Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലിങ്കൺ ഇൻ ദ് ബാർഡോ’; ഓർമയെ വേദനിപ്പിക്കുന്ന കണ്ണുനീർത്തുള്ളി

George-Saunders

വൈറ്റ് ഹൗസിലെ ആ മുറി പലപ്പോഴും അടഞ്ഞുകിടന്നു. താനേ അടഞ്ഞതല്ല; അടച്ചതാണ്. ആ മുറിയിലേക്കു കയറിപ്പോയ ആൾ തന്നെ അടച്ചത്. അകത്ത് എന്താണു നടക്കുന്നതെന്ന് ആർക്കും അറിയില്ല. വാതിലിൽ ഒന്നു മുട്ടാൻപോലും ആരും ധൈര്യപ്പെട്ടുമില്ല. ചെവിയോർത്താൽ കേൾക്കാം അടക്കിപ്പിടിച്ച തേങ്ങലിന്റെ ശബ്ദം. ആർക്കും ആശ്വസിപ്പിക്കാനാവാത്ത വേദനയുടെ ദീനരോദനം. ആ തേങ്ങലും ഗദ്ഗദവും കേൾക്കുമ്പോൾ മനസ്സു തകരും. മനസ്സു തകരാത്ത ഒരാൾപോലുമുണ്ടായിരുന്നില്ല അന്നു വൈറ്റ്ഹൗസിൽ. ഒന്നര നൂറ്റാണ്ടിനുശേഷവും ആ തേങ്ങൽ ഒരാളെ പിന്തുടർന്നു. ജോർജ് സാൻഡേഴ്സ് എന്ന അമേരിക്കൻ ചെറുകഥാകൃത്തിനെ. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനെ 1862– ൽ പിടിച്ചുകുലുക്കിയ, പ്രസിഡന്റിന്റെ ഹൃദയം തന്നെ തകർത്ത ദുരന്തത്തെ സാൻഡേഴ്സ് ഇപ്പോൾ ഒരു നോവലാക്കിയിരിക്കുന്നു. ചെറുകഥകളിലൂടെ ലോകത്തിന്റെ മനം കവർന്ന സാൻഡേഴ്സിന്റെ ആദ്യനോവൽ– ലിങ്കൺ ഇൻ ദ് ബാർഡോ. ഇത്തവണത്തെ മാൻ ബുക്കർ പുരസ്കാരത്താൽ അംഗീകരിക്കപ്പെട്ട ‘ലിങ്കൺ ഇൻ ദ് ബാർഡോ’ ഒരു കണ്ണുനീർത്തുള്ളിയാണ്. 1862 ലെ ഒരു പ്രഭാതത്തിൽ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ കണ്ണിൽനിന്ന് അടർന്ന് വീണ്, ഇപ്പോഴും വേദനയുടെ ആർദ്രതയോടെ ഓർമയെ വേദനിപ്പിക്കുന്ന കണ്ണുനീർത്തുള്ളി.

ഓർമയിൽ നോവുന്നതു മറക്കാൻ കഴിഞ്ഞെങ്കിൽ

ഓർമകളിനിമേലിൽ പിറക്കാതിരുന്നെങ്കിൽ ..  എന്നെഴുതിയിട്ടുണ്ട് കവി അയ്യപ്പപ്പണിക്കർ. ലിങ്കൺ ഇൻ ദ് ബാർഡോ ഓർമിപ്പിക്കുന്നുണ്ട് അയ്യപ്പപ്പണിക്കരുടെ വരികൾ. ഒപ്പം ആഭ്യന്തര യുദ്ധത്തിന്റെ രൂക്ഷതയിലൂടെ കടന്നുപോയ ഒരു രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തിയ ധീരനും അടിമത്തം നിരോധിച്ചതിന്റെ പേരിൽ ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ പ്രസിഡന്റുമായ ഏബ്രഹാം ലിങ്കന്റെ തീരാത്ത വേദനയും. 1861– മുതൽ വധിക്കപ്പെടുന്ന 1865 വരെയായിരുന്നു ഏബ്രഹാം ലിങ്കൺ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നത്. ചരിത്രം സുവർണലിപികളിൽ പേര് എഴുതിയ പ്രസിഡന്റിന്റെ ധീരമായ കാലഘട്ടം. ലിങ്കൺ പ്രസിഡന്റായി സ്ഥാനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ പൂർണമായി തകർത്ത ദുരന്തമുണ്ടായത്. മകൻ വില്ലിയുടെ അകാലമരണം.  മരണകാരണം ടൈഫോയിഡ്. അന്നു 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ വില്ലിക്ക്. നാലു മക്കളായിരുന്നു ലിങ്കൺ–മേരി ദമ്പതികൾക്ക്. റോബർട്. എഡ്വേഡ്. വില്ലി. ടാഡ്.

lincoln-in-the-bardo

രോഗബാധ ഇളയ രണ്ടു മക്കൾക്കും ഒരുമിച്ചായിരുന്നു. ടാഡിന്റെ രോഗം സുഖപ്പെട്ടെങ്കിലും വില്ലിയുടെ അവസ്ഥ ദയനീയം. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ നിരനിരയായി അടുക്കിവച്ചിരുന്ന പുസ്തകങ്ങൾ തട്ടിമറിച്ചിട്ടുകളിക്കുന്ന വില്ലിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. തന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ പോലും തട്ടിമറിച്ചിട്ടാലും ലിങ്കൺ എന്ന അച്ഛൻ കുട്ടികളെ വിലക്കിയിരുന്നില്ല. അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന് അവരെ. ഒരിക്കലും അടങ്ങിയിരിക്കാത്ത കുസൃതിയിൽ മുമ്പനായ ബാലൻ. വില്ലിയുടെ അസുഖം മൂർഛിച്ചു. മറ്റെല്ലാ ജോലികളും മാറ്റിവച്ച് ലിങ്കണും ഭാര്യയും മകനൊപ്പം കൂട്ടിരുന്നു ആശുപത്രിയിൽ സദാസമയവും. പക്ഷേ കണ്ണിമ ചിമ്മാതെ കാവലിരുന്നിട്ടും അന്നു രാജ്യത്തു ലഭ്യമായ ഏറ്റവും മികച്ച ചികിൽസ കൊടുത്തിട്ടും വില്ലിയെ രക്ഷിക്കാനായില്ല. 1862 ഫെബ്രുവരി 20 ന് വെളുപ്പിന് അഞ്ചുമണിക്ക് അമേരിക്കയെ ദുഃഖത്തിലാഴ്ത്തി വില്ലി അന്ത്യശ്വാസം വലിച്ചു. 

എന്റെ പാവം കുട്ടി. അവൻ ഈ ഭൂമിക്കു വളരെ വേണ്ടപ്പെട്ടവനായിരുന്നു. എന്നിട്ടും ദൈവം തിരിച്ചുവിളിച്ചിരിക്കുന്നു. എത്ര നന്നായി ഞങ്ങൾ അവനെ സ്നേഹിച്ചു. സ്വർഗത്തിൽ അവൻ സന്തുഷ്ടനായിരിക്കും എന്നെനിക്കറിയാം. എങ്കിലും അവന്റെ വേർപാട് കഠിനമാണ്. വളരെ വളരെ കഠിനം: വില്ലിയെ ഓർത്ത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കരുത്തനായ പ്രസിഡന്റ് വിങ്ങിക്കരഞ്ഞു. ലോകത്തിലെ ഏറ്റവും നിരായുധനായ മനുഷ്യനായിരുന്നു അപ്പോൾ ലിങ്കൺ. ഏറ്റവും നിസ്സഹായൻ. ആർക്കും ദയ തോന്നുന്ന ദുഃഖിതനായ മനുഷ്യൻ. 

മരണം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും ലിങ്കൺ ദുഃഖത്തിൽനിന്നു മോചിതനായില്ല. പലപ്പോഴും മുറിയടച്ചിരുന്ന് അദ്ദേഹം തേങ്ങിക്കരഞ്ഞു. വൈറ്റ് ഹൗസിലുള്ളവർ തകർന്ന ഹൃദയവുമായി ആ കരച്ചിൽ കേട്ടു. വില്ലിയുടെ അമ്മ മേരി ലിങ്കണും ആകെ തകർന്നുപോയി. ഒരുപക്ഷേ ലിങ്കണേക്കാളധികം. അവരെ ആർക്കും അശ്വസിപ്പിക്കാനായില്ല. മൂന്നാഴ്ചയോളം അവർ കിടക്കയിൽത്തന്നെ ചെലവിട്ടു. മകന്റെ സംസ്കാരത്തിലും മേരി പങ്കെടുത്തില്ല. എഴുന്നേറ്റുനിൽക്കാൻപോലും കരുത്തില്ലായിരുന്നു അന്നു മേരിക്ക്. ദിവസങ്ങൾ കഴിഞ്ഞിട്ടും മേരി എഴുന്നേൽക്കാതായപ്പോൾ ലിങ്കൺ ഒരു നഴ്സിനെ ഭാര്യയെ ശുശ്രൂഷിക്കാൻ നിയോഗിച്ചു. 

ജോർജ് ടൗണിൽ ഓക് ഹിൽ സെമിത്തേരിയിൽ വില്ലിയുടെ സംസ്കാരം. ലിങ്കന്റെ മരണശേഷം അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയ അതേ സെമിത്തേരിയിലേക്ക് വില്ലിയേയും കൊണ്ടുവന്നു. ഇല്ലിനോയി സ്പ്രിങ് ഫീൽഡിലെ ഓക്റിഡ്ജ് സെമിത്തേരിയിൽ. അവിടെ പിതാവിനും സഹോദരൻ എഡ്ഡിക്കുമടുത്ത് വില്ലിയും ഉറങ്ങുന്നു. പിന്നീട് മേരിയും ടാഡും അവരുടെകൂടെച്ചേർന്നു – ലിങ്കൺ ശവകുടീരത്തിൽ. 

ഓരോ അമേരിക്കക്കാരനും എന്നെങ്കിലും കേട്ടിട്ടുണ്ടാകും വില്ലിയുടെ അകാലമരണത്തിന്റെ കഥയും പ്രസിഡന്റ് ലിങ്കൺ അനുഭവിച്ച അഗാധമായ വേദനയും. ജോർജ് സാൻഡേഴ്സും കേട്ടിട്ടുണ്ട് ആ കഥ. മനസ്സിനെ മഥിച്ച ആ കഥ പതിവുപോലെ ഒരു കഥയായി എഴുതാൻ സാൻഡേഴ്സിനു കഴിഞ്ഞില്ല. അതിന്റെ പേരിൽ ലോകം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. കാരണം പോൾ ബീറ്റിക്കു ശേഷം വീണ്ടുമൊരു അമേരിക്കക്കാരൻ ബുക്കർ പുരസ്കാരത്തിനർഹനായിരിക്കുന്നു. കാലത്തിനു മായ്ക്കാനാവാത്ത ലിങ്കന്റെ വേദനയിലൂടെ. 

‘ബാർഡോ’ ഒരു പ്രത്യേക സമയകാലത്തെ കുറിക്കുന്നു. മരണത്തിനും പുനർജൻമത്തിനുമിടയിലുള്ള കാലം. വില്ലി ആ കാലത്തിലൂടെ കടന്നുപോകുമ്പോൾ, മനസ്സുകൊണ്ട് ലിങ്കൺ മകനെ പിന്തുടരുമ്പോൾ, ഉദാത്തമായ വായനാനുഭവം പ്രദാനം ചെയ്ത് ലിങ്കൺ ഇൻ ദ് ബാർഡോ തുടങ്ങുകയായി. 

Novel ReviewLiterature ReviewMalayalam Literature NewsLiterature Awards