Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലനേഴിയും അയ്യപ്പനും

അയ്യപ്പനും, മുല്ലനേഴിയും അയ്യപ്പനും, മുല്ലനേഴിയും

നാലുവർഷം മുമ്പ് ഒരു ഒക്ടോബർ. സുഹൃത്തിന്റെ ആഗ്രഹപ്രകാരം മുല്ലനേഴി ഒരു പേപ്പറിൽ നാലുവരി കവിത എഴുതി.

അൽപനേരം നിൽക്കുവാനേ

കെൽപു നമുക്കുള്ളുവെന്നാൽ

അമ്മ തന്നൊരു ജീവിതം

നൻമകൊണ്ടു പുലർത്തണം നാം

പിറ്റേന്ന് മുല്ലനേഴി പങ്കെടുത്തത് ഒരു അനുസ്മരണച്ചടങ്ങിൽ. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ കവി. എ. അയ്യപ്പനു ശ്രദ്ധാഞ്ജലി. സ്വന്തം കവിത ചൊല്ലിയതിനൊപ്പം അയ്യപ്പന്റെ അവസാന കവിതയും ചൊല്ലി മുല്ലനേഴി പുറത്തേക്കിറങ്ങി.

മഴ ചാറുന്നുണ്ടായിരുന്നു. അടുത്ത ദിവസം കണ്ണൂരിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സമ്മേളനം. തിരക്കിട്ടു മുല്ലനേഴി വീട്ടിലേക്കു പോയി. പിറ്റേന്നു രാവിലെ നാടുണർന്നതു മുല്ലനേഴിയുടെ മരണവാർത്തയിലേക്കാണ്.

പിറ്റേവർഷം മുതൽ ഒക്ടോബറിലെ അടുത്തടുത്ത രണ്ടു ദിവസങ്ങൾ മലയാളം പ്രിയപ്പെട്ട രണ്ടു കവികളുടെ ഓർമകൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഒക്ടോബർ 21 ന് അയ്യപ്പന്റെ ഓർമദിവസം. 22 ന് മുല്ലനേഴി.

കവിയും ഗാനരചയിതാവും നടനും കലാ–സാംസ്കാരിക പ്രവർത്തകനുമൊക്കെയായ മുല്ലനേഴി എന്ന നീലകണ്ഠൻ നമ്പൂതിരി ഏറെയിഷ്ടപ്പെട്ട രണ്ടു വാക്കുകളാണ് അമ്മയും നൻമയും. നൻമപ്പൂവ് എന്നു പേരിട്ടെഴുതിയ അവസാന നാലുവരിയിലും ഈ രണ്ടു വാക്കുകൾ ഓർമിച്ചെടുത്ത മുല്ലനേഴി അമ്മയും നൻമയും ഒന്നാണെന്നു പറയാൻ ഒരു പാട്ടു തന്നെ എഴുതി.

അമ്മയും നന്മയും ഒന്നാണ്

ഞങ്ങളും നിങ്ങളും ഒന്നാണ്

അറ്റമില്ലാത്തൊരീ ജീവിത‍

പാതയിൽ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല

ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല !

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചലച്ചിത്രത്തിൽ സത്യൻ അന്തിക്കാട് ഈ പാട്ട് ഉൾപ്പെടുത്തി; കൂടുതൽ ജനങ്ങളിലേക്ക് മുല്ലനേഴി അമ്മയുടെ സ്നേഹവും നൻമയുടെ സന്ദേശവും എത്തിച്ചു.

കേരളചരിത്രത്തിലെ സുവർണഅധ്യായമാണ് സാക്ഷരതാ പ്രസ്ഥാനം. മലയാളികൾ ഒറ്റക്കെട്ടായി നെഞ്ചേറ്റിയ ജനകീയ മുന്നേറ്റം. സാക്ഷരതയെ ജനകീയമാക്കുന്നതിൽ മുല്ലനേഴിയുടെ പാട്ടുകൾക്കും ഒരു വലിയ പങ്കുണ്ട്.

പട്ടിണിയായ മനുഷ്യാ നീ

പുസ്തകം കയ്യിലെടുത്തോളൂ,

പുത്തനൊരായുധമാണു നിനക്കത്

പുസ്തകം കയ്യിലെടുത്തോളൂ....

ഒരു നാടകത്തിനുവേണ്ടി മുല്ലനേഴി എഴുതിയ വരികൾ പിന്നീടു സാക്ഷരതാപ്രവർത്തകർ തെരുവുകളെ ഉണർത്താൻവേണ്ടി അവതരിപ്പിച്ച കലാജാഥകളിൽ ഉൾപ്പെടുത്തി. എന്തിന്നധീരത / ഇപ്പോൾ തുടങ്ങുവിൻ / എല്ലാം നിങ്ങൾ പഠിക്കേണം / തയ്യാറാകണമിപ്പോൾതന്നെ/ ആജ്ഞാശക്തിയായ് / മാറീടാൻ ...എന്ന വരികൾ അക്ഷരം പഠിക്കാൻ അവസരമില്ലാതെപോയ ആയിരങ്ങളെ അറിവിന്റെ പുതിയ പ്രഭാതത്തിലേക്കു കൈപിടിച്ചു നടത്തി.

കേരളം സമ്പൂർണ സാക്ഷരത നേടിയ വിജയം പ്രഖ്യാപിച്ച വേദിയിലും മുല്ലനേഴി ഉണ്ടായിരുന്നു. അന്നും അദ്ദേഹം പാടിയത് അക്ഷരപ്പാട്ടാണ്.അക്ഷരം തൊട്ടുതുടങ്ങാം / നമുക്കിനി ആകാശം വീണ്ടുകിട്ടാൻ / ഇന്നലെയോളം കണ്ട കിനാവുകൾ / ഈ ജൻമം തന്നെ നേടാൻ...

നാട്ടുമുല്ലയുടെ നിറസുഗന്ധവും വെൺയുടെ വിശുദ്ധിയും പുലർത്തിയ കവിതകളിലൂടെയും പാട്ടുകളിലൂടെയും മലയാളത്തിന്റെ ഹൃദയം കവർന്നു മുല്ലനേഴി. കവി. എ. അയ്യപ്പൻ മുല്ലനേഴിയുടെ സുഹൃത്തായിരുന്നു.

അയ്യപ്പന്റെ ഓർമകൾ മഴയായി പെയ്ത സായാഹ്നത്തിൽ സുഹൃത്തിനെ അനുസ്മരിച്ചു കവിത ചൊല്ലി മുല്ലനേഴി വീട്ടിലേക്കു പോയെങ്കിൽ അയ്യപ്പൻ ജീവിച്ചിരുന്നപ്പോൾ വീടും നാടും ഉപേക്ഷിച്ചു തെരുവിലേക്കിറങ്ങി. നാടും വീടും ഇല്ലായിരുന്നെന്നു മാത്രമല്ല സ്വന്തമായി ഒരു മുറി പോലുമില്ലായിരുന്നു അയ്യപ്പന്. ‘സ്വന്തം മുറിയില്ലാത്ത കവി’ എന്ന കവിതയിൽ അയ്യപ്പൻ എഴുതി:

സത്രത്തിലിരുന്നും അലഞ്ഞു തിരിഞ്ഞ് അത്താണി ചാരിയിരുന്നും

സുഹൃത്തിന്റെ മുറിയിൽ അവന്റെ ഉറക്കം കെടുത്തിയും

റെയിൽവേസ്റ്റേഷനുകളിൽ ചിലപ്പോൾ സെൻട്രൽ ലൈബ്രറിയിലെ

കല്ലിൽവച്ചും കുറിച്ചിട്ടുള്ളതാണ് എന്റെ കവിതകൾ.

സ്കൂളിൽ പഠിക്കുന്ന നാളുകളിലേ അയ്യപ്പൻ കവിതയെഴുതിത്തുടങ്ങി. ആദ്യകവിതകൾക്കൊപ്പം സ്വന്തം പേരിനു പകരം ‘സരസ്വതി’ എന്ന തൂലികാനാമം ചേർത്തു. അയ്യപ്പൻ എന്നു പേരു കേട്ടാൽ മറ്റുള്ളവർ എന്തുകരുതുമെന്ന സംശയംകൊണ്ടാണങ്ങനെ ചെയ്തത്.

പിന്നീടു കവിതകൾക്കൊപ്പം സ്വന്തം പേരുതന്നെ ധൈര്യമായി ചേർത്തു. മലയാളം അയ്യപ്പനെ തിരിച്ചറിഞ്ഞു. എങ്കിലും പതിവുജീവിതത്തിന്റെ ചിട്ടകൾക്കും ക്രമങ്ങൾക്കും അയ്യപ്പൻ നിന്നുകൊടുത്തില്ല.

തെരുവിലൂടെ അലഞ്ഞും സുഹൃത്തുക്കൾക്കൊപ്പം അന്തിയുറങ്ങിയും അയ്യപ്പൻ കവിത എഴുതിയും ചൊല്ലിയും ജീവിച്ചു. ഒടുവിൽ തെരുവിൽത്തന്നെ അയ്യപ്പൻ വീണു. അജ്ഞാത മൃതദേഹമായി അയ്യപ്പൻ സംസ്കരിക്കപ്പെട്ടില്ല. കവിയെ തിരിച്ചറിഞ്ഞു.

അവസാനശ്വാസം വരെ കവിത കൂടെയുണ്ടായിരുന്നു എന്നു പലരേക്കുറിച്ചും പറയുമെങ്കിലും അയ്യപ്പന്റെ കാര്യത്തിൽമാത്രം അത് അക്ഷരാർത്ഥത്തിൽ ശരിയായി. ഷർട്ടിന്റെ മടക്കിവച്ച കയ്യിൽ അയ്യപ്പൻ അവസാനം എഴുതിയ കവിതയുണ്ടായിരുന്നു.

സ്വന്തം കവിതകൾ പരിപൂർണമാണെന്ന അഹങ്കാരമൊന്നും അയ്യപ്പനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം എഴുതി:

ഈ കടലാസിന്റെ കവിതയില്ലാത്ത മാർജിനുകളിൽ

നിങ്ങളുടെ പൂരണങ്ങൾ ഞാൻ ആഗ്രഹിക്കുന്നു.