Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷിഗുറോ: ഓർമയുടെ ചുവരിലെ വിചിത്രവിരൽപ്പാട്

kazuo യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളിലല്ല എനിക്കു താൽപര്യം. മറിച്ച് എന്താണു സംഭവിച്ചതെന്ന് ഓരോരുത്തരും അവരവരോട്എന്താണു പറയുന്നതെന്നതിലാണ് - കസുവോ ഇഷിഗുറോ

'യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളിലല്ല എനിക്കു താൽപര്യം. മറിച്ച് എന്താണു സംഭവിച്ചതെന്ന് ഓരോരുത്തരും അവരവരോട് എന്താണു പറയുന്നതെന്നതിലാണ്' കസുവോ ഇഷിഗുറോ 

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ പ്രതികരണം തേടി മാധ്യമപ്രവർത്തകർ ബന്ധപ്പെടുമ്പോൾ കസുവോ ഇഷിഗുറോ എന്ന ബ്രിട്ടിഷ് എഴുത്തുകാരൻ വാർത്തയുടെ നിജസ്ഥിതിയെക്കുറിച്ചു സംശയാലുവായി. വാർത്ത സത്യം തന്നെയോ എന്നദ്ദേഹം ഒരിക്കൽകൂടി ചോദിച്ചു. ‘വാർത്ത സത്യമെങ്കിൽ ആദരിക്കപ്പെടുന്ന വലിയ എഴുത്തുകാരുടെ നിരയിലേക്ക് ഞാനും ഉയർത്തപ്പെടുക എന്നാണല്ലോ. വലിയൊരു ബഹുമതി ആയിരിക്കുമത്’: ഇഷിഗുറോ പ്രതികരിച്ചു. സ്വീഡിഷ് അക്കാദമി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണു വാർത്തയെക്കുറിച്ചു സംശയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്തിനൊപ്പം ഇഷിഗുറോയും ആ സത്യം അംഗീകരിച്ചേ പറ്റൂ. ലോകത്തെ ഏറ്റവും പ്രതിഭാശാലികളും പ്രശസ്തരുമായ എഴുത്തുകാരുടെ നിരയിലേക്ക് ഇഷിഗുറോ ഉയർത്തപ്പെട്ടിരിക്കുന്നു. ആദരിക്കപ്പെട്ടിരിക്കുന്നു. അതേ,  വൈകാരിക തീക്ഷ്ണതയുള്ള നോവലുകളിലൂടെയും തിരക്കഥകളിലൂടെയും പ്രശസ്തനായ, ജപ്പാനിൽ ജനിച്ച് ഇംഗ്ലണ്ടിലേക്കു കുടിയേറിയ കസുവോ ഇഷിഗുറോയ്ക്ക് 2017–ലെ സാഹിത്യ നൊബേൽ. 

ഇത്തവണയും പ്രവചനങ്ങളെയും പ്രതീക്ഷകളെയും ഒരിക്കൽകൂടി തെറ്റിച്ചിരിക്കുകയാണ് സ്വീഡിഷ് അക്കാദമി. മാർഗരറ്റ് അറ്റ്‍വുഡ്, മിലൻ കുന്ദേര, ഹാരുകി മുറകാമി എന്നിങ്ങനെ വ്യാപകമായി പ്രചരിച്ച പേരുകളൊക്കെ പിന്തള്ളിയാണു ഇഷിഗുറോ പുരസ്കാരത്തിനർഹനാകുന്നത്.  

നാൽപതിൽ കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട എട്ടു കൃതികളുടെ കർത്താവാണ് അറുപത്തിരണ്ടുകാരനായ ഇഷിഗുറോ. ദ് റിമെയ്ൻസ് ഓഫ് ദ് ഡേ, നെവർ ലെറ്റ് മി ഗോ എന്നിവയാണു പ്രശസ്ത കൃതികൾ. രണ്ടു നോവലുകളും പിന്നീടു വിശ്വപ്രസിദ്ധ സിനിമകളായി. ആൻ ആർടിസ്റ്റ് ഓഫ് ദ് ഫ്ളോട്ടിങ് വേൾഡ്, വെൻ വി വേർ ഓർഫൻസ് എന്നിവയും ഇഷിഗുറോയെ പ്രശസ്തനാക്കിയ കൃതികളാണ്. 

Kazuo-ishiguro

1954–ൽ ആയിരുന്നു ഇഷിഗുറോയുടെ ജനനം, ജപ്പാനിലെ നാഗസാക്കിയിൽ. ഇംഗ്ലണ്ടിലെ സറേയിൽ ഓഷ്യനോഗ്രാഫർ ജോലി ലഭിച്ച പിതാവിനൊപ്പം ഇഷിഗുറോ ഇംഗ്ലണ്ടിലേക്ക് കുടിയേറി അ‍ഞ്ചാം വയസ്സിൽ. കെന്റ് സർവകലാശാലയിൽ സാഹിത്യവും തത്ത്വചിന്തയും പഠിച്ചു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം. ക്രിയേറ്റിവ് റൈറ്റിങ് ആയിരുന്നു വിഷയം. മാൽക്കം ബ്രാഡ്ബറി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ അധ്യാപകരും. പഠനത്തിന്റെ ഭാഗമായി എഴുതിയ പ്രബന്ധമാണ് സാഹിത്യലോകത്തേക്ക് ഇഷിഗുറോയ്ക്ക് ചവിട്ടുപടിയായതും. 1982–ൽ പ്രസിദ്ധീകരിച്ച എ പെയ്ൽ വ്യൂ ഓഫ് ഹിൽസ് പഠനകാലത്തെ അദ്ദേഹത്തിന്റെ പ്രബന്ധമായിരുന്നു. 1989–ൽ ബുക്കർ പുരസ്കാരം ലഭിച്ചതോടെ ഇഷിഗുറോ ലോകമെങ്ങും അറിയപ്പെട്ടു. ദ് റിമെയ്ൻസ് ഓഫ് ദ് ഡേ എന്ന നോവലിനായിരുന്നു ബുക്കർ പുരസ്കാരം, 

നൊബേൽ പുരസ്കാരം ലഭിച്ച ഇഷിഗുറോയെ ആദ്യം അഭിനന്ദിച്ചവരിൽ മറ്റൊരു ബുക്കർ ജേതാവ് സൽമാൻ റുഷ്ദിയുമുണ്ട്. ‘എ പെയ്ൽ വ്യു ഓഫ് ഹിൽസ് വായിച്ചതുമുതൽ എനിക്കേറെ ഇഷ്ടപ്പെട്ട കൃതികളുടെ കർത്താവായ,  എന്റെ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ’– റുഷ്ദി പ്രതികരിച്ചു. ഗിത്താർ വായിക്കാനും ഇഷിഗുറോ മിടുക്കനാണെന്നും റുഷ്ദി കൂട്ടിച്ചേർത്തു. ഗായകനായ ബോബ് ഡിലനു കഴിഞ്ഞവർഷം പുരസ്കാരം ലഭിച്ചതു കൂടി ഓർമിപ്പിച്ചുകൊണ്ടായിരുന്നു റുഷ്ദിയുടെ പ്രതികരണം.  

ഇഷിഗുറോയുടെ രചനാലോകത്തെക്കുറിച്ച് സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി സാറ ഡാനിയസിന്റെ പ്രതികരണം കൗതുകകരമായിരുന്നു. ജെയ്ൻ ഓസ്റ്റിന്റെയും കാഫ്കയുടെയും കൃതികളുടെ സമ്മേളനമാണ് ഇഷിഗുറോയുടെ രചനകളെന്നു പറഞ്ഞ ഡാനിയസ്, ആ പ്രസിദ്ധ എഴുത്തുകാർക്കൊപ്പം  മാർസൽ പ്രൂസ്റ്റ് കൂടി ചേർക്കുമ്പോൾ ഇഷിഗുറോയെ കിട്ടുമെന്നും കൂട്ടിച്ചേർത്തു. സ്വന്തമായ ഒരു ഭാവുകത്വത്തിന്റെ ഉടമയാണ് ഇഷിഗുറോ എന്നു പറഞ്ഞ ഡാനിയസ്, അദ്ദേഹത്തിന്റെ കൃതികളിൽ 'ദ് ബറീഡ് ജയന്റ്' ആണു തനിക്ക് ഏറെ ഇഷ്ടപ്പെട്ട നോവലെന്നും പറഞ്ഞു. പക്ഷേ 'ദ് റിമെയ്ൻസ് ഓഫ് ദ് ഡേ' തന്നെയാണ് മാസ്റ്റർപീസ് എന്നും അവർ കൂട്ടിച്ചേർത്തു. 

‘ഓർമ എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. ഓർമകളിലൂടെ എഴുതാൻ ഞാൻ ഇഷ്ടപ്പെടുന്നു’ എന്നു പറഞ്ഞിട്ടുള്ള ഇഷിഗുറോയുടെ രചനാലോകത്ത് ഏറ്റവും പ്രാധാന്യം ഓർമയ്ക്കും കാലത്തിനും തന്നെ. ഇപ്പോൾ സ്വീഡിഷ് അക്കാദമിയും ആ പ്രത്യേകത അംഗീകരിച്ച് ഇഷിഗുറോയെ ലോകമെമ്പാടുമുള്ള വിപുലമായ വായനാസമൂഹത്തിനു സമർപ്പിക്കുന്നു. 

യഥാർഥ സംഭവങ്ങൾക്കു പുറമെ ഭാവനയ്ക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതാണ് ഇഷിഗുറോയുടെ പിൽക്കാല നോവലുകൾ. പ്രത്യേകിച്ചും 2015 ൽ പ്രസിദ്ധീകരിച്ച 'ദ് ബറീഡ് ജയന്റ്'. വിചിത്രവും യഥാർഥത്തിൽ ഇല്ലാത്തതെന്നു തോന്നുന്നതുമായ, ഇംഗ്ലിഷ് പശ്ചാത്തലമുള്ള ഭൂപ്രകൃതിയിലൂടെ ഒരു യാത്ര നടത്തുന്ന വയോധിക ദമ്പതികളുടെ കഥയാണിത്. ഓർമയും മറവിയും തമ്മിലും ചരിത്രവും വർത്തമാനകാലവും തമ്മിലും ഭാവനയും യാഥാർഥ്യവും തമ്മിലുമുള്ള, ഇടകലരുന്ന ബന്ധമാണ് ഈ നോവലിന്റെ പ്രമേയമെന്നു പറയാം. നോവലുകൾക്കും തിരക്കഥയ്ക്കും പുറമെ ഒരു കഥാസമാഹാരവും ഇഷിഗുറോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നൊബേൽ പുരസ്കാരം അർഹിക്കുന്ന, ലോകത്തിനു പ്രിയപ്പെട്ട എഴുത്തുകാർ ഏറെയുണ്ട്. അവരുടെ കൂട്ടത്തിൽ ആരും സ്ഥാനം കൽപിക്കാതിരുന്ന പേരാണ് ഇഷിഗുറോയുടേത്. പക്ഷേ അത് ആ എഴുത്തുകാരന്റെ പ്രതിഭയെ കുറച്ചുകാണിക്കുന്നില്ല. മഹാൻമാരായ എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഇനി ഇഷിഗുറോയെ കൂടി ഉയർത്താം. ആ രചനാലോകത്തിന്റെ സത്യസന്ധതയെ അംഗീകരിക്കാം. വൈകാരികതയെ പുകഴ്ത്താം. ഇഷിഗുറോ അനാവരണം ചെയ്ത ജീവിതങ്ങളുടെ സങ്കീർണതകളിൽനിന്നു മനുഷ്യവികാരങ്ങളുടെ ദുരൂഹതകൾ ഇഴപിരിച്ചെടുക്കാം. 

Read more... Novel ReviewLiterature ReviewMalayalam Literature News, Literature Awards