Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുതെണ്ടിയായി ഒളിച്ചോട്ടം; തിരിച്ചുവരവു വിമാനത്തിൽ

MN_Paloor-2 എം.എൻ. പാലൂർ, ഭാര്യ ശാന്തകുമാരി.

തെരുവിലിട്ടു കാക്ക കൊത്തുന്ന പഞ്ചവർണക്കിളിയെ രക്ഷിച്ചെടുത്തു വാടകമുറിയിൽ കൊണ്ടുവന്നു വളർത്തുന്ന യുവാവിനെക്കുറിച്ചു കവിതയെഴുതിട്ടുണ്ട് മഹാകവി വൈലോപ്പിള്ളി. കിളിയും മനുഷ്യനും . കവിതയിലെ നായകൻ സാങ്കൽപിക കഥാപാത്രമല്ല വൈലോപ്പിള്ളിയുടെ സുഹൃത്തു തന്നെയായ എം.എൻ,പാലൂർ. 

നാട്ടിൽ നിൽക്കാനാകാതെ ഒളിച്ചോടേണ്ടിവന്നപ്പോൾ താൻ വളർത്തുന്ന കിളിയെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല പാലൂരിന്. അദ്ദേഹം കിളിയുടെ പരിപാലനം വൈലോപ്പിള്ളിയെ ഏൽപിക്കുന്നു. യഥാർഥത്തിൽ നടന്ന ഈ സംഭവമാണു കവിതയുടെ പ്രമേയം. പാലൂരിന്റെ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും ദയയുടെയും സഹജീവി സ്നേഹത്തിന്റെയും മികച്ച ഉദാഹരണം. വ്യക്തിയെന്ന നിലയിലും കവിയെന്ന നിലയിലും ഉന്നതമൂല്യങ്ങളും മനുഷ്യത്വവും നിലനിർത്തിയ കവിയാണു പാലൂർ; പരസ്പരപൂരകമായി എഴുത്തും ജീവിതവും സംയോജിപ്പിച്ച പച്ചമനുഷ്യൻ. വൈലോപ്പിള്ളിയോടുള്ള പാലൂരിന്റെ ബന്ധത്തിലും തെളിഞ്ഞുകാണാം  ഈ തനിമ. 

വൈലോപ്പിള്ളി എന്ന കവിയെ പൂർണമായി അംഗീകരിക്കുന്നുണ്ടു പാലൂർ. കേരള കാളിദാസൻ എന്നു വിശേഷിപ്പിച്ചു ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. പക്ഷേ, മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവൃത്തികളെ നിശിതമായി വിമർശിക്കുന്നു;പ്രത്യേകിച്ചും ഗൃഹനാഥനായ വൈലോപ്പിള്ളിയെ. തിരസ്കാരങ്ങളും അവഗണനകളും തിരിച്ചടികളും ഏറെയുണ്ട് പാലൂരിന്റെ ജീവിതത്തിൽ. അഷ്ടിക്കു വകയില്ലാതെ അലഞ്ഞുനടന്നിട്ടുമുണ്ട്. എങ്കിലും എന്നും മനുഷ്യപക്ഷത്തുനിന്നു പാലൂർ. മനുഷ്യന്റെ ആത്യന്തിക നൻമയിലും സൗന്ദര്യത്തിലും വിശ്വസിച്ചു. നൻമയുടെ വിളക്ക് മനസ്സിൽ കെടാതെ കാത്തു. 1975–ൽ മുംബൈയിലേക്കു ട്രെയിൻ കയറുമ്പോൾ തെരുവുതെണ്ടിയെന്നാണ് പാലൂർ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. അതേ മാധവൻ നമ്പൂതിരി അഞ്ചുവർഷത്തിനുശേഷം നാട്ടിലേക്കു തിരിച്ചുവന്നതു വിമാനത്തിൽ.  തിരസ്കൃതനായ നമ്പൂതിരി യുവാവിൽനിന്ന് എം.എൻ.പാലൂർ എന്ന പ്രശസ്തനായ കവിലേക്കുള്ള മാറ്റം. ജോലി തേടി അലഞ്ഞ, തല ചായ്ക്കാൻ സുഹൃത്തുക്കളുടെ സങ്കേതം തേടി അലഞ്ഞയാൾ അപ്പോഴേക്കും ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായി മാറിയിരുന്നു; അതും പ്രശസ്തമായ ഇന്ത്യൻ എയർലൈൻസിൽ. 

യൗവ്വനത്തിന്റെ ആദ്യദശകങ്ങളിൽ മുംബൈയിൽ എത്തിയപ്പോൾ പാലൂരിനെ സ്വീകരിച്ചത് അനിശ്ചിതമായ ഭാവി. സുഹൃത്തുക്കളുടെ ശുപാർശയിൽ വിവിധയിടങ്ങളിൽ ജോലി ചെയ്തു. ഏതാനും മാസം മാത്രം നീണ്ടുനിന്ന സേവനകാലങ്ങൾ.ഒടുവിൽ അലക്സാണ്ടർ ഡോക്കിൽ ട്രെയിലറുകൾ ഓടിക്കുന്ന ജോലി. തുടക്കത്തിൽ വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നെങ്കിലും ഡോക്കിലെ ജോലി പ്രതിസന്ധിയിലായതോടെ സുഹൃത്ത് ശ്രീകുമാർ പാലൂരിനു വേണ്ടി പത്രത്തിൽകണ്ട വിവരമനുസരിച്ച് അപേക്ഷയയച്ചു. ബോംബെ ഇലക്ട്രിക് സപ്ളൈ ആൻഡ് ട്രാൻസ്പോർട് എന്ന ബിഇഎസ്ടിയിലേക്കും ഇന്ത്യൻ എയർലൈൻസിലേക്കും. രണ്ടായ്ചയ്ക്കകം ബിഇഎസ്ടിയിൽ പാലൂർ പരിശീലനത്തിനു കയറി. ഇതിനിടെ ഇന്ത്യൻ എയർലൈൻസിൽനിന്ന് അഭിമുഖത്തിനു കത്തു കിട്ടി. രണ്ടു മാസം കഴിഞ്ഞു. ബിഇഎസ്ടിയിലും ഇന്ത്യൻ എയർലൈൻസിലും ഒരേദിസവം തന്നെ ജോലിക്കു ചേരാൻ കത്തു കിട്ടി. ഇന്ത്യൻ എയർലൈൻസിൽ കിട്ടുമായിരുന്നതിന്റെ ഇരട്ടി ശമ്പളമുണ്ടായിരുന്നു ബിഇഎസ്ടിയിൽ.പക്ഷേ, വിമാനങ്ങളോടുള്ള കമ്പം പാലൂരിനെ എത്തിച്ചത് ഇന്ത്യൻ എയർലൈൻസിൽ. ഡ്രൈവറായി നിയമനം.123 രുപ ശമ്പളം. അലച്ചിലിനും തെരുവുതെണ്ടലിനും അവസാനം, സുഹൃത്തുക്കളുടെ ദയാദാക്ഷിണ്യങ്ങൾക്കു നന്ദി പറഞ്ഞ്, 1959 അവസാനം പാലൂർ സ്ഥിര ജോലിക്കാരനാകുന്നു. ഡ്രൈവറായി തുടങ്ങിയെങ്കിലും വിമാനക്കമ്പനി എയർബസ് ഇറക്കുമതി ചെയ്തഘട്ടത്തിൽ എൻജിനീയറിങ് വിഭാഗത്തിലേക്കു മാറ്റം. എയർബസുകളുടെ പ്രവർത്തനം ഏറ്റെടുക്കാൻ പരിചയസമ്പന്നർ ഇല്ലാതിരുന്ന ഘട്ടത്തിൽ മെക്കാനിക്കായി പ്രവർത്തിച്ചു പരിചയമുള്ള പാലൂർ ധൈര്യത്തോടെ പുതിയ ജോലി ഏറ്റെടുത്തു. കഴിവു തെളിയിച്ചതോടെ ഓപറേറ്ററായി സ്ഥാനക്കയറ്റം. 

ചീഫ് ഓപറേറ്റർ എന്ന ഉന്നതസ്ഥാനത്തേക്കു പടിപടിയായി ഉയർച്ച. 

ജീവിതം ഗതിയില്ലാതെ ഒഴുകിക്കൊണ്ടിരുന്നപ്പോഴും കവിതയുണ്ടായിരുന്നു പാലൂരിന്റെ മനസ്സിൽ. 1962– ൽ അതുവരെ എഴുതിയ പ്രധാന കവിതകൾ തിരഞ്ഞെടുത്തു സമാഹാരമാക്കി. പേടിത്തൊണ്ടൻ. പ്രസാധനം മംഗളോദയം. വിടി ഭട്ടതിരിപ്പാടിന്റെ ശിഷ്യനെന്നു സ്വയം വിശേഷിപ്പിക്കുന്ന പാലൂർ ആദർശങ്ങളിൽ ഉറച്ചുനിന്നാണു വിവാഹം കഴിക്കുന്നതും. 1963–ൽ ചെറിയ ചടങ്ങായിട്ടായിരുന്നു വിവാഹം.  തൊട്ടടുത്തുള്ള ഒരു പ്രഭുകുടുംബത്തിൽ പാർത്ത് അവിടെ പൂജ ചെയ്തും വേദാഭ്യാസത്തിനു പാർക്കുന്ന നമ്പൂതിരിക്കുട്ടികളെ വേദം പഠിപ്പിച്ചും കഴിഞ്ഞിരുന്ന ഒരു സാധുബ്രാഹ്മണന്റെ എട്ടുകുട്ടികളിൽ മൂന്നാമത്തെ പെൺകുട്ടി. പത്താം ക്ളാസ് വിജയിച്ചുനിൽക്കുന്നു.  കൊട്ടും കുരവയുമില്ലാതെ ആഡംബരം പേരിനുപോലുമില്ലാതെ ശാന്ത പാലൂരിന്റെ ജീവിതസഖിയാകുന്നു. ദുരിതത്തിലും ദുരന്തങ്ങളിലും കവിതയുടെ കൈ വിടാതെ നിന്ന പാലൂർ സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെടുന്നത്. 1983–ൽ. കലികാലം എന്ന കവിതാസമാഹാരത്തിനു കേരളസാഹിത്യഅക്കാദമി പുരസ്കാരം. അക്കാദമി അവാർഡ് കൈ നീട്ടി വാങ്ങിയ പാലൂർ പുരസ്ക്കാരത്തുക സ്റ്റേജിൽ നിന്നിറങ്ങി സമർപ്പിച്ചു–ഗുരുനാഥനായ കെ,പി.നാരായണപ്പിഷാരടിക്ക്. 

കുട്ടിക്കാലത്തേ പഠനം മുടങ്ങിയെങ്കിലും സംസ്കൃതം പഠിക്കണമെന്ന അദമ്യമായ ആഗ്രഹത്തെത്തുടർന്നാണു പാലൂർ നാരായണപ്പിഷാരടിയുടെ അടുത്തു ചെല്ലുന്നതും അദ്ദേഹം ശിഷ്യനായി പാലൂരിനെ അംഗികരിക്കുന്നതും. അനൗപചാരികസമ്പ്രദായത്തിൽ അഭ്യസിച്ച സംസ്കൃതം പിന്നീടു പാലൂരിന്റെ കവിതയുടെ ശക്തമായ അടിത്തറയുമായി. പുരസ്കാരത്തുക വേദിയിൽവച്ചുതന്നെ സമർപ്പിക്കുമ്പോൾ കടപ്പാടിനു പുണ്യത്തിന്റെ അലങ്കാരം ചാർത്തുകയായിരുന്നു പാലൂർ. പദ്യത്തിനൊപ്പം ഗദ്യത്തിലും ശോഭിച്ചു പാലൂർ. ഏറ്റവും നല്ല തെളിവ് ആത്മകഥ–കഥയില്ലാത്തവന്റെ കഥ. 

മഹാഭാരതത്തിലൂടെ ആറേഴു തലമുറകളുടെ കഥ പറഞ്ഞ വ്യാസൻ ഇതിഹാസത്തിലൊരിടത്തു പറയുന്നുണ്ട് അത്യന്തം രഹസ്യമായ അറിവു ഞാൻ പകരുന്നുവെങ്കിലും ഇതിനെക്കുറിച്ചു നന്നായി നിരൂപിച്ച് ഇഷ്ടം പോലെ ചെയ്യുക എന്ന്. മുൻവിധിയോ കടുപിടുത്തമോ ഇല്ലാത്ത ഉദാരമായ ആ ദർശനമാണു പാലൂരിന്റെ കരുത്ത്. കവിതയുടെ ഉൾക്കാമ്പ്. ജീവിതത്തിലെ ശുഭപ്രതീക്ഷയുടെ അടിസ്ഥാനവും.