Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് '

ns-madhavan സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു....

നമ്മുടെ ടൂറിസവും മാർക്സ് ബന്ധവും

കോവളത്തു വിദേശവനിത കൊല്ലപ്പെട്ട സംഭവം, വിദേശസഞ്ചാരികളുടെ സുരക്ഷയ്‌ക്കൊപ്പം വിനോദസഞ്ചാരം സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു. ഈ മരണത്തെക്കുറിച്ചുള്ള അന്വേഷണവേളയിൽ കേട്ട വാക്കുകൾ – പുരുഷവേശ്യകൾ, ലഹരിമരുന്നു മാഫിയ, ആളൊഴിഞ്ഞയിടങ്ങളിലെ സാമൂഹികവിരുദ്ധർ – ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ലെ വിനോദസഞ്ചാരമേഖലയുടെ അടിത്തട്ടിന്റെ ആധിപത്യം സാത്താന്റെയാണെന്നു തോന്നിപ്പിച്ചു. 

കുറ്റകൃത്യങ്ങൾക്കു കുപ്രസിദ്ധിയാർജിച്ച ബിഹാറിലേക്കും അവ കുറവായ കേരളത്തിലേക്കും എത്തുന്ന വിദേശസഞ്ചാരികളുടെ സംഖ്യ ഏതാണ്ട് ഒപ്പമാണ്; 2015ൽ കേരളത്തിലേക്ക് 9.77 ലക്ഷം, ബിഹാറിൽ 9.23 ലക്ഷം. ഇത്രയുംപേരെ എത്തിക്കാൻ കേരളത്തിനു വൻ‌തുക ചെലവിടേണ്ടിവരുമ്പോൾ ബിഹാർ അതു ചെയ്യുന്നില്ല. അവർക്കു ബോധ്ഗയയുണ്ട്. ജപ്പാൻ, മ്യാൻമർ, ശ്രീലങ്ക തുടങ്ങി 27 രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികൾക്ക്, മക്കയ്ക്കും വത്തിക്കാനും തുല്യമായ സ്ഥലം. അത്തരത്തിൽ വിദേശസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാന്തവും കേരളത്തിനില്ല. 

പര്യടനസ്ഥലങ്ങളിലെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതിൽ പര്യടകരുടെ, പ്രത്യേകിച്ചു പുറകിൽ ജംഗമവസ്തുക്കളെല്ലാം പേറി നടക്കുന്ന ബാക്ക്‌പാക്കർ ടൂറിസ്റ്റുകളുടെ, പങ്കു വലുതാണ്. അവരിൽ പലരുടെയും ആവശ്യം പൂർത്തീകരിക്കാനാണ് ആ സ്ഥലങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കുന്നത്. കേരളത്തിൽ വിനോദസഞ്ചാരവിപ്ലവത്തിനു തുടക്കമിട്ട ക്രാന്തദർശിയായ അന്നത്തെ ടൂറിസം മന്ത്രി ഇ.ചന്ദ്രശേഖരൻ നായർ, ബാക്ക്‌പാക്കർമാർ കൊണ്ടുവരുന്ന സാമൂഹികവിപത്തിനെ മുൻകൂട്ടി കണ്ടുകൊണ്ടാണ്, ധനികരായ വിനോദസഞ്ചാരികളിൽ ഊന്നിയുള്ള നയം കേരളത്തിനായി രൂപീകരിച്ചത്. ഹൈഎൻഡ് ടൂറിസ്റ്റുകൾ കൂടുതൽ വിദേശനാണ്യം കൊണ്ടുവരുന്നു; സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. എവിടെയോവച്ച് കേരളത്തിന്റെ ശ്രദ്ധ സന്ദർശകരുടെ സംഖ്യ കൂട്ടുന്നതിലായി.

ഹൈഎൻഡ് ടൂറിസ്റ്റുകൾ മാത്രമേ പാടുള്ളൂവെന്ന ശാഠ്യം പിടിക്കൽ ഇപ്പോൾ പ്രായോഗികമല്ല. ചെയ്യാവുന്നത് ഈ മേഖലയിലെ ‘ഗ്രേ മാർക്കറ്റ്’ അവസാനിപ്പിക്കുക എന്നതാണ്. സർക്കാരിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വഞ്ചിവീടുകൾ മുതൽ ഗൈഡുകൾ വരെ എല്ലാം നിർത്തലാക്കുക. അതിനു മേൽനോട്ടം വഹിക്കേണ്ട വകുപ്പുകളിലെ വൻതോതിലുള്ള ഒഴിവുകൾ നികത്തുക. ദില്ലിയിൽ നടന്ന നിർഭയയുടെ മരണം പുതിയ സ്ത്രീസുരക്ഷാനിയമങ്ങൾ കൊണ്ടുവന്ന പോലെ, മനഃശാന്തി തേടി കേരളത്തിലെത്തി ദാരുണമായി കൊല്ലപ്പെട്ട ലാത്വിയക്കാരി, വിനോദസഞ്ചാരമേഖലയുടെയും അതിന്റെ ഇരുൾപുരണ്ട പാർശ്വസ്ഥലങ്ങളുടെയും ശുദ്ധീകരണത്തിനു വഴിവയ്‌ക്കട്ടെ. 

മാർക്സും മലയാളവും 

നാളെ കാൾ മാർക്സിന്റെ ഇരുനൂറാം ജന്മവാർഷികമാണ്. മാർക്സും മലയാളവുമായി നൂറ്റാണ്ടു പിന്നിട്ട ബന്ധമുണ്ട്. 1912ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മലയാളത്തിൽ മാർക്സിന്റെ ജീവചരിത്രമെഴുതി; ഇന്ത്യൻ ഭാഷകളിൽ ആദ്യത്തേത്. മാർക്സിന്റെ ആശയങ്ങൾ ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത് 1917ലെ റഷ്യൻ വിപ്ലവത്തിനുശേഷമാണ്. അതിനുമുൻപു സ്വദേശാഭിമാനി എങ്ങനെ മാർക്സിൽ താൽപര്യമെടുത്തു? 

karal-max-swdesabhimani കാൾ മാർക്സ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

രാജ്യാന്തരവിഷയങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലെ രാഷ്ട്രീയവികാസങ്ങളെ കുറിച്ച് അദ്ദേഹത്തിനു ഗാഢമായ അറിവുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സമ്പൂർണകൃതികൾ വായിച്ചാൽ മനസ്സിലാക്കാം. കേരളത്തിൽ ആദ്യമായി സോഷ്യലിസത്തെ കുറിച്ച് പ്രസംഗിച്ചത്, 1907ൽ തിരുവനന്തപുരം വിജെടി ഹാളിൽ ബാരിസ്റ്റർ എം.കെ.നാരായണപിള്ളയാണെന്നു കരുതപ്പെടുന്നു. ആ പ്രസംഗം സ്വദേശാഭിമാനി പത്രാധിപരായിരുന്ന കേരളൻ മാസിക പ്രസിദ്ധീകരിച്ചു. ‘സമഷ്ടിവാദം’ എന്നായിരുന്നു തലക്കെട്ട്. അതിനു മുഖക്കുറിപ്പായി സ്വദേശാഭിമാനി എഴുതി: ‘ഈ പ്രസംഗത്തിലെ താൽപര്യങ്ങൾ ഈ നാട്ടിലെ വേലക്കാരുടെ സമുദായത്തിൽ വേരുറയ്ക്കുന്നതു നാടിന്റെ യോഗക്ഷേമാഭിവൃദ്ധിക്ക് ഉതകുന്നതാണെന്നു പറയുകതന്നെ വേണം’. ദേശീയവാദിയും വിപ്ലവകാരിയുമായിരുന്ന ലാല ഹർദയാൽ ‘ദ് കൽക്കത്ത റിവ്യൂ’വിന്റെ 1912 മാർച്ച് ലക്കത്തിൽ എഴുതിയ 'മാർക്സ് എ മോഡേൺ ഋഷി’ എന്ന ഇംഗ്ലിഷ് ലേഖനമാണ് ആദ്യമായി ഇന്ത്യയിൽ മാർക്സിനെ പരിചയപ്പെടുത്തി എഴുതിയ ലേഖനം. ആ വർഷം ഓഗസ്റ്റ് മാസത്തിലാണു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘കാൾ മാർക്സ് എന്ന ജീവചരിത്രം പുറത്തുവരുന്നത്. മാർക്സുമായുള്ള ബന്ധം ഒരുനൂറ്റാണ്ടിലേറെ കാലം സൂക്ഷിച്ച കേരളംപോലെയുള്ള സ്ഥലങ്ങൾ ലോകത്തുതന്നെ വിരളമായിരിക്കും. 

സിനിമാ ഡയലോഗും പൊതുസംസ്കാരവും 

മലയാളിയുടെ ചുരുക്കെഴുത്താണ് സിനിമയിലെ സംഭാഷണങ്ങൾ. വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’, വലിയ വീരവാദവും മറ്റുമടിച്ച് ഒടുവിൽ കാര്യം ചീറ്റിപ്പോകുമ്പോൾ, ‘പവനായി ശവമായി’. സിനിമ പ്രചാരത്തിലുള്ള നാടുകളിലെല്ലാം സിനിമാസംഭാഷണങ്ങൾ പൊതുസംസ്കാരത്തിന്റെ ഭാഗമാണ്. 1942ൽ പുറത്തിറങ്ങിയ 'കാസബ്ലാങ്ക’യിലെ പ്രയോഗങ്ങൾ ഇപ്പോഴും ഇംഗ്ലിഷിൽ ഉപയോഗിക്കുന്നു. 

അതുപോലെ ‘ഗോഡ്‌ഫാദറി’ലെ നായകനായ മാർലൻ ബ്രാൻഡോയുടെ മൊഴിമുത്തുകൾ. ‘വീരപാണ്ഡ്യകട്ടബൊമ്മനി’ലെ ശിവാജി ഗണേശന്റെ പേച്ച് മുതൽ രജനീകാന്തിന്റെ "കബാലി ഡാ” വരെയുള്ള പല തമിഴ് സഭാഷണങ്ങളും മലയാളിക്കു ഹൃദിസ്ഥമാണ്; ’ഷോലെ’യിലെ‘‘തേര ക്യാ ഹോഗ കാലിയ” തുടങ്ങിയ ഹിന്ദി സംഭാഷണങ്ങളും. മലയാളിയുടെ സിനിമാ ഡയലോഗുമായുള്ള ബന്ധം മറ്റു ഭാഷകളിൽനിന്നു വ്യത്യസ്തമാണ്. മിക്കവാറും ഹിറ്റ് പടങ്ങളുടെ സംഭാഷണങ്ങളാണ് ആ ഭാഷകളിൽ പ്രചാരം നേടുക. തമിഴിൽ, ‘പഞ്ച് ഡയലോഗ്’ എന്നു വിളിക്കുന്ന കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾക്കു ജനപ്രിയത കൂടും. മലയാളികൾ അങ്ങനെയല്ല, പടം പ്രസിദ്ധമല്ലെങ്കിലും, അധികം ഓടിയില്ലെങ്കിലും, അതിൽനിന്നു വല്ലതും വീണുകിട്ടിയാൽ അതു ചാടിപ്പിടിക്കും: ഉദാഹരണത്തിനു ‘ലിസ’യിലെ “നീയാണല്ലെ അലവലാതി ഷാജി’, അല്ലെങ്കിൽ, ‘ബിഗ് ബി’യിലെ “കൊച്ചി പഴയ കൊച്ചിയല്ല.” 

പലപ്പോഴും സിനിമയിൽ അത്യന്തം വികാരഭരിതമായി പറയുന്ന കാര്യങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നതു തമാശയായിട്ടാണ്. “നിന്റെ അച്ഛനാടാ പറയുന്നേ, കത്തി താഴെയിടെടാ.” അല്ലെങ്കിൽ “വിടമാട്ടെ” എന്നിവ ഉദാഹരണങ്ങൾ. 

ഈയിടെ പുറത്തിറങ്ങിയ, ബിപിൻ ചന്ദ്രൻ എഴുതിയ ‘ഓർമയുണ്ടോ ഈ മുഖം– മലയാളി മറക്കാത്ത സിനിമാ ഡയലോഗുകൾ’ (ഡിസി ബുക്സ്), എന്ന പുസ്തകം പേരു സൂചിപ്പിക്കുന്നതുപോലെ, നമ്മുടെ ഭാഷയുടെ ഭാഗമായിത്തീർന്ന സിനിമയിൽനിന്നുള്ള ഉദ്ധരണികളുടെ സമാഹാരമാണ്.    

സ്കോർപ്പിയോൺ കിക്ക്‌: ഭരണത്തിൽ കൈ കടത്തിയാൽ നഖം മുറിക്കും - ബിപ്ലബ്‌ കുമാർ‌ ദേബ്. 

മണിക്‌ സർക്കാരിൽനിന്ന് മാനിക്യുർ സർക്കാരിലേക്ക്‌. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം