Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ നേത്രങ്ങളില്‍ ഉന്‍മാദത്തിന്റെ തിളക്കമുണ്ടെന്ന് പിറുപിറുക്കുന്നവര്‍ ആരാണ്?'

madavikutty 'ഞാന്‍ പ്രണയിനിയാണ്. പ്രണയപാത്രമാണ്. എന്റെ നേത്രങ്ങളില്‍ ഉന്‍മാദത്തിന്റെ തിളക്കമുണ്ടെന്ന് പിറുപിറുക്കുന്നവര്‍ ആരാണ് ? അവര്‍ക്ക് മാന്യനാമധേയങ്ങള്‍ ഉണ്ടോ?'

ഇന്ദ്രജാലക്കാരന്റെ പരവതാനിയിലെന്നപോലെ ഞാന്‍ ആകാശത്തില്‍ നീങ്ങും. ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോകുന്ന സീതയാണു ഞാന്‍. പക്ഷേ, എനിക്കുവേണ്ടി വാനരന്‍മാര്‍ കടലില്‍ പാലം നിര്‍മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങള്‍ നടത്തുകയുമില്ല. എന്നെ മറന്നുകിട്ടുവാന്‍ ആര്‍ക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാന്‍ മോഹിച്ചവളാണ് ഞാന്‍. പക്ഷേ, എന്റെ മരണത്തോടെ ആ കഥ പൂര്‍ണമായി അവസാനിക്കും എന്ന് ഇന്നെനിക്കു തോന്നുന്നു. 

‘മുഖമില്ലാത്ത കപ്പിത്താന്‍’ എന്ന കഥയില്‍ അവസാനത്തെ യാത്രയെക്കുറിച്ചെഴുതുമ്പോള്‍ അന്നു മാധവിക്കുട്ടിയും കമലാദാസുമായിരുന്ന കമല സുരയ്യ മരണശേഷം തന്നെ കാത്തിരിക്കുന്ന വിവാദങ്ങളെക്കുറിച്ചു ബോധവതിയായിരുന്നോ? നീര്‍മാതളത്തിന്റെ ഇഷ്ടതോഴിയുടെ ഇരുന്നൂറില്‍ക്കൂടുതല്‍ ചെറുകഥകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഒരേ ജന്‍മത്തില്‍ത്തന്നെ സ്വീകരിച്ച വ്യത്യസ്ത ജീവിതങ്ങളിലൂടെ വിവാദത്തെ വസ്ത്രംപോലെ അണിഞ്ഞ കഥാകാരി ജീവിച്ചിരുന്ന കാലത്തിനും വരും കാലത്തിനുവേണ്ടിയുള്ള മറുപടികളും വിശദീകരണങ്ങളും ബാക്കിവച്ചിട്ടുണ്ടെന്നു കാണാം. 

സ്പര്‍ശിക്കുന്ന വസ്തു ആ നിമിഷത്തില്‍തന്നെ സ്വര്‍ണമായി മാറുമെന്നു വരം കിട്ടിയ രാജാവിനെപ്പോലെയായിരുന്നു കഥാകൃത്തായ മാധവിക്കുട്ടി. അക്ഷരങ്ങളില്‍ ആ മാന്ത്രികവിരലുകള്‍ സ്പര്‍ശിച്ചപ്പോഴൊക്കെയും വിരിഞ്ഞു കാലത്തിന്റെ കനത്ത കാറ്റിലും വാടിവീഴാത്ത ഇതളുകളുള്ള സര്‍ഗ്ഗസൗകുമാര്യങ്ങള്‍. ഇടക്കാലത്തു നിറങ്ങളിലും കൈവച്ചു നഗ്നശരീരങ്ങളെ പകര്‍ത്തി വിവാദങ്ങളെ പുല്‍കിയെങ്കിലും കഥയിലേക്കും കവിതയിലേക്കും തിരിച്ചെത്തിയ മാധവിക്കുട്ടി എന്ന നാലപ്പാട്ടെ ആമിയെച്ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. ആമിയെ തിരശ്ശീലയിലേക്കു പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ തുടങ്ങി വിവാദങ്ങളും. നേരിട്ടു കണ്ടിട്ടില്ലാത്തവരുടെ മനസ്സില്‍പ്പോലും എണ്ണമറ്റ ചിത്രങ്ങളിലൂടെ പലവട്ടം കണ്ട് വ്യക്തമായ രൂപമുണ്ട് ആമിയെക്കുറിച്ച്. വിവിധ പ്രായത്തിലെ മാധവിക്കുട്ടിയുടെ വ്യത്യസ്ത വേഷങ്ങള്‍ പലതവണ ആനുകാലികങ്ങളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പുതുമയോടെ മലയാളി ഇന്നുമാ ചിത്രങ്ങള്‍ നോക്കുന്നു. ദുരൂഹമായ മനസ്സിന്റെ രഹസ്യങ്ങളിലേക്കുള്ള താക്കോല്‍ ആ മുഖത്ത് എവിടെയെങ്കിലും കാണാനുണ്ടോ എന്നു തിരയുന്നു. ഒരുപക്ഷേ സാഹിത്യരംഗത്തെ മറ്റാരെയും ഇതുപോലെ മലയാളി പിന്തുടര്‍ന്നിട്ടില്ല. കാണാന്‍ കൊതിച്ചിട്ടില്ല. കണ്ടിട്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുമില്ല. 

ഇങ്ങനെയൊക്കെയുള്ള നാലപ്പാട്ടെ ആമിയെ തിരശ്ശീലയില്‍ ആര് അവതരിപ്പിക്കും എന്നതായിരുന്നു ആദ്യത്തെ ആകാംക്ഷ. വിദ്യാബാലന്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നപ്പോള്‍ അവര്‍ പിന്‍മാറി. ആ പിന്‍മാറ്റത്തിന്റെ പിന്നിലെ അണിയറക്കഥകള്‍ ഇപ്പോഴും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അപ്പോഴേക്കും മഞ്ജു വന്നു. ഇപ്പോള്‍ ട്രെയ്‍ലര്‍ പുറത്തുവന്ന ചിത്രത്തിലെ വിടര്‍ന്ന വട്ടക്കണ്ണുകളും വലിയ കണ്ണടയുമുള്ള, അലസമെങ്കിലും ആഡ്യത്തത്തോടെ സാരി ധരിച്ച രൂപത്തില്‍ ആമിയെ സങ്കല്‍പിക്കാന്‍ തുടങ്ങിയപ്പോഴേക്കും എത്തി പുതിയ ചില പരാമര്‍ശങ്ങളും അവ ഉയര്‍ത്തുന്ന വിവാദങ്ങളും. ചിലര്‍ ആമിയായി അഭിനയിച്ചാല്‍ അറിയാതെയെങ്കിലും ലൈംഗികതയുടെ സ്പര്‍ശം കടന്നുവരാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര പ്രശസ്തയായ എഴുത്തുകാരിയായിരുന്നെങ്കിലും എന്നും എന്നെന്നും നാലപ്പാട്ടു വീട്ടിലെ ആമി തന്നെയായിരുന്നു മാധവിക്കുട്ടി എന്നും വാദിക്കുന്നു ആമിയെ തിരശ്ശീലയിലെത്തിക്കുക എന്ന വലിയ വെല്ലുവിളിയും സാഹസികതയും ഏറ്റെടുത്ത സംവിധായകന്‍ കമല്‍. 

ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം സാധാരണക്കാരെപ്പോലും അസ്വസ്ഥമാക്കുന്ന താത്ത്വിക പ്രശ്നമാണെങ്കിലും മാധവിക്കുട്ടി ഇവ രണ്ടിനെയും എന്നെങ്കിലും രണ്ടായി കണ്ടിട്ടുണ്ടോ.

‘പാരിതോഷികം’ എന്ന കഥ നോക്കുക:

നമസ്കാരത്തിനുമുമ്പ് കൈത്തലം കൊണ്ടു നനച്ച ആ മുടിയില്‍ ഞാനെന്റെ മുഖം അമര്‍ത്താറുണ്ട്. അദ്ദേഹത്തിന്റെ സുപരിചിത ഗന്ധങ്ങള്‍ ഞാന്‍ ആര്‍ത്തിയോടെ നുകരാറുണ്ട്. സുഗന്ധിയായ ആ അധരങ്ങളും ആശ്ചര്യപ്പെടുത്തുന്ന ആ മെയ്യഴകും എന്നെ കീഴടക്കിയെന്നു പറയുവാന്‍ ഞാന്‍ മുതിരുകയില്ല. ശരീരത്തിനു പിന്നില്‍ മറ്റൊന്നുമില്ലേ ആകര്‍ഷകമായിട്ടെന്ന് അദ്ദേഹം ചോദിച്ചുപോകുമെന്ന ആശങ്ക എന്നില്‍ വളരുന്നു. ശരീരത്തില്‍നിന്ന് ആത്മാവിനെ അടര്‍ത്തിയെടുത്ത് അതിനെയും ആശ്ളേഷിക്കുവാന്‍ എനിക്കു കഴിയുകയില്ലല്ലോ. ഗംഗയില്‍ മണ്‍ചിരാതുകളില്‍ ഒഴുക്കുന്ന ദീപനാളങ്ങളായിരിക്കാം ഞങ്ങളുടെ ആത്മാക്കള്‍. ഭിന്നരെങ്കിലും ചക്രവാളസീമയില്‍ ഒന്നായി സ്രഷ്ടാവിന്റെ മഹാചൈനത്യത്തില്‍ ലയിക്കുന്നവര്‍. ഒരിക്കല്‍ സ്വര്‍ഗ്ഗലോകത്തില്‍ അന്യോന്യം കണ്ടുമുട്ടുന്നവര്‍. ഞങ്ങള്‍ പങ്കിട്ട സ്നേഹത്തെ വീണ്ടും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍. 

1993- ലാണ് മാധവിക്കുട്ടി ഈ കഥ എഴുതുന്നത്. ഏകദേശം ഒരുപേജ് മാത്രം വരുന്ന ഒരു കൊച്ചുകഥ. ഈ കഥയിലെ നായികയുടെ പ്രേമഭാജനം നിയമപരമായി വിവാഹം ചെയ്ത സ്ത്രീയോട് നീതി പുലര്‍ത്തുകയും അവരെയും മക്കളെയും അഗാധമായി സ്നേഹിക്കുകയും ചെയ്ത ആളാണ്. അതുകൊണ്ടുതന്നെ നായിക അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്നു. ശരീരവും ആത്മാവും സമര്‍പ്പിക്കുന്നു. 

മാധവിക്കുട്ടിയുടെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സ് ഒരു തിരശ്ശീലയായി മാറാറുണ്ട്. ഓരോരുത്തരും സ്വയമൊരു 

കഥാപാത്രമായും മാറാറുണ്ട്. യഥാര്‍ഥജീവിതവും മോഹിച്ച ജീവിതവും അവിടെ അതിര്‍വരമ്പുകള്‍ മാഞ്ഞ് ഒന്നാവുന്നു. ‘എന്റെ കഥ’ ഉള്‍പ്പെടെ വായിച്ച് വിമര്‍ശിച്ചവരും സദാചാര പൊലീസ് ചമഞ്ഞവര്‍ പോലും നിഗൂഢമായെങ്കിലും ആഗ്രഹിച്ചിട്ടില്ലേ സ്നേഹത്തിന്റെ തടവറയിലും സ്വാന്ത്ര്യത്തിന്റെ ആകാശത്തും ഒരേസമയം പാറിനടന്ന ആ ജീവിതം. വിരിഞ്ഞാല്‍ വളരെപ്പെട്ടന്നു കൊഴിഞ്ഞുപോകുന്ന നീര്‍മാതളത്തിന്റെയത്ര സൗമ്യവും നിര്‍മ്മലവുമായ മനസ്സ്. ഒരു സാഹചര്യത്തിനും നിയന്ത്രിക്കാനാകാത്ത, ഒരു വിലങ്ങിനും കെട്ടിയിടാന്‍ കഴിയാത്ത മനസ്സില്‍ നിന്നു നേരിട്ടു പ്രവഹിക്കുന്നതുപോലുള്ള ആ വാക്കുകളുടെ മാധുര്യം. 

മാധവിക്കുട്ടിയുടെ ഒരു കഥയെങ്കിലും സിനിമയാക്കാന്‍ മോഹിക്കാത്ത സംവിധായകരും കുറവ്. സാഗരത്തെ ഒരു ശംഖിലൊതുക്കാന്‍ കഴിയുമെയെന്ന പേടി കൊണ്ടുമാത്രം പിന്‍മാറിയവര്‍ അനേകം. ദൃശ്യസമ്പന്നമായിരുന്നു ആ കഥകളൊക്കെയും. വായിക്കുന്ന മാത്രയില്‍ത്തന്നെ കഥാപാത്രങ്ങള്‍ പൂര്‍ണരൂപമെടുത്ത് മനസ്സിന്റെ അരങ്ങില്‍ പ്രണയിച്ചും കലഹിച്ചും പരിഭവിച്ചും ഇഷ്ടം കൂടുന്നു.  

മാധവിക്കുട്ടിയുടെ കുറച്ചു കഥകള്‍ പല കാലങ്ങളിലായി ടെലിഫിലിമും സീരിയലും ഒക്കെയായിട്ടുണ്ട്. നഷ്ടപ്പെട്ട നീലാംബരി സിനിമയുമായി. അവരുടെ ജീവിതത്തിന്റെ നിഷ്കളങ്കതയുടെ ആദ്യകാലങ്ങളും നാലപ്പാട്ടെ തറവാടും പോലും ദൃശ്യവല്‍ക്കരിച്ചിട്ടുമുണ്ട്. ഓരോ വായനക്കാരന്റെയും ഉള്ളില്‍ മാധവിക്കുട്ടിയുടെ ജീവിതവും അവരുടെ കഥകള്‍ തന്നെയും ഒന്നോ അതിലധികമോ സിനിമകളായി നില്‍ക്കുന്നതുകൊണ്ടാകാം ആമി എന്ന സിനിമയെക്കുറിച്ചും മലയാളികള്‍ക്ക് ആകാംഷയേറുന്നത്. ആമി നന്നാകണേ എന്നാഗ്രഹിക്കുന്നത്. ആമി വീണ്ടും എണ്ണമറ്റ സിനിമകളിലേക്കു നയിക്കണേ എന്നു പ്രതീക്ഷിക്കുന്നത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥയാണ് ആമി. ഒരു സിനിമയിലും ഒരിക്കലും ഒതുങ്ങാത്ത വ്യക്തിത്വം. 

മൃത്യു കര്‍മ്മത്തെ അപൂര്‍ണ്ണമാക്കുന്നു. പക്ഷേ, കര്‍മ്മിയെ പൂര്‍ണതയിലേക്കു നയിക്കുന്നു. എഴുതുന്ന കരത്തെ നിശ്ഛലമാക്കി കഥ അപൂര്‍ണ്ണമാക്കുന്നു. വീണമീട്ടുന്ന അംഗുലികളെ നിശ്ചലങ്ങളാക്കി അത് സംഗീതത്തെ അര്‍ദ്ധബോധാവസ്ഥയില്‍ തള്ളിയിടുന്നു. തോക്കില്‍വച്ച കൈവിരല്‍ മരവിപ്പിച്ച് മൃത്യു യോദ്ധാവിനെ യുദ്ധത്തില്‍ തോല്‍പിക്കുന്നു എന്ന് ‘വെളുത്ത കപ്പിത്താന്‍’ എന്ന കഥയിലെഴുതിയ മാധവിക്കുട്ടി 1999-ല്‍ എഴുതിയ കഥയായ ‘ഹംസധ്വനി’ യില്‍  തന്നെ വിമര്‍ശിച്ചവര്‍ക്കും ഇനി വിമര്‍ശിക്കാനിരിക്കുന്നവര്‍ക്കും വിവാദത്തിലേക്കു വഴിച്ചിഴക്കുന്നവര്‍ക്കും വേണ്ടി എഴുതിയ വരികള്‍: 

ഞാന്‍ അപ്രതീക്ഷിതമായ ഒരു പുനര്‍ജന്‍മമാണ്. കരിങ്കല്‍ഭിത്തിയില്‍ പൊട്ടിമുളച്ച പേരാല്‍ക്കുരുന്നാണ്. ശിശിരത്തിലെ വസന്തശോഭയാണ്. ഞാന്‍ വളരും. വീണ്ടും വീണ്ടും തളിരിടും. പൗര്‍ണമികള്‍ ആവര്‍ത്തിക്കപ്പെടും. ഞാന്‍ പ്രണയിനിയാണ്. പ്രണയപാത്രമാണ്. എന്റെ നേത്രങ്ങളില്‍ ഉന്‍മാദത്തിന്റെ തിളക്കമുണ്ടെന്ന് പിറുപിറുക്കുന്നവര്‍ ആരാണ് ? അവര്‍ക്ക് മാന്യനാമധേയങ്ങള്‍ ഉണ്ടോ? യോഗ്യങ്ങളായ മേല്‍വിലാസങ്ങള്‍ ഉണ്ടോ. ജീര്‍ണതയുടെ പുതുപര്യായങ്ങളേ, നിങ്ങളോട് എനിക്കു വൈരമില്ല; അനുകമ്പ മാത്രം അനുഭവപ്പെടുന്നു.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.