഒരു കവി എന്നാണ് ഞാനാദ്യം കേട്ടത്. പിന്നെ കേട്ടു, ബോംബെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ചുമതലയാണ് അദ്ദേഹത്തിനെന്ന്. താമസിയാതെ എനിക്കു ബോംബെയിൽ വിമാനമിറങ്ങേണ്ടിവന്നു. ഒരാൾവന്ന് എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി. പാലൂരായിരുന്നു അത്. അതിനുശേഷം ഞാനും പാലൂരുമായുള്ള സൗഹൃദം ഗാഢമായി. 

പിന്നെ പാലൂർ കുമരനല്ലൂരിലെ എന്റെ വീട്ടിൽ പലതവണ വന്നുതാമസിച്ചു. ഞാൻ അദ്ദേഹവും കുടുംബവുമായി കൂടുതൽ പരിചയത്തിലായി. പിന്നെ ഒരുമിച്ചു ഭക്ഷണം കഴിച്ചു, ഒരുപാടു യാത്രകൾ ചെയ്തു. പാലൂര് 18 തവണ മഹാഭാരതം വായിച്ചതായി കേട്ടിട്ടുണ്ട്. അതോടെ, സംസ്കൃതത്തിൽ അവഗാഹമായി എന്നു പറഞ്ഞത് കെ.പി.നാരായണ പിഷാരടിയായിരുന്നു. തൃശൂരിൽ നാരായണ പിഷാരടിയുടെ വീട്ടിലേക്ക് കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി എത്തിയാണ് പാലൂര് സംസ്കൃതം പഠിച്ചത്. 

എറണാകുളം ജില്ലയിലെ എലിമെന്ററി സ്കൂളിലായിരുന്നു പാലൂരിന്റെ പഠനം തുടങ്ങിയത്. അദ്ദേഹത്തിന്റ മാതാവും പഠിച്ചത് അതേ സ്കൂളിലായിരുന്നു. അവരുടെ സഹപാഠിയായിരുന്നു ജി.ശങ്കരക്കുറുപ്പ്. അമ്മ ശങ്കരക്കുറുപ്പിന് പെൻസിൽ ചെത്തിക്കൊടുത്തിരുന്ന കാര്യമൊക്കെ പാലൂര് പറയുമായിരുന്നു. 

ആറുമാസം മുൻപുവരെ തപാൽ കാർഡുകളിലൂടെ അദ്ദേഹത്തിന്റെ ക്ഷേമാന്വേഷണം എന്റെ മുറ്റത്തെത്തുമായിരുന്നു. ഇനി അതില്ല. പാലൂരിന്റെ കവിതകളിൽ വിമാനത്താവളത്തിൽ ഒരു കവിയും ഉഷസ്സുമാണ് എനിക്കിഷ്ടം. പാലൂരിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 

എം.എൻ.പാലൂർ – ജീവിതരേഖ

1932 ജൂൺ 22: എറണാകുളം പറവൂരിലെ പാറക്കടവ് പാലൂർ മനയിൽ ജനനം

1959: മുംബൈ ഇന്ത്യൻ എയർലൈൻസിൽ ജോലിക്കു ചേർന്നു

1962: ആദ്യ കവിതാസമാഹാരം ‘പേടിത്തൊണ്ടൻ’ പുറത്തിറങ്ങി

1983: ‘കലികാലം’ എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം 

1990: ഇന്ത്യൻ എയർലൈൻസിൽനിന്നു വിരമിച്ചു

2009: ആശാൻ കവിതാ പുരസ്കാരം

2011: ആത്മകഥയായ ‘കഥയില്ലാത്തവന്റെ കഥ’ പ്രസിദ്ധീകരിച്ചു

2011: ‘കഥയില്ലാത്തവന്റെ കഥ’യ്ക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ജീവചരിത്ര കൃതിക്കുള്ള പുരസ്കാരം

2013: ‘കഥയില്ലാത്തവന്റെ കഥ’യ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം