Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രതീക്ഷിതം; കസുവോ ഇഷിഗുറോ

 Kazuo Ishiguro

എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ വീടിനടുത്തുള്ള ലൈബ്രറിയിൽനിന്നാണു കസുവോ ഇഷിഗുറോ ഷെർലക് ഹോംസ് കഥകൾ വായിക്കുന്നത്. അതായിരുന്നു സാഹിത്യത്തിലേക്കുള്ള കവാടം. ആ കഥകൾ വായിക്കുക മാത്രമല്ല അക്കാലത്തു ഹോംസിനെയും ഡോ. വാട്‌സനെയും പോലെ പെരുമാറാനും തുടങ്ങിയെന്ന് ഇഷിഗുറോ ഓർക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കെന്റിൽ ഇംഗ്ലിഷ്, ഫിലോസഫി ബിരുദ വിദ്യാർഥിയായിരിക്കെ കഥകളെഴുതാൻ തുടങ്ങി. തുടർന്നാണു ക്രിയേറ്റീവ് റൈറ്റിങ്ങിൽ മാസ്റ്റർ ബിരുദമെടുത്തത്. 1982 ൽ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച അതേ വർഷം തന്നെയാണു ആദ്യ നോവലുമിറങ്ങിയത്. 'എ പെയ്‌ൽ വ്യൂ ഓഫ് ഹിൽസ്'. ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഒരു ജാപ്പനീസ് സ്ത്രീയുടെ കഥ.    

ലോകപ്രശസ്തനായ ജാപ്പനീസ് നോവലിസ്റ്റ് ഹറുകി മുറകാമിക്കു നൊബേൽ സമ്മാനം കിട്ടുമെന്ന് ആരാധകർ ഇത്തവണയും പ്രതീക്ഷിച്ചു. പക്ഷേ, കിട്ടിയത് ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോക്ക്. ഊഹപ്പട്ടികയിൽ ഒരിക്കലും ഇടം നേടിയിട്ടില്ലെങ്കിലും നോവലിസ്റ്റ്, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ ഇഷിഗുറോ, പാട്ടുകളെഴുതിയിട്ടുണ്ട്, ഹൃസ്വചിത്രങ്ങളെടുത്തിട്ടുണ്ട്. 

1989ൽ മാൻ ബുക്കർ പുരസ്കാരം നേടിയ നോവൽ ‘ ദ് റിമയൻസ് ഓഫ് ദ് ഡേ’വിഖ്യാത നടൻ ആന്റണി ഹോപ്‌കിൻസിനെ നായകനായി സിനിമയാക്കിയപ്പോൾ എട്ടു ഓസ്കർ നാമനിർദേശങ്ങളാണു ലഭിച്ചത്. ‘നെവർ ലെറ്റ് മീ ഗോ’എന്ന നോവലും സിനിമയായി. 'ദ് വൈറ്റ് കൗണ്ടസ്', 'ദ് സാഡസ്റ്റ് മ്യൂസിക് ഇൻ ദ് വേൾഡ്' എന്നിവയാണു ഇഷിഗുറോയുടെ തിരക്കഥയിലുള്ള മറ്റു സിനിമകൾ. 

സ്വത്വാന്വേഷണവും സ്മരണയും ഇഴപിരിയുന്ന പ്രമേയങ്ങളാണ് ഇഷിഗുറോയുടെ ഏഴു നോവലുകളും. രണ്ടാം ലോകയുദ്ധപൂർവ കാലത്തോ യുദ്ധാനന്തര കാലത്തോ ആണു മിക്കവാറും നോവലുകളിലെ കഥ സംഭവിക്കുന്നത്.  സയൻസ് ഫിക്‌ഷൻ സ്വഭാവങ്ങളും ഭ്രമാത്മകതയും നിറഞ്ഞ പരിസരങ്ങളിൽ, ഭൂതകാലത്തിലെ ചില ഭയങ്കര അനുഭവങ്ങൾ വേട്ടയാടുന്നവരാണു കഥാപാത്രങ്ങളെല്ലാം. 

1954 ൽ ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച ഇഷിഗുറോ, അഞ്ചാം വയസ്സിലാണു മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലേക്കു കുടിയേറിയത്. പിതാവിന്റെ ഗവേഷണസൗകര്യാർഥം ബ്രിട്ടനിലെത്തിയ കുടുംബം പിന്നീടു ജന്മനാട്ടിലേക്കു തിരിച്ചുപോയില്ല.

ജാപ്പനീസ് ഭാഷ സംസാരിക്കുന്ന കുടുംബാന്തരീഷത്തിലാണു താൻ വളർന്നു വന്നതെങ്കിലും ജപ്പാൻ സംസ്കാരവുമായോ സാഹിത്യമായോ താൻ പരിചിതനല്ലെന്നു ഇഷിഗുറോ പറയുന്നു. ബ്രിട്ടനിലെത്തി 30 വർഷത്തിനുശേഷം 1989 ലാണു ഇഷിഗുറോ ജപ്പാനിൽ തിരിച്ചെത്തിയത്. എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ. എങ്കിലും ജപ്പാൻ പശ്ചാത്തലമാക്കി ഒരു നോവലെഴുതി. രണ്ടാം ലോകയുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ നഗരത്തിൽ നടക്കുന്ന കഥയായ ആൻ ആർട്ടിസ്റ്റ് ഓഫ് ദ് ഫ്ലോട്ടിങ് വേൾഡ്.   

നോവലിനും തിരക്കഥയ്ക്കും പുറമേ ജാസ് ഗായിക സ്റ്റെയ്‌സി കെന്റിനുവേണ്ടി ഒട്ടേറെ ഗാനങ്ങളും എഴുതിയിട്ടുണ്ട്. ദെസ്തോവ്സ്‌കിയും മാർസൽ പ്രൂസ്റ്റുമാണു  സ്വാധീനിച്ച എഴുത്തുകാർ. ‘ജെയിൻ ഓസ്റ്റനും ഫ്രാൻസ് കാഫ്കയും കൂട്ടിക്കലർത്തുക. കുറച്ചു മാർസൽ പ്രൂസ്റ്റും ചേർത്തുക. എന്നിട്ടു അൽപമൊന്നിളക്കുക. നിങ്ങൾക്ക് ഇഷിഗുറോയുടെ രചനകൾ ലഭിക്കും’എന്നാണു സ്വീഡിഷ് അക്കാദമി പെർമനന്റ സെക്രട്ടറി സാറാ ഡാനിയസിന്റെ വിലയിരുത്തൽ. 

പതിവുരീതികളും കീഴ്‌വഴക്കങ്ങളും തിരുത്തുന്നതാണു കഴിഞ്ഞ മൂന്നു വർഷവും സാഹിത്യനൊബേൽ സമ്മാനങ്ങൾ. സോവിയറ്റുകാല റഷ്യയുടെ വാമൊഴി ചരിത്രമെഴുതി പ്രശസ്തയായ ബെലറസ് ജേണലിസ്റ്റ് സ്വെറ്റ്‌ലാന അലക്സിവിച്ചിനു 2015ൽ നൊബേൽ സമ്മാനം നൽകിയതു പിന്നാലെയായിരുന്നു പാട്ടെഴുത്തുകാരനും ഗായകനുമായ ബോബ് ഡിലാനു നൽകിയത്. ഈ വർഷത്തെ സമ്മാനജേതാവും ആരുടെയും പ്രതീക്ഷകളിലില്ലായിരുന്നു.   

Read more... Novel ReviewLiterature ReviewMalayalam Literature NewsLiterature Awards