ഇന്ത്യൻ സാഹിത്യത്തിലെ ‘പോപ്സ്റ്റാർ’

അമീഷ് ത്രിപാഠി

ഇന്ത്യൻ സാഹിത്യ ലോകത്തെ ആദ്യ പോപ് സ്റ്റാർ എന്നാണു അമീഷ് ത്രിപാഠിയെ പ്രശസ്ത സിനിമാതാരം ശേഖർ കപൂർ വിശേഷിപ്പിച്ചത്. ഇന്ത്യൻ സാഹിത്യലോകത്തിനു പുതിയ ചില ട്രെൻഡുകൾ പരിചയപ്പെടുത്തിയ ന്യൂജനറേഷൻ എഴുത്തുകാരൻ.

ചേതൻ ഭഗത്തിനെപ്പോലെ ഐഐഎമ്മിൽ നിന്നു ബിരുദം നേടി ആദ്യം ബാങ്കിൽ ജോലി ചെയ്തു പിന്നെ എഴുത്തിലെത്തിയയാൾ. ശിവപുരാണം പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലേക്കു പരുവപ്പെടുത്തി എഴുതിയ സീക്രട്ട് ഓഫ് നാഗാസ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി.

അമീഷ് ത്രിപാഠി

പിന്നാലെയെത്തിയ ഇമ്മോർട്ടൽസ് ഓഫ് മെലുഹയും അവസാന ഭാഗമായ ദി ഓത്ത് ഓഫ് ദ് വായുപുത്രയും ഹിറ്റോട് ഹിറ്റ്. മൂന്നു കോടിയിലേറെ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങൾ സ്വന്തമാക്കിയത് 70 കോടിയിലേറെ രൂപ. ശിവ ട്രൈലജി അവസാനിച്ചപ്പോൾ രാമകഥ പറയുകാണ് അമീഷ്. പുസ്തകശാലകളിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന സിയാൻ ഓഫ് ഇക്ഷ്വാകു എന്ന പുസ്തകത്തിന്റെ പ്രചരണാർഥം കൊച്ചിയിലെത്തിയ അമീഷ് ത്രിപാഠി മനസു തുറക്കുന്നു.

പുതിയ പുസ്തകത്തെക്കുറിച്ച് വായനക്കാർ എന്തു പറയുന്നു?

നല്ല പ്രതികരണമാണ്. ഒട്ടേറെപ്പേർ ഇ- മെയിൽ സന്ദേശത്തിലൂടെയും എസ്എംഎസിലൂടെയും അഭിനന്ദിച്ചു. ഇക്ഷ്വാകുവിന്റെ ഹിന്ദി പരിഭാഷ നീൽസണ്ണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചുവെന്ന സന്തോഷവുമുണ്ട്. ഇന്ത്യൻ ഭാഷയിൽ നിന്നൊരു പുസ്തകം അതിൽ ഇടം പിടിക്കുക ശ്രദ്ധേയമായ കാര്യമാണ്. വിമർശനങ്ങളുമുണ്ട്, അതിനെ അതേ ഊർജത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.

പുതുതലമുറയിലെ മറ്റ് എഴുത്തുകാർ പുതിയ കാലത്തെ പ്രണയവും സൗഹൃദവുമെല്ലാം വിഷയമാക്കുമ്പോഴാണു പുരാണങ്ങളെക്കൂട്ടു പിടിച്ചുള്ള എഴുത്ത്?

പുരാണങ്ങളിൽ ഇതൊന്നുമില്ലെന്ന് ആരുപറഞ്ഞു. പ്രണയവും ജീവിതവും ആക്ഷനും ത്രില്ലറുമെല്ലാം ഇഴചേർന്നതാണു നമ്മുടെ പുരാണങ്ങൾ. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും ഈ പുരാണങ്ങൾ നിലനിൽക്കുന്നുവെന്നതു തന്നെ അതിന്റെ ജനപ്രീതി കാരണമാണ്. അതിനെ എന്റേതായ ഭാഷയിലേക്കു പരുവപ്പെടുത്തിയെന്നു മാത്രം.

അമീഷ് ത്രിപാഠിയുടെ പുസ്തകങ്ങൾ

എഴുത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാത്തയാളാണു ഞാൻ. തലച്ചോറിന്റെ ഇടതുഭാഗം കൂടുതലായി ഉപയോഗിക്കുന്നയാൾ എന്നു പറയാം. ഡിഗ്രി കണക്കിലാണ്. ഐഐഎമ്മിൽ നിന്നു ബിരുദം നേടിയ ശേഷം ജോലി ചെയ്തതു ബാങ്കിങ് രംഗത്ത്. വായിച്ചിരുന്ന പുസ്തകങ്ങളിൽ പോലും ഫിക്‌ഷനുകൾ കുറവ്.

സൈക്കോളജിയും ചരിത്രവും സയൻസുമെല്ലാമായിരുന്നു വായിച്ച പുസ്തകങ്ങളിലേറെയും. മുത്തച്ഛൻ ക്ഷേത്രത്തിന്റെ പണ്ഡിറ്റായിരുന്നു. അങ്ങനെയാണു പുരാണകഥകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതും എഴുത്തിനു വേണ്ടി സ്വീകരിക്കുന്നതും. പിതാവ് ഉറുദു കവിതകൾ എഴുതിയിരുന്നെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല. അവിചാരിതമായി എഴുത്തിന്റെ ലോകത്ത് ഞാൻ എത്തിപ്പെട്ടു എന്നു പറയുന്നതാകും ശരി.

ആദ്യ പുസ്തകം ഒട്ടേറെപ്പേർ പ്രസിദ്ധീകരിക്കാതെ തള്ളിക്കളഞ്ഞില്ലേ. ബാങ്കിൽ ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ജോലി ഉപേക്ഷിച്ചിട്ടാണ് ഈ രംഗത്തേക്ക് വന്നത്?

ഇരുപതിലേറെ പ്രസാദകർ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാതെ തള്ളിക്കളഞ്ഞു. ഇരുപതിനു ശേഷം എണ്ണാനും പോയില്ല. സത്യത്തിൽ സിനിമ പോലൊരു ലോകമാണ് എഴുത്തും. ഒട്ടേറെപ്പേർ ഈ ലോകത്ത് എത്തിപ്പെടാൻ ആഗ്രഹിക്കും. പക്ഷേ ഭാഗ്യമുള്ളവർ കുറവാണ്. എന്റെ രണ്ടാമത്തെ പുസ്തകവും ഹിറ്റായ ശേഷമാണു ബാങ്കിലെ ജോലി ഉപേക്ഷിച്ചത്. റോയൽറ്റി ചെക്ക് എന്റെ ശമ്പളത്തേക്കാൾ കൂടുതലാണെന്ന് കണ്ടപ്പോൾ ജോലി ഉപേക്ഷിച്ചു പൂർണ സമയം എഴുത്തിലേക്ക് കടന്നു. എഴുത്തിന്റെ ലോകത്തേക്കു കടന്നുവരുന്നവരോടും പറയാനുള്ളത് ഇതാണ്. നിങ്ങൾക്കൊരു ജോലി ഉണ്ടായിരിക്കണം. നിങ്ങളുടെ ചിലവുകളെ നേരിടാൻ അത് അത്യാവശ്യമാണ്. എഴുത്ത് നിങ്ങൾക്ക് മറ്റൊരു വഴിയിലൂടെ കൊണ്ടുപോകാനും സാധിക്കും. പിടിച്ചു നിൽക്കാമെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ജോലി കളയാവൂ.

പുരാണങ്ങളെക്കുറിച്ച് കഥകളെഴുതുന്നയാൾ മുൻപ് ഒരു അവിശ്വാസിയായിരുന്നെന്നു കേട്ടിട്ടുണ്ട്?

അതു ശരിയാണ്. തൊണ്ണൂറുകളിൽ അക്കാലത്തെ യുവതലമുറയെപ്പോലെ ദൈവവിശ്വാസം ഇല്ലാതിരുന്ന കൂട്ടത്തിലായിരുന്നു ഞാൻ. 16- 17 വയസ് കാലത്തെ കാര്യമാണ്. 12 വർഷത്തോളം ആ രീതിയിൽ തുടർന്നെന്നു പറയാം. പുസ്തകങ്ങൾ എഴുതിത്തുടങ്ങിയ ശേഷമാണു വിശ്വാസിയായി മാറുന്നത്. ഇന്ന് ഒരു ശിവഭക്തനാണ് ഞാൻ. അവിശ്വാസിയിൽ നിന്നു വിശ്വാസിയിലേക്ക് എന്ന പുസ്തകം ഭാവിയിൽ ചിലപ്പോൾ എഴുതിയേക്കാം.

സിയാൻ ഓഫ് ഇക്ഷ്വാകു ഉൾപ്പെടെ എല്ലാ പുസ്തകങ്ങളിലും സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. അതങ്ങനെ സംഭവിച്ചതാണോ?

ഒരിക്കലുമല്ല. നമ്മുടെ പുരാണങ്ങളുടെ ആദ്യ രൂപത്തിൽ സ്ത്രീകൾ വളരെ ശക്തമായ പ്രതീകമാണ്. വാൽമീകി രാമായണത്തിൽ സീത വളരെ ശക്തമായ കഥാപാത്രമാണ്. പിന്നീടു രാമായണത്തിന്റെ പല വിവർത്തനങ്ങൾ വന്നപ്പോൾ ആ കരുത്തു ചോർന്നു. സീരിയലുകൾക്കു വേണ്ടി പുരാണങ്ങൾ പരുവപ്പെടുത്തിയപ്പോൾ മറ്റൊരു രൂപത്തിലായി. സത്യത്തിൽ ഏറെ കരുത്തുള്ളവരാണു സ്ത്രീകൾ. അത് കൃത്യമായി പറയാൻ ശ്രമിച്ചിട്ടുണ്ട്. രാമകഥാ പരമ്പരയിലെ പുതിയ പുസ്തകത്തിന്റെ ജോലികൾ തുടങ്ങിയതായും വൈകാതെ അതു പുറത്തെത്തുമെന്നും അമീഷ് പറയുന്നു.

അമീഷ് ത്രിപാഠി, അദ്ദേഹത്തിൻെറ പുസ്തകം വായുപുത്ര

എഴുത്ത് എവിടെയിരുന്നാണ്?

മുംബൈയിലെ വീട്ടിൽ സ്റ്റഡി മുറി എഴുത്തിനുവേണ്ടി ഒരുക്കിയിട്ടുണ്ട്. അവിടെയിരുന്നാണ് ഏഴുത്തു പതിവ്. പക്ഷെ അതൊരു സ്ഥിരം സ്ഥലമല്ല. മൂഡനുസരിച്ച് സ്ഥലങ്ങൾ വ്യത്യാസപ്പെടാം. വായുപുത്രയുടെ ചില ഭാഗങ്ങൾ കാശിയിലാണ് എഴുതിയത്. കഫേ, ഹോട്ടൽ മുറി എന്നിവയെല്ലാം എഴുതാനുള്ള ഇടമാകും.

എഴുത്തിന്റെ സമയം?

പുലർച്ചെ 5.30ന് എഴുന്നേറ്റ ശേഷമാണ് എഴുതാറുള്ളത്. യോഗ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ശേഷം 8.30ഓടെ എഴുത്ത് ആരംഭിക്കും. നല്ല മൂഡുള്ള സമയമാണെങ്കിൽ തുടർച്ചയായി എഴു മണിക്കൂർ വരെ എഴുതാറുണ്ട്. ലാപ്ടോപ്പിലാണ് എഴുത്തെല്ലാം

എഴുതിയത് ആദ്യം വായിക്കുന്നത്?

ഭാര്യ പ്രീതിയും സഹോദരി ഭാവനയുമാണ് ആദ്യ വായനക്കാർ. ഓരോ അധ്യായവും പൂർത്തിയാക്കിയ ശേഷം അവരതു വായിക്കും പുസ്തകം പൂർത്തിയായ ശേഷം മറ്റു കുടുംബാംഗങ്ങളും

ഒടുവിൽ വായിച്ച പുസ്തകം?

സൈമൺ സിങ്ങിന്റെ ദി സിംപ്സൺസ് ആൻഡ് ദെയർ മാത്തമാറ്റിക്കൽ സീക്രട്ട്, അമിതാവ് ഘോഷിന്റെ ഫ്ലഡ് ഓഫ് ഫയർ എന്നിവ വായിച്ചു. ഏറെ മനോഹരമായ പുസ്തകങ്ങളാണ് രണ്ടും. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ ഇംഗ്ലിഷ് പരിഭാഷ അടുത്തിടെയാണു വായിച്ചത്. എത്ര രസകരമായാണു ഭീമന്റെ ഭാഗത്തു നിന്ന് ആ കഥ അദ്ദേഹം വിവരിച്ചിരിക്കുന്നത്.