Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ആ സ്വാതന്ത്ര്യ പുലരിയിൽ..

national.jpg.image.784.410

ഗവര്‍ണര്‍ ജനറലിന്റെ 17 വയസ്സുകാരിയായ പുത്രി പാമല മൗണ്ട് ബാറ്റന്‍ പിതാവിന്റെ രണ്ട് ഉദ്യോഗസ്ഥരോട് ഒപ്പമാണ് എത്തിയത്. വളരെയേറെ ബുദ്ധിമുട്ടി മരം കൊണ്ടുണ്ടാക്കിയ വേദിക്കരികിലേക്ക് അവര്‍ വഴിയുണ്ടാക്കിച്ചെന്നു. 

നൂറുവാര ദൂരമെത്തിയപ്പോള്‍ അവിടെ നിലത്ത് വായുസഞ്ചാരത്തിനുപോലും വഴിയില്ലെന്നമട്ടില്‍ അടുക്കിയിരിക്കുന്ന ജനങ്ങളുടെ, കടന്നുപോകാന്‍ വയ്യാത്തൊരു നിരയുടെ അടുത്ത് അവരെത്തി. 

വേദിയിലെ തന്റെ സ്ഥാനത്തുനിന്ന് അവളെ കണ്ട നെഹ്റു ജനങ്ങളെ കവച്ചുകടന്ന് പ്ലാറ്റ്ഫോറത്തിലേക്കു വരാന്‍ വിളിച്ചുപറഞ്ഞു. 

അതെങ്ങനെ സാധിക്കും ? അവള്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ഞാന്‍ ഉയര്‍ന്ന മടമ്പുള്ള ചെരിപ്പാണ് ഇട്ടിരിക്കുന്നത്. 

അത് ഊരിയാല്‍ മതി: നെഹ്‍റു മറുപടി നല്‍കി. 

ചരിത്രപരമായ അത്തരമൊരു അവസരത്തില്‍ അങ്ങനെ അന്തസ്സില്ലാത്ത ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് പാമലയ്ക്കു ചിന്തിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല.

ഓ, എനിക്കതു ചെയ്യാന്‍ പറ്റില്ല: അവള്‍ വിക്കി. 

എങ്കില്‍ അതു കാലില്‍ത്തന്നെ കിടക്കട്ടെ. നെഹ്റു പറഞ്ഞു. ജനങ്ങളുടെ മേലെ നടന്നാല്‍ മതി. അവരതു കാര്യമാക്കില്ല. 

ഓ, പാമല പറഞ്ഞു. മടമ്പു കൊണ്ട് അവര്‍ക്കു പരുക്കു പറ്റും. 

ഒരു മണ്ടിപ്പെണ്ണിനെപ്പോലെ പെരുമാറരുത്: നെഹ്‍റു ചൊടിച്ചു. 

അത് ഊരി ഇങ്ങു വന്നാട്ടെ. 

swathantryam

ഒരു ദീര്‍ഘനിശ്വാസത്തോടെ, ഇന്ത്യയിലെ അവസാനത്തെ  വൈസ്രോയിയുടെ പുത്രി തന്റെ ചെരുപ്പ് കാലില്‍നിന്നൂരി. അതു കയ്യിലെടുത്തുകൊണ്ട് തന്നെയും ആ പ്രസംഗവേദിയേയും വേര്‍തിരിക്കുന്ന മനുഷ്യപ്പരവതാനിക്കുമേലെ നീങ്ങിത്തുടങ്ങി. അവള്‍ ചവിട്ടിക്കടന്നുപോകുന്ന വഴിയിലെ ഇന്ത്യക്കാര്‍ ആഹ്ളാദപൂര്‍വം ചിരിച്ചുകൊണ്ടും വിറയ്ക്കുന്ന കാലുകള്‍ നേരെ നിര്‍ത്താന്‍ സഹായിച്ചും കൈ പിടിച്ചു മുന്നോട്ടുനീക്കിയും തിളങ്ങുന്ന മടമ്പുകളിലേക്ക് സന്തോഷപൂര്‍വം കൈ ചൂണ്ടിയും അവളെ കടത്തിവിട്ടു. 

1947 ഓഗസ്റ്റ് 15 ന് ന്യൂഡല്‍ഹിയില്‍ നടന്ന ഒരു രംഗമാണിത്. 72 വര്‍ഷം മുമ്പത്തെ സ്വാതന്ത്ര്യദിനപ്പുലരി. ലൂയി മൗണ്ട് ബാറ്റനും അദ്ദേഹത്തിന്റെ അനുയായികളും കണക്കുകൂട്ടിയിരുന്നത് അന്ന് മുപ്പതിനായിരം ഇന്ത്യക്കാര്‍ എത്തുമെന്നാണ്. ആ കണക്കു തെറ്റിയത് ഏതാനും ആയിരങ്ങള്‍ കൊണ്ടല്ല, പിന്നെയോ അര ദശലക്ഷത്തിലേറെ വരുന്ന സംഖ്യകൊണ്ടാണ്. 

ചരിത്രത്തിലെ വിധിനിര്‍ണായകമായ ഒരു നിമിഷത്തെ വിശ്വാസ്യത ഒട്ടും ചോരാതെ ദൃക്സാക്ഷിവിവരണം പോലെ പകര്‍ത്തിവച്ച ഒരു പുസ്തകത്തിലാണ് 1947 ഓഗസ്റ്റ് 15 ന് ഡല്‍ഹിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വിവരണമുള്ളത്. ഒരുപക്ഷേ ഇന്ത്യയില്‍ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്ന്. ഇന്നും പുതിയ തലമുറ ആര്‍ത്തിയോടെ തേടിപ്പിടിച്ചു വായിക്കുന്ന പുസ്തകം. ഇന്ത്യയെക്കുറിച്ചുള്ള ക്ലാസിക്. ആ കൃതി  എഴുതിയത് ഇന്ത്യക്കാരല്ല എന്നതാണ് ഏറ്റവും വലിയ കൗതുകം. ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടിഷുകാരുമല്ല. ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാരി കോളിന്‍സ് എന്ന അമേരിക്കക്കാരനും കൂടി. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്നാണ് ആ പുസ്തകത്തിന്റെ പേര്. മലയാളത്തിലും ആയിരക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം. 

1975 ജൂണില്‍ അച്ചടി ആരംഭിച്ചു സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍. ടി.കെ.ജി നായരും എം.എസ്.ചന്ദ്രശേഖരവാരിയരും കൂടി മലയാളത്തിലേക്കു മൊഴിമാറ്റിയ പുസ്തകം 1976 ഒക്ടോബറില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. തുടക്കത്തില്‍ പ്രി പബ്ളിക്കേഷന്‍. പിന്നെയും അനേകം പതിപ്പുകള്‍. ഇന്നും മലയാളത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കൃതികളിലൊന്നാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍. 

1947 ലെ നവവത്സരദിനം. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആകാന്‍ ലൂയി മൗണ്ട്ബാറ്റനോട് ബ്രിട്ടിഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ബ്രിട്ടന്റെ ഇന്ത്യാ സാമ്രാജ്യം ഇല്ലാതാക്കുക എന്നതായിരുന്നു ആ വൈസ്രോയിയുടെ കര്‍ത്തവ്യം. 

1948 ഫെബ്രുവരി 13. അലഹാബാദിലെ ത്രിവേണി സംഗമത്തില്‍, ഒരാള്‍ ഒരു വെള്ളിക്കുടത്തിലെ ചിതാഭസ്മം ഒഴുക്കി. ഇന്ത്യയിലെ കോടാനുകോടി മനുഷ്യരുടെ സുഖങ്ങളും യാതനകളും തന്റേതാക്കിമാറ്റിയ, അവരുടെ വിമോചകന്റെ-മഹാത്മാ ഗാന്ധിയുടെ- ചിതാഭസ്മമായിരുന്നു അത്. 

ഈ രണ്ടു തീയതികള്‍ക്കുമിടയില്‍ ഇന്ത്യയും ലോകവും കടന്നുപോയ മാറ്റങ്ങളുടെ ചരിത്രമാണ് ഇതിഹാസമാനങ്ങളുള്ള അഞ്ഞൂറില്‍പ്പരം പേജുകളുള്ള, മൂന്നു വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ തയാറാക്കിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകത്തിലുള്ളത്. 

യോജിക്കുന്നവരും വിയോജിക്കുന്നവരും ഒരുപോലെ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത് എന്ന് ഏകണ്ഠമായി ശുപാര്‍ശ ചെയ്ത ഇതിഹാസം.

Read More  Articles on Malayalam Literature & Books to Read in Malayalam